ന്യൂഡൽഹി: എം.പിയും മുൻമന്ത്രിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പാകിസ്താൻ മാധ്യമപ്രവർത്തക മെഹർ തരാറിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യലിനായി മൂന്ന് മാസം മുൻപ് തരാർ ഇന്ത്യയിലെത്തിയിരുന്നുവെന്നും സെൻട്രൽ ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വളരെ രഹസ്യമായിരുന്നു തരാറിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരിൽ വളരെ കുറച്ച് പേർക്ക് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുളളൂ.
മൂന്ന് മാസം മുമ്പാണ് മെഹർ തരാർ ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്തിയത്. അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അയച്ച കത്തിനോട് അനുകൂലമായാണ് തരാർ പ്രതികരിച്ചത്. ഫെബ്രുവരിയില്‍ ഡൽഹി ഡി.സി.പിയെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ശശി തരൂരുമായി പ്രണയബന്ധമുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ശശി തരൂരുമായി ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ കൈമാറിയെന്ന വാർത്തയും ഇവർ നിഷേധിച്ചു.
2014 ജനുവരി 17നാണ് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്‍റെ ഭാര്യയായ സുനന്ദ പുഷ്‌കറിനെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരുമായി മെഹര്‍ തരാറിന് ബന്ധമുണ്ടെന്ന് ആരോപിച്ച് സുനന്ദ പുഷ്‌കര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹർ തരാറും ശശി തരൂരും തമ്മിൽ കൈമാറിയ സന്ദേശങ്ങൾ ലഭിക്കാൻ സഹായിക്കണമെന്ന് സുനന്ദ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമ പ്രവർത്തക നളിനി സിങ് മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.