തുർക്കി ഇസ്തംബൂളിലെ മലമുകളിലെ ശാന്തതയിലാണ് ആ സ്റ്റുഡിയോ. തുർക്കി സംഗീതജ്ഞൻ ഒമർ അവ്ചിയുടെ സംഗീതം വരവേൽക്കുന്ന സുന്ദരമായ വീട്ടിൽ. കേരളം വീട്ടിനുള്ളിൽ അടക്കപ്പെട്ട ഒന്നാം ലോക്ഡൗണിനു മുമ്പ് രണ്ട് മലയാളി യുവാക്കൾ അവിടെയെത്തി. മലയാളം അറിയാത്ത ഒമറിനോട് അവർ സംഗീതത്തിന്‍റെ ഭാഷയിൽ സംസാരിച്ചു, ഒമർ തിരിച്ചും. സംഗീതം കൊണ്ടും കൊടുത്തും ആ സ്റ്റുഡിയോയിൽ പിറന്ന ഒരു പാട്ട് ഇന്ന് മലയാളികൾക്കിടയിൽ തരംഗമാണ്. കോടി ഹൃദയങ്ങളെ കീഴടക്കി ഹിറ്റ് ചാർട്ടിന്‍റെ മുൻനിരയിൽ തുടരുന്ന 'ഹൃദയം' സിനിമയിലെ 'ദർശനാ...' എന്ന പാട്ട്. 'ഹൃദയ'ത്തിന്‍റെ സംവിധായകൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽ വഹാബുമാണ് പാട്ടിന്‍റെ പൂർണതക്കുവേണ്ടി ഇസ്തംബൂളിലേക്ക് വിമാനം കയറിയത്.
ഒരാഴ്ചയാണ് അവർ അവിടെ തുർക്കി സംഗീതത്തിന്‍റെ മാസ്മരികതയിലലിഞ്ഞ് കഴിഞ്ഞത്. ബസിലും മെട്രോയിലുമൊക്കെ യാത്ര ചെയ്തും നടന്നുമൊക്കെയാണ് ദിവസവും ഇരുവരും സ്റ്റുഡിയോയിലെത്തിയിരുന്നത്. എല്ലാ ദിവസവും രാത്രി റെക്കോഡിങ് കഴിഞ്ഞ് മലയിറങ്ങി നടന്നുവരുേമ്പാൾ ആകാശത്തിലെ താരാലങ്കാരവും നഗരത്തിലെ ദീപാലങ്കാരവും നൽകിയ അനുഭൂതി ഇന്നും രണ്ടുപേരുടെയും മനസ്സിൽ അതേ മിഴിവോടെയുണ്ട്. 'എനിക്കും വിനീതേട്ടനും ഇന്നും ഏറെ പ്രിയപ്പെട്ട നാളുകളാണത്. റെക്കോഡിങ് പൂർത്തിയായ ദിവസം മലയറിങ്ങി വരുേമ്പാൾ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും ദീപപ്രഭയിൽ നിൽക്കുന്ന ബോസ്ഫറസ് പാലവും ദൂരെനിന്നേ കാണാം. പാലത്തിനു മുകളിൽ തെളിഞ്ഞുനിന്ന ചന്ദ്രനേക്കാൾ തിളക്കമുണ്ടായിരുന്നു ഞങ്ങളുടെ ചിരിക്ക് എന്ന് തോന്നിപ്പോയി. അപ്പോൾ വിനീതേട്ടൻ പറഞ്ഞു-'നമുക്ക് സ്വപ്നം കാണുന്നത് തുടരാം ഹിഷാം, ആകാശമാണ് നമ്മുടെ സ്വപ്നത്തിന്റെ അതിര്'. അന്ന് ഞങ്ങൾ ഇസ്തംബൂളിൽ റെക്കോർഡ് ചെയ്ത 'ദർശനാ...' എന്ന പാട്ട് ഇന്ന് ഞങ്ങളുടെ സ്വപ്നത്തെ നേട്ടങ്ങളുടെ ആകാശത്തിലെത്തിച്ചിരിക്കുകയാണ്' -സംഗീതം നൽകി ആലപിച്ച പാട്ട് റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമത് നിൽക്കുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഹിഷാം പറയുന്നു.
