കശ്മീര്‍ സംഘര്‍ഷം: സ്വതന്ത്ര അന്വേഷണം വേണമെന്ന് പാകിസ്താന്‍ യു.എന്നില്‍

യുനൈറ്റഡ് നേഷന്‍സ്: കശ്മീര്‍ സംഘര്‍ഷത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു.
കശ്മീരില്‍ നടക്കുന്നത് അന്യായക്കൊലകളാണെന്ന് ആരോപിച്ച പാകിസ്താന്‍, സമാധാനത്തിനും സുരക്ഷക്കും ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളതെന്നും പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലെ പാക് സ്ഥാനപതി മലീഹ ലോധി കഴിഞ്ഞ ദിവസം അണ്ടര്‍ സെക്രട്ടറി ജനറല്‍ എഡ്മണ്ട് മുള്ളറ്റിനെ നേരില്‍ കണ്ടാണ് ആവശ്യമുന്നയിച്ചത്.

ഇന്ത്യന്‍ സൈന്യം കശ്മീരികള്‍ക്കെതിരെ അതിക്രൂരമായ അടിച്ചമര്‍ത്തലാണ് നടത്തുന്നതെന്ന ആരോപണങ്ങളടക്കം ലോധി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പാക് സ്ഥാനപതി കൂടിക്കാഴ്ചയില്‍ ‘പ്രമുഖ കശ്മീരി യുവനേതാവ്’ എന്നാണ് വിശേഷിപ്പിച്ചത്.
സംഘര്‍ഷത്തില്‍ പാക് ഇടപെടലിനെ വിമര്‍ശിച്ച് ഇന്ത്യയുടെ പ്രതികരണം വന്നതിന് ശേഷമാണ് കൂടിക്കാഴ്ച നടന്നത്. തീവ്രവാദ സംഘങ്ങള്‍ക്ക് പാകിസ്താന്‍ സഹായം നല്‍കുന്നെന്നായിരുന്നു ഇന്ത്യ പ്രതികരിച്ചത്.

കശ്മീരിലെ സാഹചര്യം സംബന്ധിച്ച് സെക്രട്ടറി ജനറലിന് ധാരണയുണ്ടെന്നും പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സമാധാന സംഭാഷണങ്ങള്‍ക്ക് മധ്യസ്ഥതക്ക് തയാറാണെന്നും യു.എന്‍ മറുപടി നല്‍കിയതായും പാക് സ്ഥാനപതി കാര്യാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
വ്യാഴാഴ്ച യു.എന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും അംബാസഡര്‍മാര്‍ തമ്മില്‍ വാഗ്വദമുണ്ടായിരുന്നു. മലീഹ ലോധിയുടെ പ്രസംഗത്തില്‍ ബുര്‍ഹാന്‍ വാനിയെ പരാമര്‍ശിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.