1999 കാര്‍ഗില്‍: നടക്കാതെപോയ ബോംബാക്രമണം; സൈനിക രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഒരുപക്ഷേ ആ ബോംബാക്രമണം നടന്നിരുന്നെങ്കില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മറ്റൊരു ചരിത്രം പിറക്കുമായിരുന്നു. തീരുമാനിച്ചിട്ടും അവസാന നിമിഷം അത് മാറ്റിവെക്കപ്പെട്ടു. അതിന്‍െറ കാരണം അജ്ഞാതം. ഇന്നും ആര്‍ക്കുമറിയാത്ത സൈനിക രഹസ്യം. കാര്‍ഗില്‍ യുദ്ധം കൊടുമ്പിരികൊണ്ട വേളയിലാണ് 1999 ജൂണ്‍ 13ന് പുലര്‍ച്ചെ നിയന്ത്രണരേഖ (എല്‍.ഒ.സി) ലംഘിച്ച് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാകിസ്താനില്‍ കടന്ന് ബോംബ് വര്‍ഷിക്കാന്‍ തീരുമാനിച്ചത്. ലക്ഷ്യങ്ങള്‍ തീരുമാനിച്ചു, റൂട്ട് നിര്‍ണയിച്ചു, പൈലറ്റുമാര്‍ റിവോള്‍വറുകളില്‍ തിരനിറച്ചു, പോര്‍വിമാനത്തില്‍നിന്ന് സ്വയം രക്ഷപ്പെടേണ്ട (ഇജക്ട്) സാഹചര്യമുണ്ടായി പാകിസ്താനില്‍ ഇറങ്ങേണ്ടിവന്നാല്‍ ഉപയോഗിക്കാന്‍ പാക് കറന്‍സിയും പോക്കറ്റില്‍ നിറച്ചു. അവസാന ഉത്തരവിനായി അവര്‍ കാത്തുനിന്നു. ദേശീയ ചാനലായ എന്‍.ഡി.ടി.വിക്ക് ചോര്‍ന്നുകിട്ടിയ കാര്‍ഗില്‍ യുദ്ധപദ്ധതിയുടെ അതീവ രഹസ്യരേഖകളിലാണ് ഈ കഥ വിവരിക്കുന്നത്.  
പാകിസ്താനില്‍ ബോംബ് വര്‍ഷം നടന്നിരുന്നെങ്കില്‍, കാര്‍ഗില്‍ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന നിയന്ത്രിത യുദ്ധം കൈവിട്ടുപോകുമായിരുന്നുവെന്നും ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിലെ സമ്പൂര്‍ണ യുദ്ധമായി അത് മാറുമായിരുന്നുവെന്നുമാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. കാര്‍ഗില്‍ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങും പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച അലസിയതാണ് ഇന്ത്യയെ വ്യോമാക്രമണത്തിന് പ്രേരിപ്പിച്ചത്. പാകിസ്താനില്‍ കടുത്ത ആക്രമണം ലക്ഷ്യമിട്ട് 16 പോര്‍വിമാനങ്ങളാണ് ഇന്ത്യ സജ്ജമാക്കിയത്. ജൂണ്‍ 12ന് സര്‍താജ് അസീസ് പാകിസ്താനിലേക്ക് മടങ്ങി.

അന്ന് വൈകീട്ട് നാലുമണിയോടെ എല്ലാ പൈലറ്റുമാരെയും വിളിച്ചുചേര്‍ത്തു. ജൂണ്‍ 13ന് പുലര്‍ച്ചെ ആക്രമണം. ശ്രീനഗര്‍ വ്യോമതാവളത്തിലെ മിഗ് 21 പോര്‍വിമാന സംഘമായ ‘ഗോള്‍ഡന്‍ ആരോ’ക്കായിരുന്നു ആ ചുമതല -എന്‍.ഡി.ടി.വിക്ക് ലഭിച്ച സൈനിക രേഖകളില്‍ പറയുന്നു. പാക് അധീന കശ്മീരിലും റാവല്‍പിണ്ടിയിലെ പാകിസ്താന്‍െറ പ്രധാന വ്യോമസേനാ കേന്ദ്രമായ ചക്ലാലയിലും നാലു പോര്‍വിമാനങ്ങള്‍ വഴിയുള്ള ബോംബാക്രമണമാണ് ആദ്യം നിശ്ചയിച്ചത്. പൈലറ്റുമാര്‍ തങ്ങളുടെ നിര്‍ണായക ദൗത്യത്തിന് ഒരുങ്ങി. വീടുകളിലേക്ക് അവര്‍ ‘അവസാന’മായി കത്തെഴുതിയതായി രേഖകളില്‍ പറയുന്നു. തുടര്‍ന്ന് നാഴികമണിയുടെ മിടിപ്പിലായി ഏവരുടെയും ശ്രദ്ധ. 1971നുശേഷം ഇന്ത്യന്‍ വ്യോമസേന ആദ്യമായി പാകിസ്താനില്‍ ആക്രമണത്തിനൊരുങ്ങുന്നു. അതും രണ്ടു രാജ്യങ്ങളും ആണവശക്തികളായിരിക്കെ. അതായിരുന്നു, ആ തീരുമാനത്തിന്‍െറ ചരിത്രപ്രാധാന്യം. നാല് മിഗ് 27 വിമാനങ്ങള്‍ക്ക് രണ്ടു മിഗ് 21 വിമാനങ്ങള്‍ എസ്കോര്‍ട്ട് പോവുക, റാവല്‍പിണ്ടി വ്യോമതാവളത്തിന്‍െറ റണ്‍വേ ബോംബ് വര്‍ഷിച്ച് തകര്‍ക്കുക, ഇന്ത്യയുടെ മിഗ് 27 വിമാനങ്ങള്‍ പാക് സൈന്യം കണ്ടത്തെിയാല്‍ മിഗ് 21 വിമാനങ്ങള്‍ സംരക്ഷണ വലയം തീര്‍ത്ത് തിരിച്ചടിക്കുക എന്നിങ്ങനെയായിരുന്നു യുദ്ധപദ്ധതി.

പുലര്‍ച്ചെ 4.30ന് പൈലറ്റുമാര്‍ റെഡിയായി. എല്ലാം ഒരുക്കി 6.30നായിരുന്നു വിമാനങ്ങള്‍ പറന്നുയരേണ്ടത്. എന്നാല്‍, കാത്തുനിന്നിട്ടും ആ ഉത്തരവുണ്ടായില്ല. 12 മണിയോടെ ‘ഫൈറ്റര്‍ അറ്റാക്ക്’ ഉത്തരവ് പിന്‍വലിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് ആക്രമണ പദ്ധതി നടക്കാതെപോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.