ദോഹ: ഖത്തറിൽ സൂപ്പ൪മാ൪ക്കറ്റ് തുടങ്ങാനെന്ന വ്യാജേന ദോഹയിലെ വ്യാപാരികളിൽ നിന്ന് വൻതുക തട്ടിയെടുത്ത് മുങ്ങിയ കേസിൽ മുഖ്യപ്രതിയായ ആബിദിൻെറ രണ്ട് കൂട്ടാളികൾ കൂടി അറസ്റ്റിലായി. മാറഞ്ചേരി കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് ആലുങ്ങൽ മുസ്തഫ (34), ചാവക്കാട് തെക്കേ പാലയൂ൪ പണിക്കവീട്ടിൽ സുനോജ് (32) എന്നിവരെയാണ് കേസിൽ ജാമ്യത്തിലിറങ്ങിയ ആബിദിനൊപ്പം ചാവക്കാട് സി.ഐ കെ. സുദ൪ശനും സംഘവും പുതിയ പരാതിയെത്തുട൪ന്ന് അറസ്റ്റ് ചെയ്തത്. രാത്രി വൈകി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
ഖത്തറിലെ വ്യാപാരിയായ വടക്കേക്കാട് ഹൈദ൪ ഹാജി വടക്കേക്കാട് പോലിസിലും ചാവക്കാട് സ്വദേശി മുഹമ്മദ് ഇഖ്ബാൽ ചാവക്കാട് പോലിസിലും നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആബിദിനെയും മുസ്തഫയെയും മാറഞ്ചേരിയിൽ നിന്നും സുനോജിനെ ചാവക്കാട് നിന്നുമാണ് പിടികൂടിയത്. ഇപ്പോൾ ഖത്തറിലുള്ള ചാവക്കാട് സ്വദേശി സക്കീ൪ ഹുസൈൻ എന്ന നഹാസിനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സി.ഐ സുദ൪ശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം പത്ത്കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തട്ടിപ്പിലെ ഒന്നാം പ്രതി ആബിദിനെ വ്യാജ പാസ്പോ൪ട്ട് കേസിൽ കൂടി പ്രതി ചേ൪ത്ത് ഈ മാസം 16ന് പെരുമ്പടപ്പ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരായ മൂന്ന് പേ൪ക്ക് ഉന്നത൪ ഇടപെട്ട് പണം മടക്കി നൽകാൻ ധാരണയുണ്ടാക്കി. വ്യാജ പാസ്പോ൪ട്ട് സമ്പാദിച്ച കേസിൽ ആബിദിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. പണം തിരികെ ലഭിച്ചവ൪ പരാതി പിൻവലിച്ചതോടെ പൊന്നാനി കോടതി ആബിദിന് ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ പരാതി ലഭിച്ചാൽ തുട൪നടപടികളുണ്ടാകുമെന്നാണ് അന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് തട്ടിപ്പിനിരയായ മറ്റ് രണ്ട് പേരുടെ പരാതികൾ ചാവക്കാട് പോലിസിന് ലഭിച്ചത്. ഖത്തറിലുള്ള തൻെറ സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ സംഘം മുങ്ങിയെന്നാണ് ഹൈദ൪ ഹാജി നൽകിയ പരാതിയിൽ പറയുന്നത്. തൻെറ മകൻ മുഹമ്മദ് ഇഖ്ബാലിനെ ഇടനിലക്കാരനാക്കി ഖത്തറിലെ സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് സാധനങ്ങൾ വാങ്ങിയ ശേഷം മൂന്നുപേരും മുങ്ങിയതോടെ മകനെ സ്പോൺസ൪ നാട്ടിലയക്കാതെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കുകയാണെന്നും ഇതുമൂലം മകൻ ദുരിതത്തിലാണെന്നുമായിരുന്നു ഇബ്രാഹിമിൻെറ പരാതി. പെരുമ്പടപ്പ് പോലിസ് ദ്രുതഗതിയിൽ അവസാനിപ്പിച്ച കേസ് പുതിയ അറസ്റ്റോടെ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
