ന്യൂഡല്‍ഹി: ദലിതര്‍ക്കെതിരായ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ആര്‍.എസ്.എസും. ആക്രമണം മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച ആര്‍.എസ്.എസ്, സാമുദായിക സൗഹാര്‍ദവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാലങ്ങളായി ചെയ്തുവരുന്നതാണെന്നും അത് തുടരുമെന്നും വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പ്രസ്താവനയിലാണ് ആവശ്യപ്പെട്ടത്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ സര്‍ക്കാറുകള്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ദലിതര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച് ഞായറാഴ്ചയും ആര്‍.എസ്.എസ് പ്രസ്താവന ഇറക്കിയിരുന്നു.
അതേസമയം, ഗോ സംരക്ഷണത്തിന്‍െറ പേരില്‍ ദലിതരെയും മുസ്ലിംകളെയും ആക്രമിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ വി.എച്ച്.പി ജോ. ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ വിസമ്മതിച്ചു. ഇക്കാര്യത്തെക്കുറിച്ച് ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പ്രതികരിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പശു സംരക്ഷണം ദീര്‍ഘകാലമായി ചെയ്യുന്നതാണെന്നും ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പശു സംരക്ഷണത്തിന്‍െറ പേരില്‍ ദലിതരെ ആക്രമിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രൂക്ഷമായി അപലപിച്ചിരുന്നു. വെടിവെക്കണമെങ്കില്‍ തന്നെ വെടിവെക്കാനും ദലിത് സഹോദരങ്ങളെ ആക്രമിക്കുന്നത് നിര്‍ത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.