2019 ജൂലൈയിലാണ് വിനീതേട്ടനും ഞാനും ആദ്യമായി 'ഹൃദയ'ത്തിലെ ഒരു ഗാനത്തിന് സംഗീതം ചെയ്യാനിരിക്കുന്നത്. രാത്രിയായിരുന്നു; നല്ല മഴയും. എനിക്കന്ന് നല്ല ടെൻഷനും അസ്വസ്തതയുമായിരുന്നു. കാരണം, വിനീതേട്ടന്‍റെ കൂടെയുള്ള ആദ്യ ഇരുത്തമാണ്. ഭാര്യ ആയിഷ ഒരുപാട് ആശ്വസിപ്പിച്ചു. അങ്ങനെ വിനീതേട്ടൻ എത്തി. അന്നെനിക്ക് സ്പീക്കേഴ്സ് ഒന്നുമില്ല. ഒരു ഹെഡ്ഫോൺ വെച്ചിട്ടുള്ള ഇരിപ്പായിരുന്നു. നിറഞ്ഞ ചിരിയോടെ വിനീതേട്ടനെ എന്‍റെ ചെറിയ സ്റ്റുഡിയോ റൂമിൽ ഇരുത്തി. 'ഹൃദയ'ത്തിലെ ആദ്യ ഗാനത്തെക്കുറിച്ചുള്ള ചർച്ചകളായി പിന്നീട്. 'ദർശന' എന്ന വാക്ക് നമുക്ക് ഗാനത്തിൽ വേണമെന്ന് വിനീതേട്ടൻ പറഞ്ഞു.
എവിടെനിന്ന് തുടങ്ങും, എങ്ങനെ തുടങ്ങും എന്ന ആശങ്കയിലായി ഞാൻ. അങ്ങനെ എന്‍റെ മൈക്ക് ഓൺ ആക്കി. സർവശക്‌തനായ അല്ലാഹുവിനെ മനസ്സിൽ കരുതി ഞാൻ പാടി. പാടിക്കഴിഞ്ഞ് വിനീതേട്ടനെ നോക്കി. 'ഇത് ഒ.കെ ആണ് ഹിഷാമേ' എന്നായിരുന്നു മറുപടി. ആയിഷ ഉണ്ടാക്കിയ ബിരിയാണിയും കഴിച്ച് വിനീതേട്ടനെ തിരിച്ച് കൊണ്ടുവിടാൻ പോയി. വണ്ടിയിൽ 'ദർശന'യുടെ ആദ്യത്തെ ഡെമോ ഞങ്ങൾ കേട്ടുകൊണ്ടേയിരുന്നു. വീണ്ടും വിനീതേട്ടൻ എന്നെ നോക്കി- 'നന്നായിട്ടുണ്ട് ഹിഷാമേ, ഇതാണ് നമ്മുടെ പാട്ട്, നാളെ കാണാം' എന്നു പറഞ്ഞ് ഇറങ്ങി. അന്ന് ആ കണ്ണിലെ തിളക്കവും ഊർജവും ആത്മവിശ്വാസവും കണ്ടപ്പോൾ, വിനീതേട്ടന്‍റെ തന്നെ ഡയലോഗ് കടമെടുത്താൽ, ചുറ്റുമുള്ളതൊന്നും എനിക്ക് കാണാൻ പറ്റിയില്ല...
