ആദ്യത്തെ ലക്ഷം രോഗികൾ 78 ദിവസം കൊണ്ട്; 15 ലക്ഷത്തിൽ നിന്ന് 20ലെത്താൻ വെറും ഒമ്പത് ദിവസം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷമെത്താൻ എടുത്തത് 78 ദിവസമെങ്കിൽ അവസാന അഞ്ച് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് വെറും ഒമ്പത് ദിവസം കൊണ്ട്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ വ്യാഴാഴ്ച 62,170 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതർ 20 ലക്ഷം കടന്നിരിക്കുകയാണ്.

ജൂലൈ 28നാണ് രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ അരലക്ഷത്തിനും മുകളിലാണ് പ്രതിദിന രോഗബാധിതർ.

അവസാന ഒമ്പത് ദിവസത്തിൽ ഇന്ത്യയിൽ 4.95 ലക്ഷം രോഗികളുണ്ടായപ്പോൾ അമേരിക്കയിൽ ഇത് 5.19 ലക്ഷമാണ്. ഇന്ത്യയേക്കാൾ കൂടുതൽ രോഗികളുള്ള ബ്രസീലിൽ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത് 3.82 ലക്ഷം കേസുകളാണ്. 



 


രാജ്യത്തെ കോവിഡ് വ്യാപന നിരക്ക്

ആദ്യ ഒരു ലക്ഷം രോഗികൾ - മേയ് 18 (78 ദിവസം കൊണ്ട്)

1-5 ലക്ഷം -ജൂൺ 26 (39 ദിവസം)

10 ലക്ഷം -ജൂലൈ 16 (20 ദിവസം)

15 ലക്ഷം -ജൂലൈ 28 (12 ദിവസം)

20 ലക്ഷം -ആഗസ്റ്റ് 6 (ഒമ്പത് ദിവസം)

രാജ്യത്ത് ഏറ്റവും വേഗതയിൽ രോഗവ്യാപനം നിലവിൽ ആന്ധ്രപ്രദേശിലാണ്. വെള്ളിയാഴ്ച ആകെ രോഗികൾ ആന്ധ്രയിൽ 2 ലക്ഷം പിന്നിട്ടു. വെറും 11 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തിലെത്തിയത്.

ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ 14 ദിവസം കൊണ്ടാണ് അവസാന ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത്. 4.79 ലക്ഷം രോഗികളാണ് ഇവിടെ ആകെയുള്ളത്. അവസാന 10 ദിവസത്തിൽ തമിഴ്നാട്ടിൽ 58,000 രോഗികളാണുണ്ടായത്. ആകെ രോഗികൾ 2,79,144 ആയി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.