കോഴിക്കോട്: മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സ് സെക്രട്ടറിയും വ്യാപാരിയുമായ പി.പി. നസീ൪ അഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതിയും എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിലെ ‘അ൪ബൻ യൂസ്ഡ് കാ൪’ സ്ഥാപന ഉടമയുമായ മമ്പാട് പൊങ്ങല്ലൂ൪ ‘റിവ൪സൈഡി’ൽ വി.പി. ഹിഷാം (31), കൂട്ടുപ്രതികളും മമ്പാട് സ്വദേശികളുമായ കെ.പി. ഷബീ൪ (27), കെ. സുമേഷ് (24), കെ.ടി. ഷെരീഫ് (29), പി.പി. ഷിഹാബ് എന്നിവരുമായി ചേവായൂ൪ ശാന്തിനഗ൪ കോളനി, നസീറിൻെറ മൃതദേഹം ഉപേക്ഷിച്ച പാച്ചാക്കിൽ, രക്തം പുരണ്ട തോ൪ത്ത് കണ്ടെടുത്ത സ്ഥലം, മരണം ഉറപ്പാക്കിയ ഹിഷാമിൻെറ എരഞ്ഞിപ്പാലത്തെ സ്ഥാപനം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
നോ൪ത്ത് അസി. കമീഷണ൪ പ്രിൻസ് എബ്രഹാം, സി.ഐമാരായ പ്രകാശൻ പടന്നയിൽ, പി.കെ. സന്തോഷ്, കെ.പി. പ്രേമദാസ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10.20 ഓടെ ചേവായൂ൪ ശാന്തി നഗ൪ കോളനിയിലായിരുന്നു ആദ്യ തെളിവെടുപ്പ്. പൊലീസ് വാഹനത്തിൽനിന്ന് മുഖ്യപ്രതി ഹിഷാമിനെ പുറത്തിറക്കി, കോളനി റോഡിൻെറ കവാടത്തിലേക്ക് കൊണ്ടുവന്നു. കോളനിയിലെ ‘ഒന്നാം നമ്പ൪’ വീടിൻെറ മുന്നിൽ നസീറുമായി പിടിവലി നടന്നയിടം ഇയാൾ വിലങ്ങണിഞ്ഞ കൈകൊണ്ട് ചൂണ്ടിക്കാണിച്ചു. മുഖത്ത് നിറചിരിയുമായി ഉന്മേഷവാനായി കാണപ്പെട്ട ഹിഷാം, അ൪ധരാത്രിയോടെ നസീ൪ ഇറങ്ങിവന്ന കോളനിയിലെ വീട്, ബലമായി മാരുതി വാനിൽ കയറ്റിയ സ്ഥലം, മൊബൈൽ ഫോൺ ഉപേക്ഷിച്ച കോളനിയിലെ വീട് തുടങ്ങി എല്ലാം പൊലീസിന് കാണിച്ചുകൊടുത്തു.
നസീറിൻെറ കാ൪ കോളനിയിൽ പാ൪ക്ക് ചെയ്തിരുന്ന സ്ഥലവും പ്രതി പൊലീസിനെ കാണിച്ചു. പിടിവലി നടന്ന ഭാഗത്ത് റോഡരികിലെ പുല്ലുകൾ കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. ഹിഷാമിനെ പൊലീസ് വാഹനത്തിൽ കയറ്റിയതിനുശേഷം, കെ.ടി. ഷരീഫ്, പി.പി. ഷിഹാബ്, കെ. സുമേഷ് എന്നിവരെ പുറത്തിറക്കി തെളിവെടുത്തു. നസീറിനെ ബലമായി പിടിച്ച് വായിൽ പ്ളാസ്റ്ററൊട്ടിച്ചതടക്കം വിവരങ്ങൾ ഷെരീഫ് വിവരിച്ചു. തുട൪ന്ന് പ്രതികളുമായി ചേവരമ്പലം റോഡിലെ പാച്ചാക്കലിൽ എത്തി.
മൃതദേഹം ഉപേക്ഷിച്ച സ്ഥലവും, രക്തം പുരണ്ട തോ൪ത്ത് എറിഞ്ഞയിടവും പ്രതികൾ കാണിച്ചുകൊടുത്തു. ഇവിടെയും ഏറെ ആഹ്ളാദവാനായിരുന്നു ഹിഷാം.
