ന്യൂഡല്‍ഹി: ഒരുമാസമായി തുടരുന്ന കശ്മീര്‍ സംഘര്‍ഷം പരിഹരിക്കാന്‍ നടപടിയെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിച്ചിട്ടില്ല. സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന അഭ്യര്‍ഥനക്കും മറുപടിയില്ല. വിഷയം തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ അഞ്ച് പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു.
കശ്മീര്‍ നയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ്, ജനതാദള്‍-യു, സി.പി.എം, സി.പി.ഐ, സമാജ്വാദി പാര്‍ട്ടി എന്നിവ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കുന്നതാണ് പ്രതിപക്ഷ നീക്കം. രാഷ്ട്രീയ പ്രശ്നപരിഹാര നീക്കങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു.
ആഭ്യന്തരമന്ത്രി കശ്മീര്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടികളില്ലാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തെ അയക്കുന്നില്ളെങ്കില്‍ കശ്മീരില്‍ പോകണമെന്നും വിവിധ ജനവിഭാഗങ്ങളുമായി സംസാരിക്കണമെന്നും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോ ഈ സംഘത്തെ നയിക്കും. സേനയും പ്രക്ഷോഭകരും ഏറ്റുമുട്ടുന്ന കശ്മീരില്‍ ജൂലൈ എട്ടുമുതല്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഏറ്റുമുട്ടല്‍ മരണം 57 ആയി. 7000ത്തോളം പേര്‍ക്ക് പരിക്കേറ്റു. പെല്ലറ്റ് പ്രയോഗംകൊണ്ട് 100ലേറെ പേര്‍ക്ക് കാഴ്ച പോയി. ക്രമസമാധാനം പാടേ തകര്‍ന്നു. കര്‍ഫ്യൂ വീണ്ടും പുന$സ്ഥാപിച്ചു. ഫോണ്‍, മൊബൈല്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങളില്ല. സ്കൂളുകള്‍ പൂട്ടിയിരിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ മൂന്നിലൊന്നു ഹാജര്‍ പോലുമില്ല.
ജനപ്രതിനിധികള്‍ക്ക് ജനബന്ധം അറ്റുപോയവിധം രോഷം കത്തുന്ന സാഹചര്യം സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് തുറന്നകത്തില്‍ ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. 2010ല്‍ സര്‍വകക്ഷി സംഘം കശ്മീരില്‍ പോയി വിവിധ ജനവിഭാഗങ്ങളുമായി വിഷയം ചര്‍ച്ചചെയ്തത് സ്ഥിതി ശാന്തമാക്കാന്‍ ഏറെ സഹായിച്ചു. എന്നാല്‍, ഇപ്പോള്‍ എന്തിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതെന്ന് ഗുലാംനബി ചോദിച്ചു.
ജമ്മു-കശ്മീരിനോടുള്ള മനോഭാവം സര്‍ക്കാര്‍ തിരുത്തണം. ജനങ്ങളോട് പ്രധാനമന്ത്രി മനസ്സുതുറക്കണം. അങ്ങേയറ്റം മോശമായ സാഹചര്യങ്ങളില്‍പോലും മുന്‍കാല സര്‍ക്കാറുകള്‍ രാഷ്ട്രീയ പ്രക്രിയ ഉപേക്ഷിച്ചില്ല. ജനമനസ്സില്‍ ഇടംനേടാന്‍ സര്‍ക്കാറിന് സാധിക്കണം. വളരെ അപകടംപിടിച്ച സ്ഥിതിയിലാണ് കശ്മീരെന്ന് ഗുലാംനബി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും മോദിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. താഴ്വരയിലെ സ്ഥിതി മെച്ചപ്പെട്ടുവെന്ന് കേന്ദ്രം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കോടതിയില്‍ പറഞ്ഞതിനു തൊട്ടുപിറ്റേന്നാണ് മൂന്ന് 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. കശ്മീര്‍ ജനതയോട് കേന്ദ്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണോ എന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.