നിന്നോർമകളിൽ പാടുന്നു, ഓരോ ഹൃദയമിടിപ്പും...
text_fields‘ആയേ തും യാദ് മുഛെ, ഗാനേ ലഗി ഹർ ദഡ്കൻ...’ തെൻറ മരണവാർത്ത കേൾക്കുേമ്പാൾ, മറന്നുപോയവരും തന്നെ ഓർത്തുപാടാനാകണം, ഒരുപക്ഷേ നാലര പതിറ്റാണ്ട് മുമ്പ് ‘മിലി’യിൽ യോഗേഷ് ഗൗർ ഈ വരികളെഴുതിയത് -‘നിന്നോർമകൾ വന്നുനിറഞ്ഞെന്നിൽ, പാടിത്തുടങ്ങി ഒാരോ ഹൃദയമിടിപ്പും...’. അങ്ങനെ ഓർത്തോർത്തു പാടാൻ എത്രയെത്ര സുവർണഗീതികൾ. മുകേഷ് അനശ്വരമാക്കിയ ‘കഹി ദൂർ ജബ് ദിൻ ഡൽ ജായേ’, മന്നാഡേ ഭാവതീവ്രമാക്കിയ ‘സിന്ദഗി കൈസി ഹേ പെഹേലി’ (ചിത്രം-ആനന്ദ്), ലത മങ്കേഷ്കറിെൻറ സ്വരത്തിൽ അമിതാഭ് ബച്ചനും മൗഷുമി ചാറ്റർജിയും പ്രണയമഴ നനയുന്ന ‘റിം ഝിം ഗിരേ സാവൻ’ (ചിത്രം-മൻസിൽ), യേശുദാസ് പ്രസരിപ്പ് പരത്തിയ ‘ജാനേമൻ ജാനേമൻ തേരേ ദോ നയൻ’ (ചോട്ടി സീ ബാത്ത്), പതിത മനസ്സിെൻറ വേദനയിൽ കിഷോർ കുമാർ പാടുന്ന ‘കഹാ തക് യേ മൻ കോ അന്ധേര ചലേഗ’ (ചിത്രം-ബാതോം ബാതോം മേം) അങ്ങനെ എത്രയെത്ര.
കഴിഞ്ഞയാഴ്ച 77ാം വയസ്സിൽ മുംബൈ വാൈസ റോഡിലുള്ള സുഹൃത്ത് സത്യേന്ദ്രയുടെ വീട്ടിൽവെച്ച് ആ തൂലിക നിശ്ചലമായെങ്കിലും യോഗേഷ് ‘ആനന്ദി’ൽ എഴുതിയപോലെ ‘കനവുകളുടെ തിരുമുറ്റത്ത്, സ്വപ്നച്ചെരാതുകളായി തെളിഞ്ഞ്’ ആ വരികൾ ആസ്വാദക ഹൃദയങ്ങളിൽ എന്നുമെന്നും അലയടിക്കും. സഖി റോബിൻ, രജനിഗന്ധ, മൻസിലേം ഓർ ഭി ഹെ, ആജാ മേരി ജാൻ, അനോഘ ദാൻ, ആനന്ദ് മഹൽ, പ്രിയതമ, ഹമാരേ തുമാരേ, പസന്ദ് അപ്നി അപ്നി, ഹണിമൂൺ, ബേവഫ സനം തുടങ്ങി 55ലധികം സിനിമകളെ ഹൃദയസ്പർശിയായ വരികൾകൊണ്ട് സമ്പന്നമാക്കിയ യോഗേഷ് 2017ലിറങ്ങിയ ‘അംഗ്രേസി മേം കെഹ്തേ ഹെ’ക്കുവേണ്ടിയാണ് അവസാനമായി തൂലിക ചലിപ്പിച്ചത്.
ആദ്യപ്രതിഫലം 25 രൂപ
ഉർദുവിെൻറ കാൽപനികഭംഗിയിൽനിന്ന് ഹിന്ദിയുടെ ലളിതസൗന്ദര്യത്തിലേക്ക് സിനിമാഗാനങ്ങളെ കൊണ്ടെത്തിച്ചതിൽ യോഗേഷ് ഗൗർ വഹിച്ച പങ്ക് ചെറുതല്ല. 1960ൽ 17ാം വയസ്സിൽ ഭാഗ്യപരീക്ഷണത്തിനായി ലഖ്നോയിൽനിന്ന് ബോംബെയിലെത്തി പ്രതീക്ഷയോടെ നിരവധി വാതിലുകൾക്ക് മുന്നിലാണ് യോഗേഷ് അവസരം കാത്തുനിന്നത്. ഒരു വാതിലും തുറന്നില്ല. അനിശ്ചിതത്വത്തിെൻറ ആ കാലങ്ങളെല്ലാം പിന്നീടുള്ള ഗാനരചനകളിൽ പ്രതിഫലിക്കുകയും ചെയ്തു.