അതിന് കാരണമുണ്ട്. പണ്ട് ഞാൻ ഏറെ ആരാധിച്ചിരുന്ന ആളാണ് വിനീതേട്ടൻ. 'തട്ടത്തിൻ മറയത്ത്' എന്ന സിനിമയും അതിലെ പാട്ടുകളുമൊക്കെയാണ് അതിന് കാരണം. പിന്നീട് അദ്ദേഹത്തിന്‍റെ 'തിര'യിൽ ഞാൻ പാടി. ഞാൻ സംഗീതം ചെയ്ത 'ക്യാപ്പുച്ചിനോ', 'ഓളെക്കണ്ട നാൾ' എന്നീ ചിത്രങ്ങളിലൊക്കെ വിനീതേട്ടൻ പാടുകയും ചെയ്തു. 2015ൽ ഞാനൊരുക്കിയ സൂഫി ആൽബം 'ഖദം ബഡാ' കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് വിനീതേട്ടൻ എന്നെ 'ഹൃദയ'ത്തിലേക്ക് ക്ഷണിക്കുന്നത്.
അരുൺ ഏളാട്ട് എഴുതിയ 'ദർശന' അടക്കം 15 ഗാനങ്ങളാണ് 'ഹൃദയ'ത്തിലുള്ളത്. 'ദർശന'യുടെ തന്നെ 35ാമത്തെ വേർഷൻ ആണ് ഫൈനൽ ആക്കിയത്. സിനിമയുടെ ചർച്ച നടക്കുമ്പോൾ ഒമ്പത് പാട്ടുകള്‍ ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. അതിനുള്ള സന്ദർഭങ്ങളാണ് സിനിമയിൽ ഉണ്ടായിരുന്നത്. പക്ഷേ, ചില സന്ദർഭങ്ങളിൽ അതിന്‍റെ ഫീൽ ബലപ്പെടുത്താൻ സംഗീതം ഒരു ഉപകരണമാക്കേണ്ടിവന്നു. വിനീതേട്ടൻ ഒരു മ്യുസിഷൻ കൂടി ആയതുകൊണ്ടാണ് സിനിമയിലെ സന്ദർഭങ്ങളെ മനോഹരമാക്കാൻ സംഗീതത്തെ ഉപയോഗിക്കുന്നതിന്‍റെ സാധ്യതകൾ പരീക്ഷിച്ചത്. കേമ്പാസിങ്ങിൽ വിനീതേട്ടന്‍റെ സാന്നിധ്യം എനിക്ക് ഏറെ സഹായകമാകുകയും ചെയ്തു. പല്ലവി, അനുപല്ലവി, ചരണം തുടങ്ങിയ പതിവ് ഫോർമാറ്റുകളിൽ അല്ല ഇതിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്. 'ദർശന' തന്നെ എടുത്താൽ, അതിൽ ചരണം ഇല്ല. ഒരു സംഘട്ടനത്തിലൂടെയാണ് തുടങ്ങുന്നത്, ഇടക്ക് സംഭാഷണശകലങ്ങളുണ്ട്. അങ്ങനെയുള്ള ചില പരീക്ഷണങ്ങൾ പാട്ടിലടക്കം ഈ സിനിമയിലുടനീളം വിനീതേട്ടൻ നടത്തുന്നുണ്ട്. സിനിമയിൽ ഒരു പാട്ട് എത്ര ലെങ്ത് ഉപയോഗിക്കുന്നുവോ അത്രയും മാത്രമേ റെക്കോഡും ചെയ്തിട്ടുള്ളൂ. പാട്ട് തീരുന്നത് അറിയുകയേ ഇല്ല. പാട്ടിന് നീളം കുറേഞ്ഞാ കൂടിയോ എന്ന ചിന്തയും കേൾക്കുന്നവർക്ക് ഉണ്ടാകില്ല.
