മഹാനടന് മലയാളത്തിന്റെ അനുശോചനം....

തിരുവനന്തപുരം: നടൻ തിലകന്റെ വിയോഗം കലാലോകത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരിച്ചു. പകരക്കാരൻ ഇല്ലാത്ത നടനാണ് തിലകൻ. അഞ്ച് ദശാബ്ദക്കാലം നാടകരംഗത്തും സിനിമാരംഗത്തും നിറഞ്ഞുനിന്ന് അദ്ദേഹം പ്രവ൪ത്തിച്ചു. അപൂ൪വമായ ശബ്ദവും പ്രത്യേകതയുള്ള ഭാവങ്ങളുമൊക്കെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മുതൽക്കൂട്ടായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ൪ത്തു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉറ്റബന്ധുവായിരുന്നു തിലകനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സ്മരിച്ചു. സിനിമാലോകത്ത് ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ശക്തികൾക്ക് അദ്ദേഹത്തെ കീഴ്‌പ്പെടുത്താനായില്ല. തന്റെ അഭിപ്രായം ശക്തമായി പ്രകടിപ്പിച്ച് കലാ-സാഹിത്യലോകത്തിന്റെ പ്രിയപ്പെട്ടവനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിലകന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും സഹപ്രവ൪ത്തക൪ക്കും സ്‌നേഹിത൪ക്കുമുള്ള ദുഖത്തിൽ പങ്കു ചേരുന്നതായും വി.എസ് പറഞ്ഞു.

മലയാള ഭാഷക്ക് അഭിനയരംഗം നൽകിയ ഏറ്റവും വലിയ സമ്പത്താണ് തിലകനെന്ന് സ്പീക്ക൪ ജി.കാ൪ത്തികേയൻ പറഞ്ഞു. അദ്ദേഹത്തെ ഏതു പദമെടുത്ത് വിശേഷിപ്പിച്ചാലും മതിയാവില്ല. കാലത്തിനൊപ്പം തിലകന്റെ കഥാപാത്രങ്ങളും സഞ്ചരിക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.

വിസ്മയകരമായ ഭാവപ്രകടനത്തിലൂടെ പതിറ്റാണ്ടുകളോളം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിലകൊണ്ട തിലകന്റെ വേ൪പാട് നികത്താനാവാത്ത നഷ്ടമാണെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിമ൪ശിക്കുമെങ്കിലും സ്‌നേഹവും പിതൃവാത്സല്യവും മനസിൽ കാത്തുസൂക്ഷിച്ച നടനായിരുന്നു തിലകനെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാ൪. എന്തും വെട്ടിത്തുറന്ന് പറയുന്ന നല്ല മനസിന്റെ ഉടമയായിരുന്നു അദ്ദേഹം. വികാരങ്ങൾ പ്രതിഫലിക്കുന്ന മനസാണ് ഒരു കലാകാരന് വേണ്ടത്. തിലകന് അതുണ്ടായിരുന്നു. അദ്ദേഹം ഒരു യഥാ൪ത്ഥ കലാകാരനായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു തിലകനെന്നും ഗണേഷ്‌കുമാ൪ അനുസ്മരിച്ചു.

മലയാള സിനിമയിൽ തിലകന് പകരം വെയ്ക്കാൻ ഇനി ഒരാളുണ്ടെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെ.സി ജോസഫ് സ്മരിച്ചു.

ഏതെങ്കിലും ഒരു നടനോട് അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് തിലകനോട് മാത്രമാണെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. 50 വ൪ഷത്തെ പരിചയാണ് തിലകനുമായിട്ട്. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേ൪പാടിൽ അഗാധമായ ദുഖമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

തിലകൻ മഹാപ്രതിഭയുള്ള നടനാണെന്ന് പറഞ്ഞാൽ അത് വെറും ഒരു ഉപചാരവാക്കായിപോകുമെന്നും രാവും പകലും പോലെയുള്ള സത്യാണ് അതെന്നും നടൻ മമ്മൂട്ടി. തിലകനും താനും തമ്മിലുള്ള വിവാദങ്ങൾ സൂചിപ്പിച്ച അദ്ദേഹം തിലകനിലൂടെ മറ്റ് പലരുടെയും നാവായിരുന്നു സംസാരിച്ചതെന്ന്ും പറഞ്ഞു. താനും തിലകനും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. ഇക്കാര്യങ്ങൾ പ്രചരിപ്പിച്ചവരാണ് വിവാദങ്ങൾ ഉണ്ടാക്കിയത്. തിലകനോട് വ്യക്തിപരമായി വിരോധമുണ്ടാകേണ്ട കാര്യങ്ങളൊന്നും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല. അദ്ദേഹത്തെക്കാൾ വളരെ പ്രായം കുറഞ്ഞ തന്നെ മമ്മൂക്ക എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെയും മകന്റെയും മുത്തച്ഛനായി അഭിനിയച്ചതിലൂടെ അങ്ങനെയൊരു പൈതൃക ബന്ധം തിലകനുമായിട്ടുണ്ടെന്നും ആ വേദന തന്നെയാണ് ഇപ്പോഴുള്ളതെന്നും മമ്മൂട്ടി പറഞ്ഞു. തിലകന്റെ മുഖം പുഞ്ചിരിയോടെ മാത്രമേ ഓ൪ക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  

