ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പ്രധാന ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനങ്ങളും പ്രതിപക്ഷവും ഉന്നയിച്ചുവന്ന ഭേദഗതി നിര്‍ദേശങ്ങളില്‍ പലതിനും വഴങ്ങിക്കൊണ്ടാണ് മന്ത്രിസഭാ തീരുമാനം. പാര്‍ലമെന്‍റിന്‍െറ നടപ്പു സമ്മേളനത്തില്‍ ബില്‍ പാസാക്കാനുള്ള തീവ്രശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികള്‍പ്രകാരം, ജി.എസ്.ടി സമ്പ്രദായം നടപ്പാക്കിയാല്‍ ആദ്യ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കും. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ പൂര്‍ണമായും തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ 75, 50 ശതമാനവും നഷ്ടപരിഹാരം നല്‍കാമെന്ന നിര്‍ദേശത്തിലാണ് മാറ്റം വരുത്തിയത്.
അന്തര്‍സംസ്ഥാന വില്‍പനയില്‍ ഒരു ശതമാനം നിര്‍മാണ നികുതി ചുമത്താനുള്ള നിര്‍ദേശം ബില്ലില്‍നിന്ന് ഒഴിവാക്കി. കോണ്‍ഗ്രസ് ഉന്നയിച്ചുവന്ന ആവശ്യങ്ങളില്‍ ഒന്നാണിത്. തര്‍ക്കപരിഹാരം ജി.എസ്.ടി കൗണ്‍സിലാണ് നിര്‍ദേശിക്കുക. സംസ്ഥാനങ്ങള്‍ക്ക് ഈ സ്വതന്ത്ര സമിതിയില്‍ കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും കിട്ടും. വിവിധ സംസ്ഥാനങ്ങളിലെ പല രീതിയിലുള്ള നികുതികള്‍ ഒഴിവാക്കി ദേശീയതലത്തില്‍ പരോക്ഷ നികുതികള്‍ ഏകീകരിക്കാനാണ് ജി.എസ്.ടി വിഭാവനം ചെയ്യുന്നത്.
ജി.എസ്.ടി സമ്പ്രദായം നടപ്പാക്കുന്നതിന് പൊതുവായ രാഷ്ട്രീയ സമവായമുണ്ട്. എന്നാല്‍, അതിലെ വിവിധ വ്യവസ്ഥകളെ സംസ്ഥാനങ്ങളും പ്രതിപക്ഷവും എതിര്‍ക്കുന്നതിനാല്‍, കുരുക്കഴിക്കുന്നത് സര്‍ക്കാറിനു മുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച നിര്‍ദേശങ്ങള്‍ വഴി കൂടുതല്‍ പിന്തുണ ആര്‍ജിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. നികുതിനിരക്കിന് 18 ശതമാനമെന്ന പരിധി വെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ വിട്ടുവീഴ്ചയാകാമെന്ന നിലപാടിലേക്ക് ഇപ്പോള്‍ കോണ്‍ഗ്രസ് എത്തിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജി.എസ്.ടിയോടുള്ള എതിര്‍പ്പ് അലിഞ്ഞിട്ടുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിയായതിനാല്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് പിന്തുണ ബില്‍ പാസാക്കുന്നതിന് ആവശ്യമാണ്.
ഓഹരിവിപണികളിലെ വിദേശനിക്ഷേപ പരിധി അഞ്ചു ശതമാനത്തില്‍നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിരോധ വിഭാഗം പൊതുമേഖലാ സ്ഥാപനങ്ങള്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നതിന് രൂപപ്പെടുത്തിയിരുന്ന പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ എടുത്തുകളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.