സംഘര്‍ഷമൊഴിയാതെ കശ്മീര്‍

ശ്രീനഗര്‍: സംസ്ഥാനത്തിന്‍െറ പലയിടങ്ങളിലും നിരോധാജ്ഞ ഏര്‍പ്പെടുത്തുകയും സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിട്ടും കശ്മീരില്‍ സംഘര്‍ഷം ഒഴിയുന്നില്ല. കഴിഞ്ഞയാഴ്ച ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷം വെള്ളിയാഴ്ചയും തുടര്‍ന്നു.
കുല്‍ഗാമില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പലയിടത്തും പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടി. കല്ളേറിലും ഗ്രനേഡ് പ്രയോഗങ്ങളിലുമായി സുരക്ഷാ സൈനികരും സിവിലിയന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വഷളായതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും അമര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവെച്ചു. പള്ളികള്‍ തുറക്കാനാകാത്തതിനാല്‍ പലയിടത്തും വെള്ളിയാഴ്ച ജുമുഅയും നടന്നില്ല. തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്‍റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ 10 ജില്ലകളില്‍ അധികൃതര്‍ നിരോധാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ബാരാമുല്ല, സോപോര്‍, പുല്‍വാമ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ലംഘിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി. ഈ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. അതിനിടെ, കശ്മീരിലേക്ക് കടക്കാന്‍ ശ്രമിച്ച പഞ്ചാബില്‍നിന്നുള്ള നൂറിലധികം ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു. അമര്‍നാഥ്യാത്ര തടസ്സപ്പെട്ടതു സംബന്ധിച്ച് ഗവര്‍ണര്‍ എന്‍.എന്‍. വോഹ്റക്ക് നിവേദനം സമര്‍പ്പിക്കാനത്തെിയ ശിവസേനക്കാരാണ് അറസ്റ്റിലായത്.

സംസ്ഥാന അതിര്‍ത്തിയിലെ ലഖന്‍പുര്‍ ചെക്പോസ്റ്റ് അനുവാദമില്ലാതെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അമര്‍നാഥ് യാത്ര പാക് തീവ്രവാദികള്‍ മന$പൂര്‍വം തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് ശിവസേന ആരോപിച്ചു.കശ്മീര്‍ പ്രശ്നം കൈകാര്യംചെയ്യുന്നതില്‍ പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിന് പിഴച്ചുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഘര്‍ഷത്തിന് ആക്കംകൂട്ടുന്ന തരത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് കപില്‍ സിങ് പറഞ്ഞു.കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ അപ്രസക്തമാക്കുന്ന തരത്തില്‍ ഭരണകക്ഷിയിലെ നേതാക്കള്‍ നടത്തുന്ന പ്രസ്താവന വിഘടനവാദികളെ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.