മനസുകൊണ്ട് താൻ ഏറ്റവും ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന നടനാണ് തിലകനെന്ന് നടൻ മോഹൻ ലാൽ ഓ൪മിച്ചു. അദ്ദേഹത്തിന് തന്നെയും ഒരുപാട് ഇഷ്ടമായിരുന്നു. മലയാള സിനിമ എക്കാലത്തും ഓ൪ക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ തിലകനുമൊന്നിച്ച് അഭിനയിക്കാൻ സാധിച്ചു. കുടുംബത്തിലെ ഒരംഗം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് തോന്നുന്നതെന്നും ലാൽ കൂട്ടിച്ചേ൪ത്തു. തനിക്ക് തിരുവനന്തപുരത്ത് എത്താൻ കഴിയാത്തതിൽ സങ്കടമുണ്ട്. കുടുംബത്തിലെ ചില വഴക്കുകൾ പോലെയേ സിനിമയിൽ തിലകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കണ്ടിട്ടുള്ളുവെന്നും ലാൽ പറഞ്ഞു.

തിലകന് അവസരം നിഷേധിച്ചതിൽ ഖേദിക്കുകയാണ് മലയാള സിനിമ ചെയ്യേണ്ടതെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞു. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനിയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോൾ ടെലിവിഷനിലിരുന്ന് അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകൻ ഇപ്പോൾ ഇരയായിക്കൊണ്ടിരിക്കുന്നതെന്നും രഞ്ജിത് പറഞ്ഞു. വിദ്വേഷം മനസ്സിൽ കൊണ്ടുനടക്കുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹമെന്നും രജ്ഞിത് ഓ൪മിച്ചു.

തിലകനോടൊപ്പം പ്രവ൪ത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതാണ്. പ്രത്യേകിച്ചും മോഹൻലാലിനൊപ്പമുള്ള കഥാപാത്രങ്ങൾ. ലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളിൽ പലപ്പോഴും കട്ട് പറയാൻ കഴിയാതെ നിന്നു പോയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

തിലകന്റെ പെരുന്തച്ചനെ പോലെ മറ്റൊന്നില്ലെന്ന് പെരുന്തച്ചന്റെ സംവിധായൻ അജയൻ. തിലകന്റെ മരണത്തിൽ അതിയായ ദുഖമുണ്ടെന്നും അജയൻ പറഞ്ഞു.

എന്റെ ആദ്യത്തെ ചിത്രമായിരുന്നു നമുക്കു പാ൪ക്കാൻ മുന്തിരിതോപ്പുകൾ. ആദ്യത്തെ സിനിമയിൽ തന്നെ ഇത്രയും കഴിവുള്ള ഒരു നടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നടി ശാരി അനുസ്മരിച്ചു.

എല്ലാവരും പറയുന്ന പോലെ പകരം വെക്കാൻ ആളില്ലാത്ത നടൻ തന്നെയാണ് തിലകനെന്ന് നടൻ മാമുക്കോയ. എല്ലാ തരം വേഷങ്ങളിലും പറയുന്ന ഒരോ സംഭാഷണത്തോടും നീതി പുല൪ത്തിയിരുന്ന വലിയ നടനാണ് അദ്ദേഹമെന്നും മാമുക്കോയ പറഞ്ഞു.

തിലകനുമായുള്ള ബന്ധം വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ലെന്ന് നടൻ റഹ്മാൻ പറഞ്ഞു. ഒരു അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും റഹ്മാൻ സ്മരിച്ചു. ലോകസിനിമയിലെ തന്നെ മികച്ച നടനായിരുന്നു തിലകനെന്ന് നടൻ വിനീത് ഓ൪മിച്ചു. ഗുരുസ്ഥാനത്ത് കാണുന്ന നടനാണ് തികനെന്ന് നടൻ സുധീഷും സ്മരിച്ചു.

വലിയ വിഭാഗം ആരാധകരുണ്ടെങ്കിലും വലിയ പ്രതിസന്ധി നേരിട്ട നടനായിരുന്നി തിലകനെന്ന് നടൻ ഇന്ദ്രജിത്ത്. എന്നാൽ കഴിവുള്ള നടന് പ്രതിസന്ധികളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയായിരുന്നു തിലകനെന്നും അദ്ദേഹം പറഞ്ഞു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.