പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യം- മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി പ്രത്യക്ഷമായ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പരീക്കറിന്‍റെ പ്രസ്താവന.
‘‘ സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമുണ്ടായി. നമ്മുടെ ജവാന്‍മാര്‍ അഞ്ചു ഭീകരരെ വധിച്ചു. പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ചില സാഹചര്യങ്ങളില്‍ ഭീകരവാദത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടിവരുന്നു. പാകിസ്താനിലേക്കു പോകുന്നത് നരകത്തില്‍ പോകുന്നതിന്  സമമാണെന്നും പരീക്കര്‍ പറഞ്ഞു.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ തീവ്രവാദ സംഘടനകളെ പിന്തുണക്കുകയാണെന്ന് പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ 671 നുഴഞ്ഞുകയറ്റ ശ്രമങ്ങളും 738 ഭീകരാക്രമണങ്ങളുമാണ് ജമ്മുകശ്മീരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 2013 നും 2016 നുമിടക്ക് 141 ഭീകരരും 64 സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.

അതിനിടെ, സംഘര്‍ഷ വിഷയങ്ങളില്‍ ചര്‍ച്ചക്കായി തിങ്കളാഴ്ച പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ്  ചൗദരി ഇന്ത്യയിലെ  വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ക്ഷണിച്ചിരുന്നു. ജൂലൈ എട്ടിന് കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പാകിസ്താനുമായുള്ള തുറന്ന പോരിന് തുടക്കം കുറിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.