ഇൻറർമീഡിയറ്റിനുശേഷം ഷോർട്ട് ഹാൻഡും ടൈപ്പിങ്ങുമെന്ന അന്നത്തെ അധിക യോഗ്യതകളുടെ ആത്മവിശ്വാസവുമായാണ് യോഗേഷ് ബോംബെയിലെത്തുന്നത്. പി.ഡബ്ല്യൂ.ഡിയിൽ എൻജിനീയറായിരുന്ന പിതാവിെൻറ അകാലത്തിലുള്ള വേർപാടായിരുന്നു ഈ പറിച്ചുനടലിന് പിന്നിൽ. ബ്രിട്ടീഷുകാർ പാട്ടം നൽകിയ സ്ഥലത്ത് പിതാവ് കെട്ടിപ്പൊക്കിയ ബംഗ്ലാവ് മാത്രമായിരുന്നു കുടുംബത്തിെൻറ ഏക സമ്പാദ്യം. അവിചാരിതമായി ഹൃദയാഘാതം വന്ന് പിതാവ് മരിച്ചതോടെ അമ്മയുടെയും രണ്ട് െപങ്ങന്മാരുടെയും സംരക്ഷണ ചുമതല യോേഗഷിെൻറ ചുമലിലായി. ലഖ്നോവിൽ ജോലിയൊന്നും ലഭിക്കാതായപ്പോൾ ബംഗ്ലാവിെൻറ ഒരു ഭാഗം വാടകക്ക് നൽകിയാണ് കുടുംബം കഴിഞ്ഞുകൂടിയത്.
പിന്നീടാണ് അമ്മായിയുടെ മകനും തിരക്കഥാകൃത്തുമായ വ്രജേന്ദ്ര ഗൗർ (ഘട്ടി പതംഗ്, അനുരാഗ്, ചൈനാ ടൗൺ എന്നിവയുടെ രചയിതാവ്) സഹായിക്കുമെന്ന വിശ്വാസത്തിൽ ബോംബെയിലേക്ക് വണ്ടി കയറിയത്. സത്തു എന്ന് വിളിപ്പേരുള്ള സുഹൃത്ത് സത്യപ്രകാശ് തിവാരിയും ഒപ്പംകൂടി. വ്രജേന്ദ്രയുടെ അടുത്ത് ഇരുവരും എത്തിയെങ്കിലും സ്വന്തം കുടുംബക്കാരനായ ലല്ലയെയും (യോഗേഷിെൻറ വിളിപ്പേര്) സുഹൃത്തിനെയും സഹായിക്കാൻ അദ്ദേഹം തയാറായില്ല. ഇത് യോഗേഷിെൻറ മനസ്സിലേൽപിച്ച മുറിവ് ഉണങ്ങിയതുമില്ല. സിനിമകളിൽ പാട്ടെഴുതിത്തുടങ്ങിയപ്പോൾ പേരിനൊപ്പം ഗൗർ എന്ന് ചേർക്കാതെ വ്രജേന്ദ്രയുമായുള്ള ‘ബന്ധം’ യോഗേഷ് അവസാനിപ്പിക്കുകയും ചെയ്തു.
നിസ്സഹായതയുടെ ആദ്യകാല ബോംബെ ജീവിതമാണ് യോഗേഷിലെ കവിയെ പുറത്തുകൊണ്ടുവന്നതെന്ന് പറയാം. 12 രൂപ വാടകക്ക്, പാഴ്സി പഞ്ചായത്ത് ഏരിയ എന്നറിയപ്പെട്ടിരുന്ന മലമ്പ്രദേശത്തെ ഛാളിലാണ് യോഗേഷും സത്തുവും താമസിച്ചിരുന്നത്. യോഗേഷിെൻറ കവിതകൾ കണ്ട സത്തു സിനിമയിൽ അവസരം തേടാൻ സുഹൃത്തിെന പ്രേരിപ്പിക്കുകയായിരുന്നു. ഇരുവർക്കും ചെലവിനുള്ള വക താൻ കണ്ടെത്താമെന്നും യോഗേഷ് സിനിമയിൽ എഴുതാനുള്ള പരിശ്രമം തുടരാനുമാണ് സത്തു പറഞ്ഞത്. പാട്ടുകളെഴുതിയ ഡയറിയുമായി സംഗീതസംവിധായകരുടെ വീടുകൾ തോറുമുള്ള യോഗേഷിെൻറ യാത്ര തുടങ്ങിയത് അന്നാണ്.
