കശ്മീര്‍: രണ്ടു മരണം കൂടി; സംയമനത്തിന് ഐക്യരാഷ്ട്രസഭാ ആഹ്വാനം

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ചൊവ്വാഴ്ച രണ്ടു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ 33 ആയി. സംഘര്‍ഷം നിലനില്‍ക്കുന്ന ശ്രീനഗറിലും തെക്കന്‍ കശ്മീരിലെ നാലു ജില്ലകളിലും കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷത്തിന് അല്‍പം ശമനമുണ്ടായിട്ടുണ്ടെങ്കിലും സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ചൊവ്വാഴ്ച പുല്‍വാമ ജില്ലയില്‍ പ്രക്ഷോഭകര്‍ പൊലീസുകാരന്‍െറ വീടാക്രമിച്ചു. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന എസ്.ഐയുടെ ഭാര്യക്കും മകള്‍ക്കും മര്‍ദനമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ബാരാമുല്ല ജില്ലയിലെ സോപോറിലെ പൊലീസ് ക്യാമ്പിനു നേരെ ആക്രമണമുണ്ടായി.  കുപ്വാരയിലെ ക്രാല്‍പോറ പൊലീസ് സ്റ്റേഷന്‍ ഒരു സംഘം ആക്രമിച്ച് ജിപ്പീന് തീയിട്ടു. പൊലീസുകാര്‍ ജീപ്പിനകത്ത് പെട്ടു. തുടര്‍ന്നുനടന്ന വെടിവപ്പിലാണ് രണ്ടു യുവാക്കള്‍ മരിച്ചത്.

നൂര്‍ഭാഗില്‍ സുരക്ഷാസേനക്കു നേരെ അജ്ഞാതന്‍ പെട്രോള്‍ ബോംബെറിഞ്ഞെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിഘടനവാദി സംഘടനകളുടെ ബന്ദും താഴ്വരയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബന്ദ് ബുധനാഴ്ചയും തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. കരുതല്‍ തടങ്കലിലുള്ള വിഘടനവാദി നേതാക്കളെ വിട്ടയച്ചിട്ടില്ല. കടകളും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ചൊവ്വാഴ്ചയും അടഞ്ഞുകിടന്നു.കശ്മീര്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ എല്ലാവരും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷത്തില്‍ ദു$ഖം രേഖപ്പെടുത്തിയ അദ്ദേഹം, ജാഗ്രത പാലിക്കണമെന്നും സമാധാനപരമായി പ്രശ്നപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഒരു സംഘം ഇമാമുമാരുമായി കൂടിക്കാഴ്ച നടത്തി. താഴ്വരയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ നടപടി വേണമെന്ന് ഇമാമുമാരുടെ അഖിലേന്ത്യാ സംഘടനയുടെ ബാനറില്‍ ആഭ്യന്തര മന്ത്രിയെ കണ്ടവര്‍ അഭ്യര്‍ഥിച്ചു.

അതിനിടെ, കശ്മീര്‍ സ്ഥിതി ആളിക്കത്തിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസ്താവന, ഇന്ത്യന്‍ ഹൈകമീഷണറെ പാക് വിദേശകാര്യ ഓഫിസ് വിളിച്ചുവരുത്തിയത് എന്നിവ മുന്‍നിര്‍ത്തി, ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാതെ സംയമനം പാലിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രി ഇക്കാര്യത്തില്‍ യഥാസമയം പ്രസ്താവന ഇറക്കണമെന്ന് പ്രധാനമന്ത്രി വിളിച്ച യോഗം തീരുമാനിച്ചു. ജമ്മു കശ്മീരിന് എന്‍.ഡി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച 80,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.