ജി.എസ്.ടി: നികുതി ഭീകരതയുടെ കാലം കഴിഞ്ഞെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  രാജ്യത്തെ ‘നികുതി ഭീകരത’യില്‍ നിന്ന് മോചിപ്പിക്കുന്നതിന്‍െറ തുടക്കമാണ് ജി.എസ്.ടി ബില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയില്‍  ജി.എസ്.ടി ഭരണഘടനാ ഭേദഗതി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിവര്‍ത്തനത്തിലേക്കും സുതാര്യതയിലേക്കുമുള്ള മഹത്തായ കാല്‍വെപ്പാണ് ജി.എസ്.ടി. ഇത് ഏതെങ്കിലും സര്‍ക്കാറിന്‍െറ മാത്രം നേട്ടമല്ല. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‍െറ വിജയമാണ്. എല്ലാ പാര്‍ട്ടികളുടെയും വിജയമാണ്. നിയമത്തിന്‍െറ പിതൃത്വം ആര്‍ക്ക്, വളര്‍ത്തിയത് ആരെന്ന തര്‍ക്കം വേണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.   

ജി.എസ്.ടിക്ക് പിന്തുണ  അറിയിച്ച കോണ്‍ഗ്രസ് സഭാകക്ഷി നേതാവ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാടുമാറ്റം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ പരിഹാസം  തൊടുത്തു.  നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അന്നത്തെ യു.പി.എ ജി.എസ്.ടി കൊണ്ടുവന്നപ്പോള്‍ അതിന്‍െറ നേട്ടങ്ങള്‍ അദ്ദേഹത്തിന് മനസ്സിലായില്ളെന്നും പ്രധാനമന്ത്രി അയപ്പോഴെങ്കിലും മനസ്സിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. സമവായത്തിന്‍െറ അന്തരീക്ഷത്തില്‍ നടന്ന ജി.എസ്.ടി ചര്‍ച്ചക്കിടെയുള്ള കോണ്‍ഗ്രസിന്‍െറ പരിഹാസത്തോട് പുഞ്ചിരി മാത്രമായിരുന്നു മോദിയുടെ മറുപടി.   

ജി.എസ്.ടി വരുന്നതോടെ  റെയില്‍വേയും തപാല്‍ വകുപ്പും ഇന്ത്യയെ ഒന്നായി നിലനിര്‍ത്തുന്നതുപോലെ ജി.എസ്.ടി ഇന്ത്യയെ കൂടുതല്‍ ഒന്നിപ്പിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി.  ജി.എസ്.ടി സംവിധാനത്തില്‍ ഉപഭോക്താവാണ് രാജാവ്. ജി.എസ്.ടി പ്രാബല്യത്തില്‍വരുന്നതോടെ അഴിമതിയും കള്ളപ്പണവും കുറയും. കള്ളബില്‍ എഴുതി നികുതി വെട്ടിക്കുന്ന സാഹചര്യം ഇല്ലാതാകും.  നികുതി പരിവിനുള്ള ചെലവിന്‍െറ വകയില്‍ 1,40,000 കോടി ലാഭിക്കാനാവും. അത് പാവപ്പെട്ടവന്‍െറ ക്ഷേമത്തിന് വിനിയോഗിക്കാം.  ജി.എസ്.ടി നടപ്പാകുന്നതോടെ കേന്ദ്രത്തിന്‍െറയും സംസ്ഥാനങ്ങളുടെയും വരവ് എല്ലാവര്‍ക്കും കൃത്യമായി അറിയാനും കഴിയും. പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനും ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്താനും അത് സഹായിക്കുമെന്നും മോദി പറഞ്ഞു.   

 കേരളത്തില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന ഹെല്‍ത്ത് ടാക്സ് പോലുള്ള പ്രത്യേക നികുതി ഏര്‍പ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം സംബന്ധിച്ച്  ജി.എസ്.ടി ഗവേര്‍ണിങ് കൗണ്‍സിലാണ് തീരുമാനിക്കേണ്ടതെന്ന് ലോക്സഭയില്‍ ജി.എസ്.ടി ബില്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സി.പി.എം അംഗങ്ങള്‍ ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജി.എസ്.ടി വരുമ്പോള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍െറയും പരമാധികാരം നഷ്ടപ്പെടുത്തുകയല്ല, മറിച്ച് എല്ലാവരും ഒന്നിച്ചിരുന്ന്  തീരുമാനമെടുക്കുന്ന  കൂട്ടായ പരമാധികാരം നിലവില്‍വരികയാണ് ചെയ്യുകയെന്നും ജെയ്റ്റ്ലി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.