മാധ്യമം പെരുമ്പടപ്പ് ലേഖകൻ അൻവ൪ റഷീദ് തുടരുന്നു: സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ-2006 മുതൽ ആബിദും മുസ്തഫയും സുനോജും അടങ്ങുന്ന മൂവ൪സംഘം വ്യാജ പാസ്പോ൪ട്ടെടുത്ത് തട്ടിപ്പ് നടത്തിവരികയാണ്. വ്യാജവിലാസത്തിൽ സമ്പാദിച്ച പാസ്പോ൪ട്ടുമായാണ് ആബിദ് ഖത്തറിലെത്തിയത്. ഖത്തറിലെ മൈദറിൽ ‘അൽശംസി’ എന്ന പേരിൽ സൂപ്പ൪മാ൪ക്കറ്റ് തുറക്കാനെന്ന പേരിൽ ഗ്യാരണ്ടി ചെക്ക് മാത്രം നൽകി വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. 30ഓളം മൊത്ത വ്യാപാരികളിൽ നിന്ന് വൻകിട കമ്പനികളുടെ സാധനങ്ങൾ വാങ്ങി ശേഖരിച്ചു. സൂപ്പ൪മാ൪ക്കറ്റിനായി പ്രതിമാസം 70,000 റിയാൽ വാടകക്ക് കെട്ടിടമെടുത്ത് പ്രാരംഭ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു. വിവിധ കമ്പനികളുടെ സെയിൽസ് എക്സിക്യൂട്ടീവുമാരാണ് 10 കോടി രൂപയോളം വിലവരുന്ന സാധനങ്ങൾ എത്തിച്ചുകൊടുത്തത്. ഇതിനിടയിൽ അഞ്ച് കോടിയോളം രൂപയുടെ സാധനങ്ങൾ കണ്ടെയ്നറിൽ ശ്രീലങ്കയിലേക്ക് കയറ്റിയയച്ച് പണം കൈക്കലാക്കി.
ഇതിനൊപ്പം ഗോഡൗണിൽ സൂക്ഷിച്ച സാധനങ്ങൾ കുറഞ്ഞ വിലക്ക് ദോഹയിൽ തന്നെ വിറ്റഴിച്ചു. വാടക നൽകേണ്ട ദിവസം അടുത്തതോടെ മൂന്ന് പേരും ഖത്തറിൽ നിന്ന് മുങ്ങി. സൂപ്പ൪മാ൪ക്കറ്റിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ നേപ്പാളിലേക്ക് പോകണമെന്ന് പറഞ്ഞാണ് സ്പോൺസറിൽ നിന്ന് എക്സിറ്റ് പെ൪മിറ്റ് വാങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞ് തട്ടിപ്പിനിരയായ വ്യാപാരികൾ ഇന്ത്യൻ എംബസി വഴി മലപ്പും ജില്ലാ പോലിസ് സൂപ്രണ്ടിന് ഇ-മെയിലിൽ പരാതി നൽകി. പോലിസ് നടത്തിയ അന്വേഷണത്തിൽ മാറഞ്ചേരി കരിങ്കല്ലത്താണി ആബിദ് മുഹമ്മദ് ആണ് കൊച്ചന്നൂരിലെ വ്യാജ വിലാസത്തിൽ ഹാഫിസ് മുഹമ്മദ് എന്ന പേരിൽ പാസ്പോ൪ട്ട് സമ്പാദിച്ച് തട്ടിപ്പ് നടത്തിയ ശേഷം ഖത്തറിൽ നിന്ന് മുങ്ങിയതെന്ന് കണ്ടെത്തി. തുട൪ന്നായിരുന്നു അറസ്റ്റ്. എന്നാൽ, പരാതി നൽകിയ മഞ്ചേരി സ്വദേശി സജിത്, കണ്ണൂ൪ സ്വദേശി നിമീഷ് ചന്ദ്രൻ എന്നിവരടക്കമുള്ളവ൪ക്ക് ആബിദിൻെറ ഭാര്യുടെ പേരിൽ ചെക്ക് നൽകി കേസ് അവസാനിപ്പിച്ചിരുന്നു.
2006 മുതൽ വ്യാജ പാസ്പോ൪ട്ട് സംഘടിപ്പിച്ച് സംഘം തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സി.ഐ കെ. സുദ൪ശൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, കൊച്ചി പാസ്പോ൪ട്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് സംഘം പ്രവ൪ത്തിക്കുന്നതായി സൂചനയുണ്ടെന്നും ഇതേക്കുറിച്ച് വകുപ്പ്തല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് അറി
യിച്ചു.
സി.ഐ സുദ൪ശന് പുറമെ എ.എസ്.ഐ സുരേന്ദ്രൻ, കോൺസ്റ്റബിൾമാരായ ബാബു, സുദേവ് എന്നിവ൪ ചേ൪ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.