വ്യോമസേനക്കെതിരെ വനിതാ വിങ് കമാന്‍ഡര്‍ സൈനിക ട്രൈബ്യൂണലില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേന പെര്‍മനന്‍റ് കമീഷന്‍ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ വിങ് കമാന്‍ഡര്‍ പൂജ താക്കൂര്‍ സൈനിക ട്രൈബ്യൂണലിനെ സമീപിച്ചു. 2015ലെ റിപബ്ളിക് ദിനപരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത  യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ച ആദ്യ വനിത എന്ന നിലയില്‍ പ്രശസ്തയായ പൂജ താക്കൂറാണ് പെര്‍മനന്‍റ് കമീഷന്‍ നിരസിച്ച വ്യോമസേനയുടെ നടപടിക്കെതിരെ സായുധ സേന ട്രൈബ്യൂണലിനെ  സമീപിച്ചത്.

നിലവില്‍ പരമാവധി 14 വര്‍ഷത്തെ  സേവനത്തിന് ശേഷം മുഴുവന്‍ ആനുകൂല്യങ്ങളില്ലാതെ വിരമിക്കുന്ന ഷോര്‍ട് സര്‍വിസ് കമീഷനിലാണ് പൂജ ഉള്‍പ്പെട്ടിട്ടുള്ളത്. പെര്‍മനന്‍റ് കമീഷന്‍ ലഭിച്ചാല്‍ 60 വയസ് വരെ ജോലി ചെയ്യാനും പൂര്‍ണ ആനൂകൂല്യങ്ങളോടെ വിരമിക്കാനും കഴിയും.

പെര്‍മനന്‍റ് കമീഷന്‍ അനുവദിക്കാത്ത വ്യോമസേനയുടെ തീരുമാനം ലിംഗവിവേചനവും പക്ഷപാതവും നീതികേടുമാണെന്ന് പൂജ താക്കൂര്‍ പരാതിയില്‍ സൂചിപ്പിച്ചു. പൂജയുടെ പരാതി സ്വീകരിച്ച ട്രൈബ്യൂണല്‍ ഒരു മാസത്തിനകം വിശദീകരണം നല്‍കാന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടു.

2000ല്‍ വ്യോമസേനയില്‍ ചേര്‍ന്ന പൂജ താക്കൂര്‍ 2001 ല്‍ കമീഷന്‍ ചെയ്യപ്പെട്ടു. 2012 ല്‍  പെര്‍മനന്‍റ് കമീഷന്‍ അനുവദിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്നും പുതുതായി അനുവദിക്കാനാവില്ളെന്നുമാണ് വ്യോമസേനയുടെ വാദമെന്ന് പൂജ താക്കൂറിന്‍െറ അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി യുദ്ധ വിമാനങ്ങളുടെ പൈലറ്റായി വനിതകളെ നിയമിച്ചത്. ഇവരും ഷോര്‍ട് സര്‍വിസ് കമീഷനിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.