70 കഴിഞ്ഞവര്‍ക്ക് ബി.സി.സി.ഐ ഭാരവാഹിത്വമില്ല

ന്യൂഡല്‍ഹി: ബി.സി.സി.ഐയില്‍ നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ആര്‍.എം ലോധ കമ്മറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവെച്ചു. ബി.സി.സി.ഐയിലെ ഭാരവാഹികള്‍ക്ക് പ്രായപരിധി നിശ്ചിയിച്ചു. 70 വയസിനു മുകളിലുള്ളവരെ ഭാരവാഹികളാക്കരുത്. സംസ്ഥാനത്തിന് ഒരു വോട്ടെന്ന ശിപാര്‍ശയും സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഫക്കിര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുല്ല എന്നിവരടങ്ങുന്ന ബെഞ്ചാണ് ലോധ പാനല്‍ റിപ്പോര്‍ട്ട് ശരിവെച്ചത്.

സംസ്ഥാനങ്ങളിലെ ഒരു ക്രിക്കറ്റ് അസോസിഷേയനു മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. ഒന്നിലധികം അസോസിഷേന്‍ ഉണ്ടെങ്കില്‍ റൊട്ടേഷന്‍ ക്രമമനുസരിച്ച് വോട്ട് ചെയ്യാം. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഒന്നിലധികം ക്രിക്കറ്റ് അസോസിയേഷനുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയാണ് ഈ ശിപാര്‍ശ മുന്നോട്ടുവെച്ചത്.
മന്ത്രിമാര്‍ ഭാരവാഹികളാകാന്‍ പാടില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബി.സി.സി.ഐയില്‍ പ്രാതിനിധ്യം നല്‍കണം. സി.എ.ജി ശിപാര്‍ശ ചെയ്യുന്ന ഒരു അംഗത്തെ  ബി.സി.സി.ഐയുടെ ഗവേണിങ് കൗണ്‍സിലിന്‍റെ  ഭാഗമാക്കണം. ഐ.പി.എല്‍ ഭാരവാഹിത്വവും ബി.സി.സി.ഐ ഭാരവാഹിത്വവും ഒരുമിച്ച് വഹിക്കാന്‍ കഴിയില്ല.

ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്‍റെ കീഴില്‍ കൊണ്ടുവരണമെന്ന ശിപാര്‍ശ കോടതി പാര്‍ലമെന്‍റിന്‍റെ തീരുമാനത്തിന് വിട്ടു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും സ്പോര്‍ട്സിന്‍റെയും ചരിത്രത്തില്‍  മഹത്തായ ദിനമാണിതെന്ന് ജസ്റ്റിസ് ലോധ അഭിപ്രായപ്പെട്ടു.
ബി.സി.സി.ഐയില്‍ ഘടനാപരവും നയപരവുമായ പരിഷ്കാരങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതിന് വേണ്ടി 2015 ജനുവരിയിലാണ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ മൂന്നംഗ കമ്മറ്റി രൂപീകരിച്ചത്.


പ്രധാന ശിപാര്‍ശകള്‍

  • ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ മന്ത്രിമാര്‍ ഭാരവാഹികളാകാന്‍ പാടില്ല.
  • 70 വയസ് കഴിഞ്ഞവരെ ഭരണത്തിലുള്‍പ്പെടുത്തരുത്.
  • വാതുവയ്പ് നിയമവിധേയമാക്കുക.
  • ഒരു സംസ്ഥാനത്തു നിന്ന് വോട്ടിങ് അവകാശമുള്ള ഒരു അസോസിയേഷന്‍ മാത്രമേ ഉണ്ടാവൂ.
  • ഒരേസമയം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലും ബി.സി.സി.ഐയിലും ഭാരവാഹിത്വം വഹിക്കാന്‍ പാടില്ല.
  • സംസ്ഥാന അസോസിയേഷനുകള്‍ക്കുള്ള ധനസഹായം കൃത്യമായി വിലയിരുത്തണം.
  • സി.എ.ജി നാമനിര്‍ദേശം ചെയ്യുന്ന ഒരംഗത്തെ ബി.സി.സി.ഐ ഗവേണിങ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണം.
  • ഒമ്പ തംഗ ഉന്നതാധികാര സമിതിയാവണം ബോര്‍ഡിന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത്.
  • മൂന്നു തവണയില്‍ കൂടുതല്‍ ബോര്‍ഡ് അംഗങ്ങള്‍ ഭരണത്തില്‍ ഉണ്ടാവരുത്. പ്രസിഡന്‍റിന് മൂന്നു വര്‍ഷത്തിന്‍റെ രണ്ടു ടേം ഭരണത്തിലിരിക്കാം. മറ്റുള്ളവര്‍ക്ക് മൂന്നു ടേം അനുവദിക്കാം.
  • ഐപിഎല്ലിന്‍റെ ഉന്നത ഭരണസമിതി ഗവേണിങ് കൗണ്‍സില്‍ എന്നറിയപ്പെടും. ഇതില്‍ ഒമ്പത് അംഗങ്ങളാണുണ്ടാവുക.  ബോര്‍ഡിന്‍്റെ സെക്രട്ടറിയും ട്രഷററും എക്സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും.
  • ഗവേണിങ് കൗണ്‍സില്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ജനറല്‍ ബോഡിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.