കൂടങ്കുളം ആണവ നിലയം: ഒന്നാം യൂനിറ്റ് രാഷ്ട്രത്തിന് സമർപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കൂടങ്കുളം ആണവ നിലയത്തിലെ ഒന്നാം യൂനിറ്റ് രാഷ്ട്രത്തിന് സമർപ്പിച്ചു. വിഡിയോ കോൺഫറൻസിങ് വഴിയാണ് സമർപ്പണ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ മോസ്കോയിൽ നിന്നും തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ചെന്നൈയിൽ നിന്നും വിഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തു.

റഷ്യൻ സഹകരണത്തോടെ കൂടുതൽ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആണവ നിലയത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് പുടിൻ വ്യക്തമാക്കി. പ്രവർത്തന സജ്ജമായ രണ്ടാം യൂനിറ്റ് ഉടൻ കമീഷൻ ചെയ്യണമെന്ന് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ആണവ നിലയത്തിനെ കുറിച്ചുള്ള പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ജയലളിത പറഞ്ഞു.

ആണവ നിലയം സ്ഥാപിക്കാനുള്ള സഹകരണ കരാർ 1988ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയൻ പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവും തമ്മിലാണ് ഒപ്പുവെച്ചത്. 1997ൽ നിർമാണം ആരംഭിച്ച കൂടങ്കുളം ആണവ നിലയത്തിന്‍റെ ആദ്യ യൂനിറ്റ് 2013 ജൂലൈയിൽ പ്രവർത്തനക്ഷമമായി. 2014 ഡിസംബര്‍ 31ന് വൈദ്യുതോല്‍പാദനം തുടങ്ങി.

നിലയത്തിലെ മൂന്ന്, നാല് റിയാക്ടറുകളുടെ നിര്‍മാണ പ്രവര്‍ത്തനം പാതിവഴിയിലാണ്. ആണവനിലയം വികസിപ്പിക്കുന്നത് സംബന്ധിച്ച് അഞ്ച്, ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുവാനായി റഷ്യയുമായി സഹകരിക്കാൻ കേന്ദ്രസര്‍ക്കാറിന് താൽപര്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.