ഹരിവരാസനം മാറ്റിപ്പാടണമോ

ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനു പിന്നാലെ ഹരിവരാസനത്തിന്‍െറ പേരിലും വിവാദം. ഇതിന്‍െറ രചയിതാവിനെയും സംഗീതത്തെയും സംബന്ധിച്ചാണ് വാദപ്രതിവാദങ്ങള്‍. നട അടക്കുമ്പോഴെല്ലാം അയ്യപ്പന്‍െറ ഉറക്കുപാട്ടായി കേള്‍ക്കുന്ന യേശുദാസ് പാടിയ ഈ കൃതി മാറ്റി പാടിക്കണമെന്ന ആവശ്യമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

രാമനാഥപുരം കമ്പന്‍കുടി കുളത്തൂര്‍ ശ്രീനിവാസഅയ്യര്‍ എന്ന കുളത്തൂര്‍ അയ്യരാണ് ഹരിവരാസനം എഴുതിയതെന്ന് കരുതിപ്പോരുന്നു. എന്നാല്‍, ഇത് തന്‍െറ മാതാവായ പുറക്കാട് കോന്നകത്ത് വീട്ടില്‍ ജാനകിയമ്മയാണ് എഴുതിയതെന്നും കുളത്തൂര്‍ അയ്യര്‍ ഇതിന്‍െറ സമ്പാദകന്‍ ആണെന്നും കാണിച്ച് അവരുടെ മകള്‍ ബാലാമണിയമ്മ ദേവസ്വം ബോര്‍ഡിനു കഴിഞ്ഞ വര്‍ഷം നിവേദനം നല്‍കി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന്‍ കൃതി അജ്ഞാതകര്‍തൃത്വം ആണെന്ന് പ്രഖ്യാപിച്ചു.

ഈ അവകാശവാദം സ്ഥാപിക്കണമെന്നും ഹരിവരാസനത്തിന്‍െറ മൂലകൃതിയില്‍ ഉള്ളതുപോലെ ഓരോ വരിയിലും സ്വാമി എന്ന് ഉള്‍പ്പെടുത്തണമെന്നുമാണ് ഇവരുടെ പുതിയ ആവശ്യം. നവംബര്‍ നാലിന് ആറന്മുളയില്‍ നടന്ന ഒരു ചടങ്ങില്‍ ഓരോ വരിയിലും സ്വാമി എന്ന് ഉള്‍പ്പെടുത്തി യേശുദാസ് ഇത് വീണ്ടും പാടിയാല്‍ നന്നായിരിക്കുമെന്ന് സംഗീതജ്ഞനും സംഗീത സംവിധായകനുമായ ജയന്‍ (ജയ വിജയ) പറഞ്ഞതോടെ അദ്ദേഹവും വിവാദത്തിലകപ്പെട്ടു.
ഹരിവരാസനത്തിന് ഈണം നല്‍കിയ ദേവരാജന്‍ മാസ്റ്ററുടെ ആരാധകരാണ് പ്രതിഷേധിക്കുന്നത്. സംഗീതത്തിനു മാറ്റം വരുത്തണമെന്ന് ജയന്‍ ആവശ്യപ്പെട്ടതായി ഒരു പത്രത്തില്‍ തെറ്റായി വാര്‍ത്ത വന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ളെന്നും അതേ ഈണത്തില്‍ തന്നെ സ്വാമി എന്ന് കൂടി ഉള്‍പ്പെടുത്തണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ജയന്‍ പറഞ്ഞു.

ആറന്മുളയിലെ ചടങ്ങില്‍ മറുപടി പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഈ മണ്ഡലകാലത്തു തന്നെ യേശുദാസിനെക്കൊണ്ട് മാറ്റി പാടിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞതോടെ ബാലാമണിയമ്മയുടെ നിവേദനത്തിനു വീണ്ടും കരുത്തായി. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്ന ഹരിവരാസനത്തിന് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ളെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് മാധ്യമത്തോട് പറഞ്ഞു. ഈണത്തില്‍ മാറ്റം അനുവദിക്കില്ളെന്നും അങ്ങനെവന്നാല്‍ നിയമനടപടിക്ക് ശ്രമിക്കുമെന്നും ദേവരാജന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

Tags:    
News Summary - harivarasanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.