കുവൈത്ത്: തീവ്രവാദത്തിനെ എതിർത്ത് കുവൈത്തിലെ ടെലികോം കമ്പനി പുറത്തിറക്കിയ പരസ്യം വൈറലാവുന്നു. സെയിന്‍ ഗ്രൂപ്പ് പുറത്തിറക്കിയ പരസ്യത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യു.എ.ഇ പോപ്പ് ഗായകൻ ഹുസ്സൈൻ അൽ ജാസിമി പാടിയഭിനയിച്ച വീഡിയോ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. അപ്‌ലോഡ് ചെയ്തു മണിക്കൂറുകൾക്കകം 20 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ വീഡിയോ കണ്ടത്.
തീവ്രവാദത്തിലൂടെയല്ല സ്നേഹിച്ചു കൊണ്ട് ദൈവത്തിലേക്കടുക്കൂ എന്ന സന്ദേശമാണ് മൂന്നു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ പങ്കു വെക്കുന്നത്.
'ദൈവത്തോട് ഞാനെല്ലാം പറയും... കുട്ടികളെ കൊന്നു നിങ്ങൾ ശ്മാശാനങ്ങൾ നിറച്ചതും, ഞങ്ങളുടെ സ്‌കൂളിലെ ഇരിപ്പിടങ്ങൾ കാലിയാക്കിയതും എല്ലാം' ഒരു കുട്ടിയുടെ വാക്കുകളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ചാവേറാക്രമണത്തിന് പുറപ്പെടുന്ന ഭീകരവാദിയെ തീവ്രവാദത്തിന്‍റെ ഇരകൾ തന്നെ സ്നേഹത്തോടെ സ്വീകരിക്കുന്നതാണ് വിഡിയോയിലുള്ളത്. വിദ്വേഷത്തെ നമ്മൾ സ്നേഹഗീതം കൊണ്ട് കീഴ്പ്പെടുത്തും എന്ന അടിവാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
കുവൈത്തിലെ പ്രാദേശിക ടെലിഫോണ്‍ ശൃംഖലയായ സെയിനിന് നാലരക്കോടി ഉപയോക്താക്കളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.