സംഗീതം ഒരു മാജിക്ക് ആണ്. അത് കൃത്യമായി ഉപയോഗിക്കാൻ വിനീതേട്ടന് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ പാട്ടുകളിൽ വിനീത് മാജിക്ക് ഉണ്ടാകുന്നത്. സംഗീതം അറിയാവുന്ന സംവിധായകർ പാട്ടിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറാകില്ല. അല്ലെങ്കിൽ കോംപ്രമൈസ് ചെയ്യേണ്ട സാഹചര്യത്തിൽ അവർ പാട്ടിനെ കൊണ്ട് നിർത്തില്ല. ക്രിസ്റ്റഫർ നോളൻ, മാർട്ടിൻ സ്‌കോർസ്‌കി, ഇംതിയാസ് അലി, സഞ്ജയ് ലീലാ ബൻസാലി തുടങ്ങിയവരുടെയൊക്കെ സിനിമകൾ നോക്കിയാൽ നമുക്കത് കാണാൻ കഴിയും. 'ഹൃദയത്തി'ലെ ഓരോ പാട്ടും എങ്ങനെ വേണം എന്ന് കൃത്യമായ ഒരു ധാരണ വിനീതേട്ടൻ നൽകിയിരുന്നു. എന്താണ് പാട്ടിെൻറ സന്ദർഭം, ഓരോ ട്രാക്കും സിനിമയിലൂടെ എങ്ങനെയാണ് സഞ്ചരിക്കുക, അത് എങ്ങനെയാണ് ദൃശ്യവത്കരിക്കുക എന്നൊക്കെ ചർച്ച ചെയ്തിട്ടാണ് പാട്ടുകളൊരുക്കിയിരിക്കുന്നത്.
'ദർശന'യിൽ ടർക്കിഷ് വാദ്യോപകരണമായ ദൂദുക് ഉപയോഗിക്കാമെന്ന എന്‍റെ നിർദേശം വിനീതേട്ടൻ അംഗീകരിക്കുകയായിരുന്നു. ലോകപ്രശസ്ത സംഗീതജ്ഞൻ സമി യൂസുഫിന്‍റെ ഒപ്പം ജോലി ചെയ്തപ്പോൾ ടർക്കിഷ് വാദ്യോപകരണങ്ങളുടെ സാധ്യത ഞാൻ തിരിച്ചറിഞ്ഞതാണ്. തുർക്കിയിൽ നേരിട്ടുപോയി റെക്കോഡ് ചെയ്യാമെന്ന് നിർദേശിച്ചത് വിനീതേട്ടനാണ്. അങ്ങനെയാണ് ഒന്നാം ലോക്ഡൗണിനു മുമ്പ് ഞങ്ങൾ രണ്ടും ഇസ്തംബൂളിലേക്ക് പോകുന്നത്. അവിടെ ഒരു മലമുകളിലുള്ള ഒമർ അവ്ചി എന്ന സംഗീതകാരന്‍റെ വീട്ടിലുള്ള സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ദൂദുകിന് പുറമേ ഔദ്, ബഗ്‌ലാമ, ഖാനൂൻ തുടങ്ങിയ ടർക്കിഷ് വാദ്യോപകരണങ്ങൾ 'ഹൃദയ'ത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 'ദർശന'ക്കുശേഷം ഇറങ്ങിയ 'ഹൃദയ'ത്തിന്‍റെ ടീസറിൽ (A Glimpse of Hridayam) ടർക്കിഷ് ദഫ്, ഡോൽ, ബന്ദിർ, റിഖ് എന്നിവയുടെ പെർക്കഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരൻ വിഷ്ണുരാജന്റെ സഹായത്തോടെയാണ് ഇത് സാധിച്ചത്.
