കാണാതായ മലയാളി യുവാവിന്‍െറ മൃതദേഹം സൊഹാര്‍ കടല്‍ തീരത്ത്

സൊഹാ൪: ചൊവ്വാഴ്ച അ൪ധരാത്രി മുതൽ ഒമാനിലെ സൊഹാറിൽ നിന്ന് കാണാതായ മലയാളി യുവാവിൻെറ മൃതദേഹം കടൽതീരത്ത് കണ്ടെത്തി. എറണാകുളം തൃപ്പൂണിത്തറ നടക്കാവ് വടയംപേരൂ൪ കളപറമ്പിൽ ചാണ്ടിയുടെ മകൻ ഷൈജു അലക്സിൻെറ (30) മൃതദേഹമാണ് വ്യാഴാഴ്ച പുല൪ച്ചെ സൊഹാ൪ കോ൪ണിഷിൽ നാട്ടുകാ൪ കണ്ടെത്തിയത്. സൊഹാ൪ ദോ മറീന റെസ്റ്റോറൻറിലെ ഇന്ത്യൻ ഷെഫായി ജോലി ചെയ്തിരുന്ന ഷൈജു കഴിഞ്ഞമാസം 28നാണ് നാട്ടിൽപോയി തിരിച്ചുവന്നത്. അന്ന് മുതൽ ഇദ്ദേഹം ചില മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നതായി സ്പോൺസ൪ മുഹമ്മദ് അലി ആൽറാഷിദ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് കടൽതീരത്തോട് ചേ൪ന്നുള്ള താമസസ്ഥലത്തേക്ക് പോയ ഷൈജു കൂട്ടുകാരുടെ കണ്ണുവെട്ടിച്ച് വീടിന് പുറത്തേക്ക് പോവുകയായിരുന്നുവത്രെ. രാത്രി പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ തുടരുന്നതിനിടെ വ്യാഴാഴ്ച പുല൪ച്ചെയാണ് മൃതദേഹം കോ൪ണിഷനടുത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൻെറ ചുണ്ടിനടുത്തായി പരിക്കേറ്റ പാടുണ്ട്. മരണകാരണം സംബന്ധിച്ച പൊലീസിൻെറ അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്പോൺസ൪ വ്യക്തമാക്കി. കാണാതാകുന്നതിന് അൽപസമയം മുമ്പ് കൂട്ടുകാരോട് തനിക്ക് ഒറ്റക്ക് പുറത്തിരിക്കണമെന്ന് ഷൈജു ആവശ്യപ്പെട്ടിരുന്നത്രെ. എന്നാൽ, ഒപ്പം താമസിക്കുന്നവ൪ അനുവദിച്ചില്ല. കൂട്ടുകാരുടെ ശ്രദ്ധതെറ്റിയ സമയത്താണ് ഷൈജു പുറത്തേക്ക് പോയത്. തീരത്തേക്ക് നടക്കുന്നതിനിടെ അറിയാതെ കടലിൽ വീണതാണോ, മന:പൂ൪വം ചാടിയതാണോ എന്നുള്ളത് വ്യക്തമല്ലെന്ന് പരിസരവാസികൾ പറയുന്നു. നേരത്തേ ദുബൈയിലായിരുന്ന ഷൈജു ഒരുവ൪ഷം മുമ്പാണ് സൊഹാറിലെത്തുന്നത്. വിവാഹം കഴിക്കാനാണെന്ന് പറഞ്ഞാണ് അടുത്തിടെ ലീവെടുത്ത് നാട്ടിൽപോയത്. എന്നാൽ, വിവാഹം നടക്കാത്തതിനാൽ ലീവ് തീരുന്നതിന് മുമ്പേ ഷൈജു തിരിച്ചുവന്നുവെന്നും സ്പോൺസ൪ പറഞ്ഞു.
സൊഹാ൪ ആശുപത്രി മോ൪ച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി കൈരളി ഭാരവാഹിയായ പവിത്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.