????????? ????? ??????? ???????????????

വിവാദ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു

മുംബൈ: അധികാര ദുര്‍വിനിയോഗത്തിലൂടെ സൈനിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ കെട്ടിയുയര്‍ത്തിയ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഏറ്റെടുക്കല്‍. ബോംബെ ഹൈകോടതി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ബ്രിഗേഡിയര്‍ ജെ. താലുക്ദാറിന്‍െറ നേതൃത്വത്തില്‍ എത്തിയ സൈനിക സംഘമാണ് വെള്ളിയാഴ്ച കെട്ടിടം ഏറ്റെടുത്തത്.
അനധികൃതമായി പണിത കെട്ടിടം പൊളിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ നല്‍കിയ അപ്പീലില്‍ കെട്ടിടം പൊളിക്കുന്നത് വിലക്കിയ സുപ്രീംകോടതി കെട്ടിടം ഏറ്റെടുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെടുകയായിരുന്നു. അപ്പീലില്‍ അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ വിധവകള്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും നല്‍കാനെന്ന പേരില്‍ പണിത് രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ സ്വന്തമാക്കിയ കെട്ടിടം ഒടുവില്‍ തങ്ങളുടെ തന്നെ കൈകളിലത്തെിയെന്നാണ് ഏറ്റെടുക്കല്‍ നടപടിക്കത്തെിയ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സൈനികര്‍ക്ക് എന്ന വ്യാജേന പ്രതിരോധ വകുപ്പിന് കീഴിലുള്ള ഭൂമി തട്ടിയെടുത്താണ് കെട്ടിടം പണിതതെന്നാണ് സൈന്യത്തിന്‍െറ ആരോപണം. സാധാരണക്കാര്‍ക്കും ഫ്ളാറ്റ് വാങ്ങാന്‍ അനുമതി നല്‍കുക വഴി കെട്ടിടം തങ്ങളുടെ ആസ്ഥാനത്തിന് ഭീഷണിയാണെന്ന് നാവികസേനയും പറഞ്ഞു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡന്‍റ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ആദര്‍ശ് കെട്ടിടം. തീരദേശ സംരക്ഷണ ചട്ടം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് കണ്ടത്തെല്‍. ആറു നില കെട്ടിടത്തിന് അനുമതിയുള്ളിടത്ത് 31 നിലകളാണ് പണിതത്. അധികാര ദുര്‍വിനിയോഗം നടത്തിയ നേതാക്കളും ഉദ്യോഗസ്ഥരും സൈനിക ഉന്നതരും പ്രതിഫലമായി ബിനാമികളുടെ പേരില്‍ കെട്ടിടത്തില്‍ ഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നാണ് കണ്ടത്തെല്‍.
സൈന്യവും സി.ബി.ഐയും ജുഡീഷ്യല്‍ കമീഷനും വ്യത്യസ്ത അന്വേഷണങ്ങള്‍ നടത്തിയിരുന്നു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനടക്കം 13 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.