സഭാസ്തംഭനത്തില്‍ പകരത്തിന് പകരം ആന്ധ്രയെ ചൊല്ലി രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാനയുണ്ടാക്കിയ നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ച് കോണ്‍ഗ്രസ് എം.പി കൊണ്ടുവന്ന സ്വകാര്യ ബില്‍ മറ്റു അജണ്ടകള്‍ മാറ്റിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിങ്കളാഴ്ച രാജ്യസഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ ആവശ്യം അംഗീകരിക്കാനാവില്ളെന്ന് സര്‍ക്കാറും ഉപാധ്യക്ഷനും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അഞ്ചുകോടി ആന്ധ്രക്കാരുടെ പ്രധാന വിഷയം ചര്‍ച്ച ചെയ്യാതെ സഭ നടത്താന്‍ അനുവദിക്കില്ളെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചത്.

സഭയില്‍ പതിവായുണ്ടാകുന്ന ബഹളങ്ങളില്‍നിന്ന് സ്വകാര്യ ബില്ലുകളെ മാറ്റിനിര്‍ത്താറുള്ള പതിവുതെറ്റിച്ചാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും മന്ത്രിമാരടക്കമുള്ള ബി.ജെ.പി അംഗങ്ങളെ വെള്ളിയാഴ്ച നടുത്തളത്തിലിറക്കിയത്. കോണ്‍ഗ്രസ് അംഗത്തിന്‍െറ സ്വകാര്യബില്‍ തടഞ്ഞ്, സര്‍ക്കാറിന് തിരിച്ചടിയേല്‍ക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് സര്‍ക്കാറിന്‍െറ പ്രധാന ബില്ലുകള്‍ അജണ്ടയായി വന്ന തിങ്കളാഴ്ച കോണ്‍ഗ്രസ് അതെല്ലാം മാറ്റിവെച്ച് ആന്ധ്ര ബില്‍ ചര്‍ച്ചക്കെടുക്കാന്‍ വാശിപിടിച്ചത്.
ശൂന്യവേളക്കും ചോദ്യോത്തരത്തിനും ശേഷം ഉച്ചക്ക് രണ്ടുമണിക്ക് കോണ്‍ഗ്രസിന്‍െറ ആവശ്യത്തിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഭരണപക്ഷത്തുനിന്ന് തെലുഗുദേശം പാര്‍ട്ടിയും പിന്തുണനല്‍കി. വെള്ളിയാഴ്ച ഉച്ചക്കുശേഷം പരിഗണിക്കേണ്ടിയിരുന്ന സ്വകാര്യ ബില്‍ മന്ത്രിമാരടക്കമുള്ള ഭരണകക്ഷി അംഗങ്ങള്‍ സഭ സ്തംഭിപ്പിച്ച് ബോധപൂര്‍വം മുടക്കിയതിനാല്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. എന്നാല്‍, സഭാചട്ടങ്ങള്‍ പ്രകാരം വെള്ളിയാഴ്ച മാത്രമേ സ്വകാര്യ ബില്‍ പരിഗണിക്കാനാവൂവെന്ന് പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വാദിച്ചു. ഇത് ചോദ്യംചെയ്ത കോണ്‍ഗ്രസ് അംഗം മധുസൂദനന്‍ മിസ്ത്രി, സ്വകാര്യ ബില്‍ ഏതെങ്കിലും കാരണത്താല്‍ വെള്ളിയാഴ്ച മുടങ്ങിയാല്‍ സഭാധ്യക്ഷനും സഭാനേതാവും ചര്‍ച്ചചെയ്ത് മറ്റേതേങ്കിലുമൊരു ദിവസം ചര്‍ച്ചക്കെടുക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടെന്ന് സഭാചട്ടങ്ങളുദ്ധരിച്ച് ചുണ്ടിക്കാട്ടി. തുടര്‍ന്ന് റൂളിങ് നല്‍കാന്‍ നിര്‍ബന്ധിതനായ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ തിങ്കളാഴ്ച വിഷയം ചര്‍ച്ചക്കെടുക്കാനാവില്ളെന്ന് വ്യക്തമാക്കിയതോടെ നടുത്തളത്തിലേക്കിറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ സ്തംഭിപ്പിക്കുകയായിരുന്നു. ആദ്യം 2.43 വരെ നിര്‍ത്തിവെച്ച സഭ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തി മൂന്നുമണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും നടപടികളിലേക്ക് കടക്കാനായില്ല.   

സ്വകാര്യ ബില്‍ അവതരണത്തിനുള്ളതായതിനാല്‍ സാധാരണഗതിയില്‍ പാര്‍ട്ടികള്‍ വെള്ളിയാഴ്ച ഉച്ചക്കുശേഷം സഭ സ്തംഭിപ്പിക്കാറില്ല. എന്നാല്‍, വിഭജനത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നതിനുള്ള കോണ്‍ഗ്രസ് എം.പി കെ.വി.പി. രാമചന്ദ്ര റാവുവിന്‍െറ സ്വകാര്യ ബില്‍ പാസാക്കാനായി വെള്ളിയാഴ്ച ഉച്ചക്കുശേഷമുള്ള സ്വകാര്യ ബില്ലുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. പുനഃസംഘടനാ ബില്ലില്‍ പ്രത്യേക പദവിക്ക് വ്യവസ്ഥയില്ളെന്ന തടസ്സവാദം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സര്‍ക്കാറും ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇത്തരമൊരു ബില്‍ കൊണ്ടുവന്നത്. ചര്‍ച്ച നടത്തിയപ്പോള്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി അടക്കം പിന്തുണച്ചിരുന്നു.

വനബില്‍ പാസാക്കാനായില്ല
ന്യൂഡല്‍ഹി: നഷ്ടപരിഹാര വനവത്കരണ ഫണ്ട് ബില്‍ അടക്കം മൂന്ന് ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാനുള്ള മോദി സര്‍ക്കാറിന്‍െറ നീക്കം പ്രതിപക്ഷ ബഹളത്തില്‍ പരാജയപ്പെട്ടു. ആന്ധ്രപ്രദേശിന്‍െറ പ്രത്യേക പദവിക്കായുള്ള സ്വകാര്യ ബില്‍ ചര്‍ച്ചക്കെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തിയതാണ് സര്‍ക്കാറിന് തിരിച്ചടിയായത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍, ഡെന്‍റിസ്റ്റ് ബില്‍ എന്നിവയായിരുന്നു മറ്റു രണ്ട് ബില്ലുകള്‍. മൂന്നും ലോക്സഭ നേരത്തെ പാസാക്കിയതായിരുന്നു.
ഗോത്രവര്‍ഗക്കാര്‍ക്ക് 12,000 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നത് തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.