ലണ്ടൻ: 2012 ലെ മാൻ ബുക്ക൪ പ്രൈസിന് അ൪ഹയായതിലൂടെ രണ്ടാം തവണയും ഈ പുരസ്കാരം കരസ്ഥമാക്കിയ ഹിലരി മാൻറൽ അപൂ൪വ റെക്കോ൪ഡാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. രണ്ടുതവണ ബുക്ക൪ നേടുന്ന ആദ്യ വനിതയും ആദ്യ ബ്രിട്ടീഷ് എഴുത്തുകാരിയുമായതുവഴിയാണ് ഹിലരി ചരിത്രമായത്.
1988ലും 2001ലും ബുക്ക൪ നേടിയ ആസ്ട്രേലിയൻ എഴുത്തുകാരൻ പീറ്റ൪ കാരിയും 1983ലും 1999ലും ബുക്കറിന് അ൪ഹനായ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ജെ.എം കൂറ്റ്സി മാത്രമാണ് ഇരട്ടനേട്ടം ഇതിനുമുമ്പ് കരസ്ഥമാക്കിയിട്ടുള്ളത്.
വൂൾഫ് ഹാൾ എന്ന നോവലിലൂടെ 2009ലാണ് ഹിലരി ആദ്യത്തെ ബുക്ക൪ സമ്മാനത്തിന് അ൪ഹയായത്. ഇവരുടെ ഏറ്റവും പ്രശസ്തമായ കൃതിയാണ് ബ്രിങ് അപ് ദ ബോഡീസ്. ആധുനിക കാലത്തെ മികച്ച ഇംഗ്ളീഷ് കഥാകാരിയാണ് ഹിലരിയെന്ന് പുരസ്കാരനി൪ണയ സമിതി ചെയ൪മാൻ പീറ്റ൪ സ്റ്റൊതാ൪ഡ് വിലയിരുത്തി. ബ്രിട്ടീഷ് ചരിത്രത്തിലെ സുപരിചിതമായ ഏടുകളിലൊന്ന് പുന$സൃഷ്ടിക്കാൻ ഹിലരി നടത്തിയ ശ്രമം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട ജൂറി രക്തരൂഷിതമായ ചരിത്രത്തെ പക൪ത്താൻ അവ൪ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു. വൂൾഫ് ഹാളിനെ എല്ലാ രീതിയിലും കവച്ചുവെക്കുന്ന കൃതിയാണ് ബ്രിങ് അപ് ദ ബോഡീസ് എന്നും സ്റ്റൊതാ൪ഡ് പ്രശംസിച്ചു.
60കാരിയായ മാൻറലിൻെറ ബ്രിങ് അപ് ദ ബോഡീസ് എന്ന നോവൽ അവസാന പട്ടികയിലുണ്ടായിരുന്ന മറ്റ് അഞ്ച് പുസ്തകങ്ങളോട് മത്സരിച്ചാണ് പുരസ്കാരത്തിന൪ഹമായത്. വിൽ സെൽഫിൻെറ അംബ്രല്ല, ഇന്ത്യക്കാരനായ ജീത് തയ്യിലിൻെറ നാ൪ക്കോപോളിസ്, ടാൻ ട്വാൻ എങ്ങിൻെറ ദ് ഗാ൪ഡൻ ഓഫ് ഈവനിങ് മിസ്റ്റ്സ്, ദെബോറാ ലെവിയുടെ സ്വിമ്മിങ് ഹോം, അലിസൺ മൂറിൻെറ ദ് ലൈറ്റ്ഹൗസ് എന്നിവയാണ് അവസാന ആറിലെത്തിയ മറ്റ് കൃതികൾ.
1979ൽ എ പ്ളെയ്സ് ഓഫ് ഗ്രേറ്റ൪ സേഫ്റ്റി എന്ന ചരിത്രാഖ്യായികയിലൂടെയാണ് സാമൂഹികപ്രവ൪ത്തകയായിരുന്ന ഹിലരി എഴുത്താരംഭിക്കുന്നത്. ഫ്രഞ്ച് വിപ്ളവത്തിൻെറ പശ്ചാത്തലത്തിലെഴുതപ്പെട്ട ആ നോവൽ എല്ലാ പ്രസാധകരും ആദ്യം അവഗണിച്ചു. 1992ലാണ് അതിന് വെളിച്ചം കാണാനായത്. ഇപ്പോൾ അവരുടെ ബ്രിങ് അപ് ദ ബോഡീസ്, വൂൾഫ് ഹാൾ എന്നീ കൃതികൾ ദൃശ്യവത്കരിക്കാനുള്ള അവകാശം ബി.ബി.സി നേടിയെടുത്തുകഴിഞ്ഞു. എ ചെയ്ഞ്ച് ഓഫ് കൈ്ളമേറ്റ്, എവരി ഡേ ഈസ് മദേഴ്സ് ഡേ, എയ്റ്റ് മൻത്സ് ഓൺ ഗസ്സാ സ്ട്രീറ്റ് തുടങ്ങിയവയാണ് അവരുടെ മറ്റ് പ്രധാന കൃതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.