വഴിയമ്പലത്തിലെ വാനമ്പാടി  

“അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം അന്ന്
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം അന്ന്
നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം”

1964-ൽ പുറത്തുവന്ന ‘റോസി’ എന്ന പി.എൻ. മേനോൻ ചിത്രത്തിൽ യേശുദാസ് പാടി അനശ്വരമാക്കിയ ഗാനം. ഭാസ്കരൻ മാഷുടെ അനുരാഗക്കരിക്കിൻ വെള്ളം എന്ന പ്രയോഗം കൗമാരത്തിലോ യൗവനാരംഭത്തിലോ പ്രണയത്തിന്‍റെ ഇളനീർ മധുരം നുണഞ്ഞവർക്കാർക്കും മറക്കാൻ കഴിയില്ല. മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. വളരെ കൂടുതൽ ഒന്നുമില്ലെങ്കിലും വേറെയും നല്ല പാട്ടുകൾ ചെയ്ത ജോബ് മാസ്റ്റർ എന്നും അറിയപ്പെടുന്നത് ഈ ഒരു പാട്ടിന്‍റെ പേരിലാണ്. ഗായകൻ യേശുദാസ് മലയാളികളുടെ ഇഷ്ടഗായകനായി മാറുന്നതിൽ ഈ പാട്ട് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. 

എന്നാൽ ഈ പാട്ട് ഒരാൾക്ക് കൈവിട്ടുപോയ അവസരത്തിന്‍റെ ദു:ഖം സമ്മാനിച്ചു. ഗായകൻ കെ. പി. ഉദയഭാനുവിന്. ജോബ് മാസ്റ്റർ ഈ ഗാനം ചെയ്യുമ്പോൾ ഗായകനായി മനസിൽ ഉണ്ടായിരുന്നത് ഉദയഭാനുവായിരുന്നു. എന്നാൽ റെക്കോർഡിങ് സമയത്ത് ഉദയഭാനുവിന് എന്തോ അസുഖം വന്ന് പാടാൻ കഴിയുന്നില്ല. അങ്ങനെയാണ് താരമ്യേന പുതുമുഖമായ യേശുദാസ് അല്ലിയാമ്പൽ പാടുന്നത്. ഈ പാട്ട് ഉദയഭാനുവിന്‍റെ ശബ്ദത്തിലാണ് പുറത്തുവന്നിരുന്നതെങ്കിൽ... 

ഉദയഭാനുവിന്‍റെ നിർഭാഗ്യങ്ങൾ ഇതിനുമുമ്പേ തുടങ്ങിയിരുന്നു. 1960-ൽ പുറത്തിറങ്ങിയ ‘ഉമ്മ’ എന്ന സിനിമയിൽ ഭാസ്കരൻ മാഷ് രചിച്ച് ബാബുരാജ് ഈണമിട്ട ‘പാലാണ് തേനാണെൻ ഖൽബിലെ പൈങ്കിളിക്ക്’ എന്ന ഗാനം പഠിച്ച് പാടാൻ തയാറായി സ്റ്റുഡിയോവിലെത്തിയ ഉദയഭാനുവിനെ കാത്തിരുന്ന ദൗത്യം പുതിയ ഗായകന് പാട്ട് പഠിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു. എ.എം രാജ പാടിയ ആ ഗാനം വലിയ ജനപ്രീതി നേടി. 

അക്കാലത്തെ മറ്റു പല കലാകാരന്മാരേയും പോലെ സമൂഹത്തിന്‍റെ താഴേ തട്ടിൽ നിന്ന് വന്നയാളല്ല ഉദയഭാനു. പാലക്കാട്ടെ തരൂർ ഗ്രാമത്തിലെ കിഴക്കേ പൊറ്റ തറവാട്ടിലെ അംഗം. പിതാമഹന്മാർ രാജകുടുംബാംഗങ്ങൾ. സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി സ്ഥാപകനുമായ കെ. പി. കേശവമേനോന്‍റെ മരുമകൻ. പക്ഷേ അദ്ദേഹം തെരഞ്ഞെടുത്തത് സംഗീതത്തിന്റെ വഴി. അവിടെയാകട്ടെ അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കിട്ടിയതുമില്ല. 

