ആംനസ്റ്റി ഇന്ത്യയുടെ ഫണ്ട് വരവ് തടയാന്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ആംനസ്റ്റി ഇന്ത്യയുടെ ഫണ്ട് വരവിന് തടയിടാനും കേന്ദ്ര നീക്കം. ആംനസ്റ്റി ഇന്ത്യയുടെ ഫണ്ട് വരവ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി. വിദേശത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. വിദേശ സഹായം  സ്വീകരിക്കുന്നതിനുള്ള  വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.ആര്‍.സി.എ) അനുസരിച്ചുള്ള  രജിസ്ട്രേഷന്‍ ആംനസ്റ്റി ഇന്ത്യക്ക് ഇപ്പോഴില്ല. രജിസ്ട്രേഷന് ആംനസ്റ്റി ഇന്ത്യ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുവരെ രജിസ്ട്രേഷന്‍ അനുവദിച്ചിട്ടില്ല. അപേക്ഷ മന്ത്രാലയത്തിന്‍െറ പരിശോധനയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

എഫ്.ആര്‍.സി.എ രജിസ്ട്രേഷനില്ലാത്ത സംഘടനകള്‍ക്ക് വിദേശ സംഭാവന നേരിട്ട് സ്വീകരിക്കാന്‍ പാടില്ല. കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത്തരത്തില്‍  വിദേശ സഹായം കൈപ്പറ്റുന്നതിനുള്ള മുന്‍കൂര്‍ അനുമതിക്കായി ആംനസ്റ്റി ഇന്ത്യ 2012ലാണ് ഏറ്റവും ഒടുവില്‍ കേന്ദ്രത്തെ സമീപിച്ചത്. അന്ന് അനുമതി നിഷേധിക്കപ്പെടുകയാണുണ്ടായത്. ബ്രിട്ടനില്‍നിന്നുള്ള മൂന്നു ലക്ഷം പൗണ്ട് സംഭാവനയില്‍ ഒരു ലക്ഷം പൗണ്ട് ടാക്സ് വെട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു എന്‍.ജി.ഒയുടെ വകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്  അനുമതി നിഷേധിക്കപ്പെട്ടത്.

സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള വിദേശ സഹായം മുടങ്ങിയ സാഹചര്യത്തില്‍ അനധികൃതമായി പുറത്തുനിന്ന് പണം വന്നിരിക്കാനുള്ള സംശയത്തിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിശദീകരണം. ആംനസ്റ്റി ഇന്ത്യയുടെ പ്രവര്‍ത്തന ഫണ്ട് ആഭ്യന്തരമായി സ്വരൂപിക്കുന്നതാണെന്ന് സംഘടന വിശദീകരിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പൗരാവകാശ സംഘടനകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.