അതിനിടെ, ഓഷിവാരയിലെ ഛാളിലേക്ക് താമസം മാറ്റിയപ്പോഴാണ് അയൽവാസിയായ ഗുൽഷൻ കുമാർ മെഹ്തയെ പരിചയപ്പെടുന്നത്. അന്ന് റെയിൽവേയിൽ ഗുഡ്സ് ക്ലർക്കായിരുന്ന ഗുൽഷനും ഹിന്ദി സിനിമയിൽ അവസരം തേടി നടക്കുകയായിരുന്നു. ഭാഗ്യാന്വേഷണം പിന്നീട് ഇരുവരും ഒരുമിച്ചായി. ഈ യാത്രയിൽ അവർ നടൻ ദേവാനന്ദുമായി അടുത്തബന്ധമുണ്ടായിരുന്ന ഭഗവാൻ സിൻഹ എന്നൊരു സ്വഭാവനടനെ പരിചയപ്പെട്ടു. അയാൾ വഴി റോബിൻ ബാനർജി എന്ന സംഗീത സംവിധായകനിലേക്കും എത്തിപ്പെട്ടു. 1962ൽ പുറത്തിറങ്ങിയ ‘സഖി റോബിൻ’ എന്ന ചിത്രത്തിന് പാട്ടെഴുതാനുള്ള ചുമതല റോബിൻ ബാനർജി യോഗേഷിനെ ഏൽപിച്ചു. ആദ്യ ചിത്രത്തിലെ ആറ് പാട്ടുകൾക്ക് 25 രൂപയാണ് യോഗേഷിന് പ്രതിഫലം ലഭിച്ചത്. ഗുൽഷൻ കുമാർ മെഹ്ത പിന്നീട് ഗുൽഷൻ ബാവ്റ എന്ന പേരിൽ ‘ഉപ്കാറി’ലെ ‘മേരി ദേശ് കി ധർത്തി’ അടക്കം നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളെഴുതി.
രാജ്കപൂറിെൻറ സെക്യൂരിറ്റി ‘ഇല്ലാതാക്കിയ’ ഹിറ്റുകൾ
യോഗേഷിെൻറ തൂലികയിൽനിന്ന് ആദ്യം പിറന്ന ഗാനംതന്നെ ഹിറ്റായിരുന്നു. മന്നാഡെ, സുമൻ കല്യാൺപുർ എന്നിവർ ചേർന്ന് പാടിയ ‘തും ജോ ആവോ തോ പ്യാർ ആ ജായേ’ എന്ന യുഗ്മഗാനം. ബി.ജെ. പട്ടേൽ സംവിധാനം ചെയ്ത് രാജൻ കപൂർ, നിലോഫർ എന്നിവർ അഭിനയിച്ച ‘സഖി റോബിൻ’ ഹിറ്റായില്ലെങ്കിലും ‘തും ജോ ആവോ’ റേഡിയോ സിലോണിെൻറ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. പടം ഹിറ്റാകാഞ്ഞതിനാൽ കുഞ്ഞുചിത്രങ്ങളാണ് പിന്നീട് യോഗേഷിനെ തേടിയെത്തിയത്. ഹിന്ദി സിനിമാഗാന ലോകത്ത് യോഗേഷിനെ അടയാളപ്പെടുത്തുന്ന ഗാനങ്ങൾ പിറക്കാൻ പിന്നെയും ഒമ്പതു വർഷമെടുത്തു. ‘ആനന്ദി’ലെ അപൂർവ സുന്ദര ഗാനങ്ങൾ (കഹി ദൂർ ജബ് ദിൻ ഡൽ ജായേ, സിന്ദഗി കൈസി ഹേ പെഹേലി) യോഗേഷിനെ ഋഷികേഷ് മുഖർജിയുടെയും ബസു ചാറ്റർജിയുടെയുമൊക്കെ പ്രിയങ്കരനാക്കി. കണ്ടുമുട്ടുേമ്പാളെല്ലാം ‘ആനന്ദി’ലെ ഗാനങ്ങൾ പാടി അമ്പരപ്പെടുത്തുന്ന ഒരു ആരാധകനുണ്ടായിരുന്നു യോഗേഷിന്. സാക്ഷാൽ ജാവേദ് അക്തർ. യോഗേഷിനെതന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്ന ആരാധനയായിരുന്നു അത്.