1958-ൽ ‘നായര് പിടിച്ച പുലിവാൽ’ എന്ന സിനിമയിൽ രാഘവൻ മാഷാണ് ഉദയഭാനുവിനെ ആദ്യമായി പരിചയപ്പെടുത്തുന്നത്. ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ’ എന്ന പാട്ടും ‘വെളുത്ത പെണ്ണേ’ എന്ന യുഗ്മഗാനം പി. ലീലയോടൊന്നിച്ചും. 1962-ൽ കാൽപാടുകൾ എന്ന സിനിമയിൽ യേശുദാസ് ആദ്യമായി പാടിയെങ്കിലും ആ സിനിമയിലും പ്രധാന ഗായകൻ ഉദയഭാനു തന്നെയായിരുന്നു. 1962-ൽ തന്നെ എം.ബി. ശ്രീനിവാസൻ ചെയ്ത ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന സിനിമയിലും ഗായകൻ ഉദയഭാനു തന്നെ. പി. ലീലയോടൊപ്പം പാടിയ ‘താമര തുമ്പീ വാ വാ’ എന്ന സുന്ദര ഗാനം ഈ സിനിമയിലാണ്.

1962-ൽ പാടിത്തുടങ്ങിയ യേശുദാസിനേക്കാൾ പടിപ്പതിഞ്ഞ ഗായകനായിരുന്നു അന്ന് ഉദയഭാനു. ജോബ് മാസ്റ്റർ ഉദയഭാനുവിനെ മനസ്സിൽ കാണാൻ ഇത് തന്നെയായിരിക്കണം കാരണം. അദ്ദേഹം ഓരോ പാട്ടിനും കൊടുക്കുന്ന പ്രത്യേക ഫീൽ ജോബ് മാസ്റ്റർ ശ്രദ്ധിച്ചിരിക്കാനും സാധ്യതയുണ്ട്. അന്നൊക്കെ സിനിമാ സംഗീത സംവിധായകർ ചെയ്യുന്ന പാട്ടുകൾക്ക് വേണ്ട ഭാവത്തിന് പ്രാധാന്യം കൊടുത്തിരുന്നു. പിന്നീടാണ് ആലാപനത്തിന്‍റെ സാങ്കേതികതികവ് ഭാവാത്മകതയെ കടന്ന് മുന്നോട്ട് പോയത്.   

1962 ഉദയഭാനു നിറഞ്ഞുനിന്ന വർഷമായിരുന്നു. ദക്ഷിണാമൂർത്തി സംഗീതം കൊടുത്ത വേലുത്തമ്പി ദളവ എന്ന ചിത്രത്തിൽ പ്രധാന ഗായകൻ ഉദയഭാനു തന്നെ. അതിൽ ‘വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും’ എന്ന തമാശപ്പാട്ട് എ. പി. കോമളയോടൊപ്പം പാടിയത് ഉദയഭാനുവായിരുന്നു.  അതേ വർഷം തന്നെയാണ് ലൈല മജ്നു എന്ന ചിത്രം പുറത്തുവരുന്നത്. സംഗീതം എം. എസ്. ബാബുരാജ്. നാലു പാട്ടുകളിൽ ഉദയഭാനുവിന്‍റെ ശബ്ദമുണ്ടായിരുന്നു. ‘ചുടുകണ്ണീരാലെൻ’ എന്ന തീവ്ര വിഷാദ ഗാനവും പി. ലീലയുമൊത്ത് ‘താരമേ താരമേ’ എന്ന  പ്രണയഗാനവും ഈ സിനിമയിലായിരുന്നു. ബാബുരാജിന്റെ യുഗ്മ ഗാനങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ‘താരമേ താരമേ’ എന്ന ഗാനം. അതേവർഷം തന്നെ ‘പാലാട്ട് കോമൻ’ എന്ന ചിത്രത്തിൽ ബാബുരാജ് ചെയ്ത ‘മനസ്സിനകത്തൊരു പെണ്ണ്’ എന്ന പാട്ട്.

1963-ലാണ് ഉദയഭാനുവിന്‍റെ ഏറ്റവും നല്ല ഗാനം എന്ന് വിളിക്കാവുന്ന ‘അനുരാഗ നാടകത്തിൻ’ എന്ന ഗാനം ബാബുരാജിന്റെ സംഗീതത്തിൽ പുറത്തുവരുന്നത്. അതേവർഷം തന്നെ ഭാസ്കരൻ മാഷ് എഴുതി രാഘവൻ മാഷ് സംഗീതം കൊടുത്ത ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലെ ‘പെണ്ണായിപ്പിറന്നെങ്കിൽ’ എന്ന പാട്ട്. 1964-ൽ വയലാർ ദേവരാജൻ ടീമിന്റെ ‘എവിടെ നിന്നോ എവിടെ നിന്നോ’ എന്ന പാട്ട് ‘കളഞ്ഞുകിട്ടിയ തങ്കം’ എന്ന ചിത്രത്തിൽ.