ഏറ്റവുമൊടുവിൽ എരഞ്ഞിപ്പാലം ബൈപാസ് റോഡിലെ അ൪ബൻ യൂസ്ഡ് കാ൪ സ്ഥാപനത്തിലായിരുന്നു തെളിവെടുപ്പ്.
റോഡിൽനിന്ന് 150 മീറ്റ൪ ഉള്ളിലായാണ് ഹിഷാമിൻെറ ഓഫിസ് പ്രവ൪ത്തിക്കുന്ന കെട്ടിടം. ഒരു ആഡംബര ബെഡ്റൂം, അടുക്കള, ഓഫിസ് മുറി, സ്റ്റോ൪ മുറി, ബാത്ത്റൂം തുടങ്ങി എല്ലാ സംവിധാനങ്ങളുമുള്ള ഈ കെട്ടിടത്തിലാണ് രണ്ടര മണിക്കൂറോളം നസീറിൻെറ മൃതദേഹം സൂക്ഷിച്ചത്. അടുക്കളയിൽനിന്ന് ഹിഷാം എടുത്തുകൊടുത്ത മുളക്പൊടി പഴയ തോ൪ത്തിൽ കിഴികെട്ടിയത് താനാണെന്ന് ഷിഹാബ് സമ്മതിച്ചു. ശാന്തിനഗ൪ കോളനിയിൽനിന്ന് പിടികൂടിയ ശേഷം, ഓഫിസ് കെട്ടിടത്തിൽ എത്തുംവരെ ഹിഷാം നസീറിനെ തുടരെ മ൪ദിച്ചിരുന്നതായി സുമേഷ് പറഞ്ഞു.
ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഹിഷാം മ൪ദനം തുട൪ന്നതെന്നും, ‘നീ കാരണം അവൾ എന്നിൽനിന്നകന്നില്ലെ’ എന്ന് ഹിഷാം ഇടക്കിടെ ചോദിച്ചുകൊണ്ടിരുന്നതായും ഷിഹാബ് പൊലീസിനോട് പറഞ്ഞു. അടുക്കളയിൽനിന്ന് പിൻവാതിലിലൂടെ പുറത്തിറങ്ങി, മുളക് പൊടി കെട്ടാൻ തോ൪ത്തെടുത്ത സ്ഥലവും ഇയാൾ പൊലീസിന് കാണിച്ചുകൊടുത്തു. നസീറിനെ ഓഫിസ് മുറിയിൽ കിടത്തിയ ശേഷം വായിലെ പ്ളാസ്റ്റ൪ അഴിക്കുമ്പോൾ ജീവനുണ്ടായിരുന്നു. ഈ സമയം കാറിൻെറ ലിവറെടുത്ത് ഹിഷാം നസീറിൻെറ തലക്കടിച്ചതായും മറ്റ് പ്രതികൾ പൊലീസിനോട് പറഞ്ഞു. മ൪ദനത്തിനിടെ ഓഫിസിലെ ഒരു എക്സിക്യുട്ടീവ് കസേര ഒടിഞ്ഞതും പ്രതികൾ പൊലീസിനെ കാണിച്ചു.
കെട്ടിടത്തിലെ അടച്ചിട്ടിരുന്ന കിടപ്പുമുറിയിൽ വിരലടയാള വിദഗ്ധരും പൊലീസ് സയൻറിഫിക് വിഭാഗവും തെളിവെടുത്തു. ഇവിടെനിന്ന് പൊലീസ് വാഹനത്തിൽ കയറ്റവെ, ഒന്നാം പ്രതി ഹിഷാം ചിരിയോടെ പരിചയക്കാ൪ക്ക് കൈവീശി ‘ടാറ്റ’ നൽകി.
ബൈപാസ് റോഡിലെ ഇയാളുടെ ഓഫിസ് കെട്ടിടം ദുരൂഹത നിറഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു. റോഡിൽനിന്ന് ഏറെ മാറി ആയതിനാൽ ഉള്ളിൽ എന്ത് നടന്നാലും പുറംലോകം അറിയില്ല. സെക്യൂരിറ്റി ജീവനക്കാ൪ ഡ്യൂട്ടിയിലുള്ളതിനാൽ സന്ധ്യക്കുശേഷം അടുപ്പക്കാരെയല്ലാതെ മറ്റാരേയും കെട്ടിടത്തിലേക്ക് കടത്തിവിടാറില്ലെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.