കശ്മീരികള്‍ക്കായി ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പ്രക്ഷോഭത്തിന്. സംഘടനയുടെ സമരപരിപാടികള്‍ക്ക് ഈ മാസം 21ന് ജന്തര്‍മന്തറില്‍ തുടക്കം കുറിക്കുമെന്ന് പ്രസിഡന്‍റും പ്രമുഖ ബറേല്‍വി നേതാവുമായ മൗലാന തൗഖീര്‍ റാസ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാന മനസ്കരെയും സമരത്തില്‍ പങ്കാളികളാക്കുമെന്നും റാസ പറഞ്ഞു. കശ്മീരിനൊപ്പം കശ്മീരികളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ സമരം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കശ്മീരികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരാണിത്. ആവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും റാസ കൂട്ടിച്ചേര്‍ത്തു. സാകിര്‍ നായികിന്‍െറ പ്രബോധനരീതികളോട് കടുത്ത വിയോജിപ്പാണ് തനിക്കുള്ളതെന്ന് ചോദ്യത്തിനുത്തരമായി പറഞ്ഞ റാസ അദ്ദേഹം ഭീകരതയെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ മുസ്ലിംകളുടെ പൊതുപ്രശ്നങ്ങള്‍ നേരിടുന്നതിന് ബറേല്‍വികളെയും ദയൂബന്തികളെയും ഒരുമിപ്പിക്കാന്‍ തുടങ്ങിവെച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവ് കമാല്‍ ഫാറൂഖിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.