കരിനിയമം കടുപ്പിക്കാന്‍ ആലോചന; യു.എ.പി.എ ഭേദഗതി പരിഗണനയില്‍

ന്യൂഡല്‍ഹി: കരിനിയമമെന്ന ആക്ഷേപം നിലനില്‍ക്കെ, നിയമവിരുദ്ധ കുറ്റകൃത്യം തടയല്‍ നിയമം (യു.എ.പി.എ) കൂടുതല്‍ കര്‍ശനമാക്കി ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ഡോ. സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനമാകുന്നുവെന്ന റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണ് നടപടി.  സാക്കിര്‍ നായിക്കിന്‍െറ  പ്രസംഗങ്ങളുടെയും എഴുത്തുകളുടെയും പ്രാഥമിക പരിശോധനയില്‍ പലതും പ്രകോപനപരവും എതിര്‍ക്കപ്പെടേണ്ടതാണെന്നും കണ്ടത്തെിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി. രാജ്യദ്രോഹനടപടികളില്‍ ഏര്‍പ്പെടുന്ന സംഘടനകളെയും കൂട്ടായ്മകളെയും നിരോധിക്കാന്‍ യു.എ.പി.എ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ പട്ടികയിലേക്ക് വ്യക്തികളെക്കൂടി ഉള്‍പ്പെടുത്തുന്ന തരത്തിലുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  ഭേദഗതി സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തിന്‍െറ അനുമതിയും തേടി.  സര്‍ക്കാറിന് ഹിതകരമല്ലാത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തികളെ ഒറ്റപ്പെടുത്താനും പ്രഭാഷണം, എഴുത്ത്, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവ നിയന്ത്രിക്കാനുമാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആക്ഷേപമുണ്ട്.

പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സാക്കിര്‍ നായിക്കിനെതിരായ അന്വേഷണം പുരോഗമിക്കുന്നത്. പ്രസംഗ സീഡികള്‍, ഓണ്‍ലൈന്‍ ഇടപെടല്‍, നായിക്കിന്‍െറ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍െറ വരവുചെലവുകള്‍, സ്പോണ്‍സര്‍മാരുടെ വിവരം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. വിദേശനാണ്യവിനിമയ ചട്ടലംഘനം കണ്ടത്തെിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. വിദേശത്തുള്ള സാക്കിര്‍ നായിക് തിരിച്ചത്തെിയാല്‍ ചോദ്യംചെയ്യാനും തുടര്‍നടപടികള്‍ക്കുമുള്ള കരുനീക്കമാണ്  പുരോഗമിക്കുന്നത്.

നായിക്കിനെതിരെ ലഖ്നോവില്‍ ശിയാ മുസ്ലിംകള്‍ പ്രകടനം നടത്തി. അബൂബക്കര്‍ ബഗ്ദാദി, ഹാഫിസ് സഈദ്, സാക്കിര്‍ നായിക് എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. നായിക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കശ്മീരില്‍ പ്രകടനം അരങ്ങേറി. നായിക്കിന്‍െറ പ്രസംഗം ഭീകരര്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന ആക്ഷേപം താന്‍ നേരത്തേ ഉന്നയിച്ചിരുന്നതാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നായിക്കിനെതിരായ ആക്ഷേപം ഉയര്‍ന്നപ്പോള്‍ യു.പി.എ സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ് ചെയ്തതെന്നും എന്‍.ഡി.എ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.