ടർക്കിഷ് വാദ്യോപകരണങ്ങൾ ഉപയോഗിച്ചതോടെ 'ഹൃദയ'ത്തിലെ പാട്ടുകൾക്ക് ഒരു അന്താരാഷ്ട്ര മാനം കൈവന്നിട്ടുണ്ട്. തുർക്കിയിലെ സംഗീതകാരന്മാരുമായി സംവദിക്കുന്നതിൽ ഭാഷ ഒരു പ്രശ്നമായി വന്നതേയില്ല. കാരണം, സംഗീതമായിരുന്നു ഞങ്ങൾക്കിടയിലുള്ള ഭാഷ. സംഗീതത്തിലൂടെയുള്ള സംസാരത്തിന്‍റെ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഏതുപാട്ടും വിരൽത്തുമ്പിൽ കിട്ടുന്ന ഇക്കാലത്തും മലയാളികളിലെ ഒരു തലമുറക്ക് ഗൃഹാതുരത്വം കലർന്ന ഓർമയായ ഓഡിയോ കാസറ്റുകളുടെ പ്രതാപകാലം തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് 'ഹൃദയം' ടീം. അതിന് പ്രചോദനമായത് ഇസ്തംബൂളിലെ തിരക്കേറിയ ഒരു തെരുവിലെ കാസറ്റുകടയാണെന്ന് പറയുന്നു ഹിഷാം. ഇസ്തംബൂളിലെ ഒരു ദിവസത്തെ വർക്കിനുശേഷം നടക്കാനിറങ്ങിയപ്പോഴാണ് വിനീതും ഹിഷാമും തിരക്കേറിയ ഒരു തെരുവിൽ പ്രവർത്തിക്കുന്ന ഓഡിയോ കാസറ്റ്-ഓഡിയോ സീഡി ഷോപ്പ് കാണുന്നത്. ഇരുവരെയും അത് കാസറ്റുകളുടെ പ്രതാപകാലത്തിന്‍റെ ഓർമകളിലേക്ക് നയിച്ചു. എന്നാണ് ഇനി പുതിയൊരു ആൽബം കാസറ്റിൽ കേൾക്കാൻ കഴിയുക, കാസറ്റുകളുടെ കാലം നമുക്ക് തിരികെ കൊണ്ടുവരാൻ പറ്റുമോ തുടങ്ങിയ ചർച്ചകളിലായി രണ്ടാളും. ആ ചർച്ചയാണ് 'ഹൃദയ'ത്തിലെ പാട്ടുകൾ ഓഡിയോ കാസറ്റിലും ഇറക്കാം എന്ന ആലോചനയിലേക്കെത്തിച്ചത്. സിനിമയുടെ പാട്ടുകളുടെ അവകാശം സ്വന്തമാക്കിയ തിങ്ക് മ്യൂസിക് ഇന്ത്യയും ഇതിന് പിന്തുണ നൽകി. '15 പാട്ടുകൾ വേണമെന്ന് തീരുമാനിച്ചതാണ് ഈ സ്വപ്നം യാഥാർഥ്യമാകാൻ കാരണം. നാലോ അഞ്ചോ പാട്ടുകൾ ആയിരുന്നെങ്കിൽ കാസറ്റ് ഇറക്കാൻ കഴിയുമായിരുന്നില്ല. ഫസ്റ്റ് കോപ്പി അടിക്കാൻ പാട്ടുകൾ ജപ്പാനിലേക്ക് അയച്ചിട്ടുണ്ട്. ഒരുമാസത്തിനകം ഫസ്റ്റ് കോപ്പി കിട്ടും. പിന്നീട്, പ്രീഓർഡർ അനുസരിച്ച് കൂടുതൽ കോപ്പികൾ അടിക്കും. ലിമിറ്റഡ് എഡിഷൻ കാസറ്റുകൾ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. ഇപ്പോൾ സംഗീതപ്രേമികളുടെ പ്രതികരണം കാണുേമ്പാൾ അത് ലിമിറ്റഡ് എഡിഷനിൽ ഒതുങ്ങില്ലെന്നാണ് തോന്നുന്നത്' -ഹിഷാം പറയുന്നു.
'പുതിെയാരു പാട്ടാസ്വാദന അനുഭവം ഇത് സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ടേപ്പ് റെക്കോഡറും വാക്മാനുമൊക്കെ പൊന്നുപോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസറ്റ് പ്ലേ ചെയ്ത് പാട്ടു കേൾക്കുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാൾജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഇക്കാലത്ത് നമ്മുടെ ഹൃദയത്തിൽ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവർ. ഇവർക്കുള്ള ഞങ്ങളുടെ സ്നേഹസമ്മാനമാണിത്'- 'ഹൃദയ'ത്തിലെ പാട്ടുകൾ കാസറ്റിൽ ഇറക്കുന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍റെ വാക്കുകൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.