വ്യാജ പശുസംരക്ഷകര്‍ സമൂഹത്തിന്‍െറ സുരക്ഷ തകര്‍ക്കുന്നു- മോദി

ഹൈദരാബാദ്: പശു സംരക്ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വ്യാജ പശുസംരക്ഷകര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പശുവിന്‍െറ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ളെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയായശേഷം ആദ്യമായി തെലങ്കാനയിലത്തെിയ നരേന്ദ്ര മോദി ഗജ്വാളില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പശുസംരക്ഷകര്‍ക്കെതിരെ വിമര്‍ശമുയര്‍ത്തിയത്.

സാംസ്കാരിക വൈവിധ്യത്തിന്‍െറ നാടാണ് ഇന്ത്യ. ആ വൈവിധ്യങ്ങളും അന്തസ്സും സംരക്ഷിക്കുകയെന്നത് നമ്മുടെ പ്രഥമ ദൗത്യമാണ്. പശുക്കളെ സംരക്ഷിക്കാനും പരിപാലിക്കാനും നമ്മള്‍ തയാറാവണം. അത് നമ്മുടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍, അതിന്‍െറ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ തുറന്നുകാണിക്കാനും തയാറാകണം. വ്യാജ പശുസംരക്ഷകര്‍ സമൂഹത്തിന്‍െറ സുരക്ഷ തകര്‍ക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യമെങ്ങും ഗോ സംരക്ഷണത്തിന്‍െറ പേരില്‍ മുസ്ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ അക്രമ പരമ്പരകള്‍ അരങ്ങേറിയപ്പോള്‍ മൗനം പാലിച്ച പ്രധാനന്ത്രി ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ‘ടൗണ്‍ഹാള്‍ പ്രസംഗ’ത്തിലാണ് പശുസംരക്ഷണത്തിന്‍െറ പേരില്‍ അക്രമം നടത്തുന്നവരെ ആദ്യമായി വിമര്‍ശിച്ചത്. ദലിതുകള്‍ക്കുനേരെ ഗോ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനെതിരെ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ദലിത് സംഘടനകള്‍ രംഗത്തുവരികയും ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ആശങ്കയുയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി പശു സംരക്ഷകരെ എതിര്‍ത്ത് രംഗത്തുവന്നത്.
പശുക്കളെ സംരക്ഷിക്കണമെന്ന് വാദിക്കുന്നവര്‍ പ്ളാസ്റ്റിക് തിന്ന് പശുക്കള്‍ ചാകുന്നതിനെതിരെയും രംഗത്തുവരണമെന്ന് കഴിഞ്ഞദിവസം മോദി ആവശ്യപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.