ചരക്കു സേവന നികുതി ബില്‍ അടുത്തയാഴ്ചത്തെ അജണ്ടയില്‍

ന്യൂഡല്‍ഹി: നീണ്ട കാത്തിരിപ്പിനൊടുവില്‍ ചരക്കു സേവന നികുതി ബില്‍ രാജ്യസഭയുടെ അടുത്തയാഴ്ചത്തെ  അജണ്ടയില്‍ ഉള്‍പ്പെടുത്തി. ചരക്കു സേവന നികുതി ബില്ലിന്മേല്‍ സര്‍ക്കാറുമായുണ്ടായ ധാരണയെ തുടര്‍ന്ന് ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാനുള്ള  സ്വകാര്യ ബില്‍ പാസാക്കണമെന്ന ആവശ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറുകയും ചെയ്തു.
അടുത്തയാഴ്ചക്കുള്ള രാജ്യസഭാ അജണ്ട വെള്ളിയാഴ്ച രാവിലെ സഭയില്‍ അവതരിപ്പിച്ചപ്പോഴാണ് കേന്ദ്ര പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ചരക്കു സേവന നികുതിക്കായുള്ള 122ാം ഭരണഘടനാ ഭേദഗതി ബില്ലും ഉള്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. കോണ്‍ഗ്രസും ചില സംസ്ഥാനങ്ങളും ഉന്നയിച്ച ആവശ്യം അംഗീകരിക്കുന്നതിനായി ചരക്കു സേവന നികുതി ബില്ലില്‍ വരുത്തേണ്ട മാറ്റത്തിന് കേന്ദ്ര മന്ത്രിസഭ 27ന് അംഗീകാരം നല്‍കിയിരുന്നു. ഒരു ശതമാനം നിര്‍മാണ നികുതി എടുത്തുകളയുമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റം. പുതിയ നികുതിഘടന വഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ആദ്യ അഞ്ചു വര്‍ഷം നികത്താന്‍ നടപടി സ്വീകരിക്കുമെന്നതാണ് രണ്ടാമത്തേത്. ആഗസ്റ്റ് 12ന് വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെയാണ് ജി.എസ്.ടി  അജണ്ടയില്‍   ഉള്‍പ്പെടുത്തിയത്. 2015 മേയില്‍ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. സര്‍ക്കാര്‍ ന്യൂനപക്ഷമായ സഭയില്‍ ബില്‍ പാസാക്കാന്‍ നടത്തിയ ശ്രമങ്ങളിതുവരെയും ഫലംകണ്ടിരുന്നില്ല. സര്‍ക്കാര്‍ തീരുമാനം ക്രിയാത്മകമാണെന്ന് കോണ്‍ഗ്രസ് പ്രതികരിക്കുകയും ചെയ്തു.
ഇതേതുടര്‍ന്നാണ് ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാനായി കോണ്‍ഗ്രസ് എം.പി രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ പാസാക്കാനുള്ള നീക്കത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറിയത്. ബില്‍ പാസാക്കി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാതെ വെള്ളിയാഴ്ച കോണ്‍ഗ്രസ് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന ആവശ്യം അംഗീകരിക്കാനാകില്ളെന്ന് വ്യക്തമാക്കിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എല്ലാ അര്‍ഥത്തിലും സംസ്ഥാനത്തിന് സഹായം നല്‍കുമെന്നാണ് അറിയിച്ചത്.
ലോക്സഭ പാസാക്കിയ ബില്ലില്‍ മാറ്റംവരുത്തിയ സാഹചര്യത്തില്‍ ആ ബില്‍ വീണ്ടും ലോക്സഭയിലേക്ക് അയച്ച് വരുത്തിയ മാറ്റങ്ങള്‍ പാസാക്കേണ്ടിവരും. 29 സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാറിന്‍െറ ഏകീകൃത നികുതിഘടനയിലേക്ക് കൊണ്ടുവരുന്ന ചരക്കു സേവന നികുതി ബില്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഗുണകരവും ഉല്‍പാദന സംസ്ഥാനങ്ങള്‍ക്ക് ദോഷകരവുമായിട്ടാണ് വിലയിരുത്തിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.