കൊലസ്ഥാനമായി ഡല്‍ഹി, സുരക്ഷിതരല്ല മലയാളിയും

ന്യൂഡല്‍ഹി:  വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കും നേരെ വംശീയ അതിക്രമം പതിവായ ഡല്‍ഹിയില്‍ മലയാളികളും സുരക്ഷിതരല്ളെന്നും അവരുടെ ജീവനും മാനത്തിനും ഡല്‍ഹി പൊലീസ് തെല്ലുവില കല്‍പിക്കുന്നില്ളെന്നും വെളിപ്പെടുത്തുന്നതായി മയൂര്‍വിഹാറില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ അടിച്ചുകൊന്ന സംഭവം. പാന്‍മസാല കടയിലെ ഉല്‍പന്നങ്ങളെന്തോ മോഷണം പോയതിന്‍െറ ഉത്തരവാദിത്തം ആരോപിച്ചാണ് ഒമ്പതാം ക്ളാസുകാരനായ രജത്തിനെയും കൂട്ടുകാരെയും സംഘം ചേര്‍ന്ന് മര്‍ദിച്ചത്.

കൗമാരപ്രായക്കാരായ വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നതു കണ്ടുനിന്ന ഒരാള്‍ പോലും ഇടപെട്ടില്ല. പൊലീസിനെ വിവരമറിയിക്കാനും കൂട്ടാക്കിയില്ല. പിന്നീട് കുട്ടി ബോധരഹിതനായി വീണതുകണ്ട അക്രമികള്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബൈക്കിന്‍െറ പിന്നില്‍ വെച്ചാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൈകാലുകളുടെ ചലനം നഷ്ടപ്പെട്ട രജത്തിനെ വലിച്ചും ബലം പ്രയോഗിച്ചും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് മരണമുണ്ടായിട്ടും ഡല്‍ഹി പൊലീസ് അനങ്ങിയില്ല.

അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും തയാറായില്ല. തുടര്‍ന്ന് ഇക്കാര്യം ഉന്നയിച്ച് ജനങ്ങള്‍ സംഘടിച്ച് പൊലീസ് സ്റ്റേഷനു മുന്നിലത്തെുകയും മലയാള മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കുകയും ചെയ്തതോടെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയാറായത്. എന്നാല്‍, ആ സമയത്തും അക്രമത്തിനു വഴിവെച്ച കട പതിവുപോലെ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഈ കട അടിച്ചുതകര്‍ക്കുകയും മറ്റു കടകള്‍ പൂട്ടണമെന്നാവശ്യപ്പെടുകയും ചെയ്ത് ആളുകള്‍ രംഗത്തിറങ്ങിയതോടെ കടകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് പിന്നീട് പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയത്.

കണ്ണീരൊഴുക്കി മുത്തച്ഛനും മുത്തശ്ശിയും

 ഡല്‍ഹിയില്‍ 14കാരനായ മലയാളി ബാലനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവമറിഞ്ഞ് കണ്ണീരൊഴുക്കി ശാസ്താപുരം പ്രേംനിവാസിലെ വൃദ്ധ ദമ്പതികള്‍. പേരമകന്‍െറ ദാരുണ മരണത്തില്‍ മനംനൊന്ത് കഴിയുന്ന നാരായണന്‍ നായരെയും ഭാര്യ പ്രേമയെയും ആശ്വസിപ്പിക്കാന്‍ നാട്ടുകാരും ബന്ധുക്കളും വീട്ടിലത്തെി.

നാരായണന്‍ നായരുടെ ഇളയമകന്‍ ഉണ്ണികൃഷ്ണന്‍ കുടുംബസമേതം ഡല്‍ഹി മയൂര്‍ വിഹാര്‍ ഫെയ്സ് ത്രീയില്‍ 27 വര്‍ഷമായി താമസിച്ചുവരികയാണ്. റിലയന്‍സ് കമ്പനിയില്‍ ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍െറ രണ്ട് ആണ്‍മക്കളില്‍ ഇളയവനായ രജത് (14) ഡല്‍ഹിയില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകീട്ട് രജതും മലയാളികളായ മൂന്ന് സഹപാഠികളും ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരവെ പാന്‍പരാഗ് മൊത്തകച്ചവടക്കാരായ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവത്രെ. മറ്റു മൂന്ന് സഹപാഠികളും ഓടി രക്ഷപ്പെട്ടു. ലഹരി വില്‍പന സംഘം രജതിനെ പിടികൂടി മൃഗീയമായി മര്‍ദിച്ചു. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെട്ടില്ളെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

നാരായണന്‍ നായരും ഭാര്യ പ്രേമയും മൂത്തമകന്‍ ജയപാലനും കോട്ടായി ശാസ്താപുരത്തെ തറവാട്ടുവീട്ടില്‍
 

രജതിന്‍െറ സഹോദരന്‍ രാജീവ് ഡല്‍ഹിയില്‍ പ്ളസ് ടു വിദ്യാര്‍ഥിയാണ്. വേനലവധിക്ക് നാട്ടില്‍വന്ന ഇവര്‍ ജൂണ്‍ 21നാണ് മടങ്ങിയത്. ഉണ്ണികൃഷ്ണനും ഭാര്യ കൃഷ്ണയും മക്കളായ രാജീവും രജതും ഒരുമിച്ചാണ് വന്നത്. ഉണ്ണികൃഷ്ണന്‍െറ ജ്യേഷ്ഠ സഹോദരന്‍ ജയപാലനും 30 വര്‍ഷമായി കുടുംബസമേതം ഡല്‍ഹിയില്‍ തന്നെയാണ് താമസം. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ജയപാലന്‍. അവധിയില്‍ എത്തിയ ജയപാലനും കുടുംബവും ഇപ്പോഴും കോട്ടായിയിയിലെ തറവാട്ട് വീട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ടായിരുന്നു  നാരായണന്‍ നായര്‍.
മരണവിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ മുതല്‍ക്കെ ശാസ്താപുരത്തെ തറവാട്ടുവീട്ടിലേക്ക് നാട്ടുകാരും ജനപ്രതിനിധികളും എത്തി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകര്‍ത്താക്കളും നിയമപാലകരും ശ്രദ്ധിക്കണമെന്നുമാണ് അപേക്ഷയെന്ന് നാരായണന്‍ നായര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.