ഈ പാട്ടുകൾ ശ്രദ്ധിച്ച് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് ആ ഗായകന്‍റെ ശബ്ദത്തിലും ആലാപനത്തിലുമുള്ള വൈവിധ്യം തന്നെയാണ്. ഓരോ പാട്ടിനും വേണ്ട പ്രത്യേക ഫീൽ അതനുസരിച്ച് ശബ്ദത്തിൽ വരുത്തുന്ന വ്യതിയാനം, നിയന്ത്രണം ഒക്കെ മറ്റൊരു ഗായകനും സാധിക്കാത്ത കാര്യമാണ്, ചുരുങ്ങിയ പക്ഷം മലയാളത്തിലെങ്കിലും.

‘അനുരാഗ നാടകത്തിൻ’, ‘ചുടുകണ്ണീരാലെൻ’ എന്നിവ തീവ്ര വിഷാദ ഗാനങ്ങളാണ്. ‘താമര തുമ്പീ വാ വാ’, ‘താരമേ താരമേ’ എന്നീ പാട്ടുകൾ പ്രണയഗാനങ്ങൾ. ‘പെണ്ണായിപ്പിറന്നെങ്കിൽ’, ‘എവിടെ നിന്നോ എവിടെ നിന്നോ’, പൊൻവളയില്ലെങ്കിലും‘ എന്നീ പാട്ടുകൾ ഇത്തിരി തത്വചിന്താപരം. ഉദയഭാനു പാടുമ്പോൾ ഇവ തമ്മിൽ ആലാപനത്തിലുള്ള വ്യത്യാസം അനുഭവിച്ചറിയേണ്ടതു തന്നെയാണ്.  ’കടത്തുകാരനിലെ‘ ’പാവക്കുട്ടീ പാവാടക്കുട്ടീ‘ എന്ന പാട്ടും ’മായാവിയിലെ‘ ’വളകിലുക്കും വാനമ്പാടി‘ എന്ന പാട്ടുകളും പാടുമ്പോൾ ശബ്ദം നേർപ്പിച്ച് ഒരു കൗമാരക്കാരന്റേതുപോലെ തീർത്തും മധുരതരമാക്കുന്നുണ്ട് ഈ ഗായകൻ. ആദ്യമായി പാടിയ ’എന്തിനിത്ര പഞ്ചസാര‘, ’വിരലൊന്നില്ലെങ്കിലും‘, ’മനസ്സിനകത്തൊരു പെണ്ണ്‘ എന്നീ തമാശപ്പാട്ടുകൾ പാടുമ്പോൾ വേറൊരു ശൈലി. മലയാളത്തിൽ മറ്റേതൊരു ഗായകനുണ്ട് ഇത്ര വൈവിധ്യം?

1967-ൽ പുറത്തുവന്ന ’രമണൻ‘ എന്ന സിനിമയിൽ പുരുഷ ശബ്ദമായി ഉണ്ടായിരുന്നത് ഉദയഭാനു ആയിരുന്നു. ഒരു പാട്ട് മാത്രം പി. ബി. ശ്രീനിവാസ് പാടി. ആറുപാട്ടുകളിലും ഉദയഭാനു. ’കാനനഛായയിൽ‘ എന്ന പാട്ടിൽ നിന്നെത്ര വ്യത്യസ്ഥമാണ് ’ചപലവ്യാമോഹങ്ങൾ‘ ’വെള്ളിനക്ഷത്രമേ‘ എന്നീ പാട്ടുകൾ. എന്തു കാര്യം. 1968-ൽ ചില പാട്ടുകൾ പാടിയതൊഴിച്ചാൽ പിന്നെ നീണ്ട കാലം മലയാള സിനിമയിൽ നിന്നാരും ആ അനുഗൃഹീത ഗായകനെ തേടിച്ചെന്നില്ല.

ഇക്കാലത്ത് ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന പരിപാടിയുമായി നാടുനീളെ പാടിക്കൊണ്ട് അലയൗകയായിരുന്നു, ഉദയഭാനു. ഉള്ളിൽ നിറയെ സംഗീതമുള്ള അദ്ദേഹത്തിന് പാട്ടിൽ നിന്ന് മാറിയാൽ ജീവിതമേ ഇല്ലായിരുന്നു. 2009-ൽ പത്മശ്രീ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തോട് ഒരു കരുണയും കാണിച്ചില്ല.   