യോഗേഷിെൻറ പാട്ടുകൾ വിലയിരുത്തിയാൽ സാധാരണക്കാരുടെ മനോവിചാരങ്ങൾ പാട്ടുകളിലൂടെ പകരാൻ കഴിഞ്ഞതാണ് അവയുടെ പ്രത്യേകതയെന്നു കാണാം. ഭാഷയുടെ ലാളിത്യത്തിെൻറയും ആശയത്തിെൻറ ഗഹനതയുടെയും സമന്വയം യോഗേഷിെൻറ രചനകളിൽ കണ്ടെത്താനാകും. ‘ദൈനംദിന ജീവിതത്തിൽനിന്ന്, ചുറ്റുമുള്ള മനുഷ്യരിൽനിന്നാണ് ഞാൻ കവിതകൾ കണ്ടെത്തിയിരുന്നത്. അവരുടെ ഇടയിൽ ജീവിച്ച് അതൊക്കെ കാണാതിരുന്നാൽ, ദൂരേക്കുപോയാൽ എങ്ങനെയാണ് നീതികരിക്കാനാകുക?’ - ഇതേക്കുറിച്ച് ഒരിക്കൽ യോഗേഷ് പറഞ്ഞതിതാണ്.
‘‘കൊഴിഞ്ഞുവീഴുന്ന ഒരു പക്ഷിത്തൂവലിെൻറ മൃദുലതയാണ് അദ്ദേഹത്തിെൻറ രചനകൾക്ക്. എത്ര ബുദ്ധിമുട്ടുള്ള ഈണങ്ങൾക്കും ലളിതമായ വരികളെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ പാട്ടുകൾ കേട്ട് വളർന്നവർ പോലും പിന്നീട് അദ്ദേഹത്തെ മറന്നതും ഖേദകരമാണ്. ബോളിവുഡിൽ നിലനിൽക്കാനാവശ്യമായ ‘പി.ആർ കഴിവുകൾ’ അദ്ദേഹത്തിനില്ലായിരുന്നു. ഈ ക്രൂര നഗരമാകട്ടെ, തെൻറ രീതികൾക്ക് യോജിക്കാത്ത അദ്ദേഹത്തെ മനഃപൂർവം മായ്ച്ചുകളയുകയും ചെയ്തു’’ -ഗാനരചയിതാവ് വരുൺ ഗ്രോവർ പറയുന്നു.
‘ആനന്ദി’ലെ മെഗാഹിറ്റ് ഗാനങ്ങൾക്കുശേഷം അന്നത്തെ സൂപ്പർതാരം രാജ്കപൂർ യോഗേഷിനെ നേരിൽ കാണാൻ ക്ഷണിച്ചിരുന്നു. പക്ഷേ, മൂന്ന് തവണ രാജ് കപൂറിെൻറ ബംഗ്ലാവിലെത്തിയെങ്കിലും ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് യോഗേഷിനെ കയറ്റിവിട്ടില്ല. അന്തർമുഖനും അഭിമാനിയുമായ യോഗേഷ് താനാരാണെന്ന് വെളിപ്പെടുത്താതെ തിരികെ പോവുകയും ചെയ്തു. ഒരുപക്ഷേ, പുതിയ ചിത്രത്തിൽ പാട്ടെഴുതിക്കാനായിരിക്കാം രാജ് കപൂർ അദ്ദേഹത്തെ വിളിപ്പിച്ചത്. അങ്ങനെയെങ്കിൽ ഗാനരചയിതാവ് എന്ന നിലയിൽ ഒരുപാട് ഉയരങ്ങളിലേക്കുള്ള യാത്രയെ കൂടിയാണ് അന്ന് സെക്യൂരിറ്റി തടഞ്ഞത്. കഴിവുണ്ടായിട്ടും അത് തെളിയിച്ചിട്ടും യോഗേഷ് ‘പിന്നണി’യിലേക്ക് തള്ളപ്പെട്ടതെന്തുകൊണ്ടാണ്? അതിെൻറ ഉത്തരം അദ്ദേഹം തന്നെ എഴുതിയിട്ടുമുണ്ട്- ‘ജീവിതം, ഇതെന്തൊരു പ്രഹേളികയാണ്. ചിലപ്പോഴത് ചിരിപ്പിക്കും, മറ്റു ചിലപ്പോൾ കരയിക്കും’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.