മുംബൈ: തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്ലാമിക മത പ്രഭാഷകൻ സാകിർ നായിക്. സ്കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിർ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ഭീകരതയെ താൻ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേറാക്രമണങ്ങളെല്ലാം ഇസ്ലാമിക വിരുദ്ധമാണ്.
താൻ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ല. പക്ഷെ ചിലപ്പോൾ ചിലർ എന്‍റെ അടുത്തുവന്ന് ഫോട്ടോ എടുക്കാറുണ്ട്. അവർ ആരാണെന്ന് തനിക്കറിയില്ല. സർക്കാരിന്‍റെ ഒരു ഔദ്യോഗിക സംവിധാനവും ഏതെങ്കിലും തരത്തിലുള്ള ചോദ്യവുമായി തന്നെ സമീപിച്ചിട്ടില്ല. ഇന്ത്യൻ സർക്കാരുമായോ പൊലീസുമായോ തനിക്കൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പീസ് ടി.വിക്ക് വിലക്കേർപ്പെടുത്തിയത് അത് മുസ്ലിം ചാനലായതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. എഡിറ്റ് ചെയ്ത വീഡിയോകളെ ആശ്രയിക്കരുതെന്ന് അദ്ദഹം മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന രീതിയിലുള്ള, ചാവേറാക്രമണങ്ങളെ താൻ അപലപിച്ചില്ലെന്ന് കാണിക്കുന്ന എഡിറ്റ് ചെയ്യാത്ത വീഡിയോ കാണിക്കാൻ കഴിയുമോ എന്നും സാകിർ നായിക് വെല്ലുവിളിച്ചു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. ബ്രിട്ടനിൽ മാത്രമാണ് തന്‍റെ പ്രഭാഷണം വിലക്കിയിട്ടുള്ളത്. മലേഷ്യയിൽ വിലക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി തനിക്ക് ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങൾ തന്‍റെ പ്രസ്താവനകൾ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോപണങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
25 വർഷമായി താൻ മതപ്രഭാഷണം നടത്തുന്നു. നിരപരാധിയായ ഒരാളെ കൊല ചെയ്താൽ ലോകത്തെ മുഴുവൻ മനുഷ്യരെയും കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുർആനാണെന്നും അദ്ദേഹം പറഞ്ഞു. താൻ സമാധാനത്തിന്‍റെ സന്ദേശ വാഹകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം സാകിര്‍ നായികിന്‍റെ സ്കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം ഇന്നലെ റദ്ദാക്കിയിരുന്നു. ഇപ്പോൾ സൗദി അറേബ്യയിലുള്ള സാകിർ നായിക് ഇന്ന് രാവിലെ 11 മണിക്ക് ദക്ഷിണ മുംബൈയിലെ ബോയ്സ് ഹാളിൽ വെച്ചാണ് മാധ്യ പ്രവർത്തകരുമായി ആശയവിനിമയം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.