2000-ൽ ‘കണ്ണാടിക്കടവത്ത്’ എന്ന സിനിമയിൽ കൈതപ്രം രചിച്ച് ബാലഭാസ്കർ ഈണമിട്ട ഒരു പാട്ട് ഉദയഭാനു പാടി. ‘ഒന്നുദിച്ചാൽ അന്തിയുണ്ടേ’ എന്ന ഗാനം. അതുപോലെ 2010-ൽ ‘തന്തോന്നി’ എന്ന ചിത്രത്തിൽ ടി. എ. ഷാഹിദ് എഴുതി തേജ് മെർവിൻ ഈണമിട്ട ‘കാറ്റ് പറഞ്ഞതും കടല് പറഞ്ഞതും’ എന്ന ഗാനം. ഈ രണ്ട് പാട്ടുകളും ഒരു കാര്യം തെളിയിക്കുന്നു, ഇത്ര വർഷങ്ങൾക്കുശേഷവും ഉദയഭാനുവിന്റെ ശബ്ദത്തിനോ ആലാപനത്തിനോ ഒരു പോരായ്മയും സംഭവിച്ചിരുന്നില്ല എന്ന്. പക്ഷേ നമ്മുടെ സിനിമാലോകത്തിന് ഇത്രരം ഭാവതീവ്രമായ അലാപനം ആവശ്യമില്ലായിരുന്നു.

പാട്ടുകൾ ആവശ്യപ്പെടുന്ന മൂഡിനനുസരിച്ച പ്രത്യേക ശബ്ദവിന്യാസം ആലാപനത്തിൽ വരുത്തേണ്ടുന്ന മാറ്റം ഒക്കെ ആവശ്യമില്ലാത്തവിധം ഒരു പൊതു ശൈലി 1970 കളോടെ മലയാളസിനിമയിൽ നിലവിൽ വന്നിരുന്നു. അതുകൊണ്ടുകൂടിയാവണം വ്യത്യസ്ഥ ശബ്ദവും ആലാപനവുമുള്ള ഗായകർ ബഹിഷ്കൃതരായത്.  അതിൽ ഉദയഭാനുവും പെട്ടു. 

1976-ൽ ‘സമസ്യ’ എന്ന ചിത്രത്തിന് ശ്യാമിനോടൊപ്പം സംഗീതം കൊടുത്തത് ഉദയഭാനുവായിരുന്നു. അതിലെ ഓ. എൻ. വി രചിച്ച് ഉദയഭാനു ഈണമിട്ട് യേശുദാസ് മനോഹരമായി പാടിയ ‘കിളി ചിലച്ചു’ എന്ന പാട്ട് ഏറെ ജനപ്രിയമായിരുന്നു. ആകാശവാണിക്കുവേണ്ടി മലയാളത്തിലെ പ്രശസ്ത കവികൾ എഴുതിയ ദേശഭക്തി ഗാനങ്ങൾ അദ്ദേഹം ഈണമിട്ട് പല പ്രശസ്ത ഗായകരും പാടി ശബ്ദലേഖനം ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും അദ്ദേഹത്തിന് ഈ രംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചില്ല. 

1992-ൽ വീണ്ടും ഒരു സിനിമക്ക് സംഗീതം ചെയ്യാൻ അദ്ദേഹത്തിന് അവസരം കിട്ടി. ‘മയിൽപീലി’ എന്ന് പേരിട്ട ചിത്രം പക്ഷേ പുറത്തുവന്നില്ല. തുടക്കത്തിൽ പിറകേ കൂടിയ നിർഭാഗ്യം അവസാന കാലം വരെ അദ്ദേഹത്തെ പിന്തുടർന്നു. ഓ. എൻ. വി രചിച്ച് യേശുദാസ് പാടിയ ‘ഇന്ദുസുന്ദര സുസ്മിതം തൂകും’ എന്ന മനോഹരമായ പാട്ട് അദ്ദേഹത്തിന്റെ ഉള്ളിലെ സംഗീതത്തിന്റെ നിദർശനമായി നില്ക്കുന്നു.  വല്ലപ്പോഴും വഴിയമ്പലത്തിൽ വന്ന്  പാട്ട് പാടി കടന്നുപോകുന്ന വാനമ്പാടിയാകാൻ മാത്രമായിരുന്നു, അദ്ദേഹത്തിന്റെ നിയോഗം.

 

Tags:    
News Summary - kp udayabhanu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.