'എന്റെ മകനെ കാണാനില്ല. കറുത്ത് മെലിഞ്ഞ് നീട്ടി വളർത്തിയ മുടിയിൽ ചുവന്ന ചായോം തേച്ച് നടന്നിരുന്നില്ലേ, അവ ൻ തന്നെ ...' ജാതിവിവേചനത്തിന്‍റെ പൊള്ളുന്ന നേർക്കാഴ്ചയും അതിനെതിരായ പ്രതിരോധവുമാകുകയാണ് 'രാവൺ ' എന്ന സംഗീത ആൽ ബം. കാണാതായ മകനെ കുറിച്ച് അച്ഛൻ പാടുകയാണ്. മുടിയിൽ ചായം തേക്കുന്നത് പോലും ദലിതന് വിലക്കപ്പെടുന്ന കാലത്തു മകനെ കാണാതായതിന്‍റെ കാരണങ്ങൾ അന്വേഷിക്കുകയാണ് പിതാവ്.
സ്കൂളിൽ, ചങ്ങാതിമാർക്കിടയിൽ, പൊതുവിടങ്ങളിൽ നിന്നെല്ലാം ദലിതർ എങ്ങനെ അകറ്റിനിർത്തപ്പെടുന്നു എന്ന് രാവൺ കാട്ടിത്തരുന്നു. നല്ല ഉടുപ്പിട്ടാൽ, പരീക്ഷക്ക് കൂടുതൽ മാർക്ക് വാങ്ങിയാൽ, ജോലി കിട്ടിയാൽ തുടങ്ങി എല്ലാക്കാലവും കളിയാക്കലും അപഹാസവും മാത്രം നേരിടേണ്ടി വരുന്ന ദളിതന്‍റെ പ്രതിരോധ ഗാനമാണ് രാവൺ. തൊഴിലും വസ്ത്രധാരണവും ജീവിതരീതിയുമെല്ലാം ജാതി ബിംബങ്ങളാക്കി മാറ്റി ദലിതനെ അവയ്‌ക്കെല്ലാം പുറത്തുനിർത്തുന്ന വർത്തമാനകാലഘട്ടത്തോടാണ് രാവൺ സംവദിക്കുന്നത്.
ആദർശ് കുമാർ അണിയൽ സംവിധാനം ചെയ്ത രാവണിൽ നാടൻ കലാകാരനായ അംബുജാക്ഷനാണ് മകനെ കുറിച്ച് പാടുന്ന പ്രധാന കഥാപാത്രമായി വരുന്നത്.
ബിബിന്‍ അശോകാണ് സംഗീതം നിർവഹിച്ചത്. സലീഷ് പത്മിനി സുബ്രഹ്മണ്യൻ, പ്രമോദ് വാഴൂര്‍, രാജേഷ് നേതാജി എന്നിവർ ചേര്‍ന്നാണ് നിര്‍മ്മാണം. നിധീഷ് വേഗയാണ് ഛായാഗ്രഹണം. വിഷ്ണുജിത്ത് അജിത്ത് കലാസംവിധാനവും റിസാൽ ജെയ്നി ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. ബോധി സൈലന്‍റ് സ്കേപ്പിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.