നന്മയുടെ മലമുകളില്‍ അവന് അന്ത്യനിദ്ര

കല്‍പറ്റ: നാടിന്‍െറ മുഴുവന്‍ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി കോളനിയിലെ പഴകിയ കൂരക്കുമുന്നിലെ ദുര്‍ബലമായ ആ കട്ടിലില്‍ ബാബു അവസാന നിദ്രയിലാണ്. കട്ടിലിന്‍െറ നീളം കുറഞ്ഞ ഒരു കാലിനടിയില്‍ കൊച്ചുകല്ലുകള്‍ കൂട്ടിവെച്ച് ഉയരമൊപ്പിച്ചിരിക്കുന്നു. വീഴാതിരിക്കാന്‍ വലിയ കല്ലുകള്‍ കട്ടില്‍ക്കാലുകള്‍ക്കരികെ താങ്ങായി വെച്ചിട്ടുണ്ട്. ആഴങ്ങളിലേക്കെടുത്തു ചാടി ജീവന്‍രക്ഷിക്കുകയും വീണ്ടുമൊരു ജീവന്‍കൂടി രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വജീവന്‍ ബലിനല്‍കുകയുംചെയ്ത മകനുമുന്നില്‍ അമ്മ അനിത കരഞ്ഞു തളര്‍ന്നിരിക്കുന്നു. 
നല്ലതുമാത്രം പറയാനുണ്ടായിരുന്ന ഈ ആദിവാസി യുവാവിന്‍െറ ജീവത്യാഗത്തിനുമുന്നില്‍ നാട് ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ തീരാ നൊമ്പരത്തിനിടയിലും അച്ഛന്‍ വാസു മകനെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. 
‘ഞങ്ങളുടെ എല്ലാം അവനായിരുന്നു. ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണല്ളോ എന്‍െറ മകന്‍ മരിച്ചുപോയതെന്ന് ആശ്വസിക്കുകയാണ് ഞാന്‍. മരിക്കുംമുമ്പ് അവന്‍ ഒരാളെ രക്ഷിക്കുകയും ചെയ്തു. കുടുംബത്തിനു മാത്രമല്ല, നാട്ടുകാര്‍ക്കു മുഴുവനും ഉപകാരിയായിരുന്നു എന്‍െറ മോന്‍’.
ബാണാസുരസാഗര്‍ ഡാമില്‍ ചുഴിയിലകപ്പെട്ട യുവാക്കളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച ആദിവാസി യുവാവായ ബാബു വിയോഗത്തിനിടയിലും വയനാടിന്‍െറ അഭിമാനമായിമാറി. സമീപ പ്രദേശമായ ചെന്നാലോട്ടുനിന്ന് ബാണാസുരയില്‍ കുളിക്കാനത്തെിയ നാലു യുവാക്കളാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ രണ്ടുപേര്‍ എങ്ങനെയൊക്കെയോ കരക്കുകയറിയിരുന്നു. ചാടരുത് കയര്‍ ഇട്ടുനല്‍കിയാല്‍ മതിയെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ബാബു ചാടുകയായിരുന്നു. 
ജോലിക്കിടയില്‍ ഭക്ഷണംകഴിക്കുന്നതിനിടെയാണ് ബാബു അടക്കമുള്ളവര്‍ അപകടത്തില്‍പെട്ടവരുടെ നിലവിളി കേട്ടത്. ഉടനടി വെള്ളത്തിലേക്ക് എടുത്തുചാടിയ ബാബു 100 മീറ്ററോളം നീന്തിയാണ് യുവാക്കള്‍ക്കരികിലത്തെിയത്. അവശനായ ഒരാളെ കരയിലേക്ക് തള്ളിനീക്കിയശേഷം വെള്ളക്കെട്ടില്‍ മരണത്തോടു മല്ലിട്ട പത്തായക്കോടന്‍ റഊഫിന് (24) ജീവിതത്തിലേക്ക് തിരികെയത്തൊന്‍ തന്‍െറ കൈകള്‍ നീട്ടിനല്‍കുകയായിരുന്നു. ആ കൈകളില്‍ റഊഫ് മുറുക്കിപ്പിടിച്ചതോടെ ഇരുവരും മരണത്തിന്‍െറ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നു. ഒട്ടേറെ പേരാണ് ബാബുവിനെ ഒരുനോക്കുകാണാന്‍ കുണ്ടുംകുഴിയും നിറഞ്ഞ റോഡുതാണ്ടി ആ മലമുകളിലത്തെിയത്. അവരില്‍ ബാണാസുരയില്‍ വിനോദസഞ്ചാരികളായത്തെിയ പലരുമുണ്ടായിരുന്നു. പത്രത്തില്‍നിന്നും സാമൂഹിക മാധ്യമങ്ങളില്‍നിന്നും വിവരമറിഞ്ഞാണ് എറണാകുളത്തുനിന്നുള്ള യുവാക്കളടക്കമുള്ളവര്‍ അംബേദ്കര്‍ കോളനിയിലത്തെിയത്. 
വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടിനരികെ സംസ്കരിച്ചു. സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ബപ്പനമലമുകളിലെ വീട്ടിലത്തെിയപ്പോള്‍ അനിതയുടെ നിയന്ത്രണംവിട്ടു. ‘നോക്ക് സാറേ എന്‍െറ മോന്‍ കിടക്കുന്നത്. എനിക്ക് ചെലവിന് കൊണ്ടത്തെന്നിരുന്നത് ഓനാ. ഓന്‍ പോയി. ഇനി ജീവിക്കാന്‍ ഞങ്ങളെന്തുചെയ്യും’. 
എസ്.എസ്.എല്‍.സിയും പ്ളസ് ടുവും കഴിഞ്ഞ ബാബുവിന് സര്‍ക്കാര്‍ ജോലി വലിയ ആഗ്രഹമായിരുന്നു. എന്നാല്‍, അതിനൊന്നും കാത്തുനില്‍ക്കാനോ പരിശ്രമിക്കാനോ വീട്ടിലെ പ്രാരബ്ധങ്ങള്‍ അനുവദിച്ചില്ല. പ്രായമായ മാതാപിതാക്കളെയും തനിക്കുതാഴെയുള്ള നാലു സഹോദരങ്ങളെയും പോറ്റാനുള്ള ചുമതലയേറ്റെടുത്ത് കൂലിപ്പണിക്കിറങ്ങുകയായിരുന്നു. ആഴ്ചയില്‍ ആറുദിവസം പണിക്ക് പോകുമായിരുന്നു. എല്ലാ ജോലികളും ചെയ്യുന്ന ബാബുവിന് മണ്ണുമാന്തിയന്ത്രത്തിന്‍െറ ഡ്രൈവറാകണമെന്ന മോഹമുദിച്ചതോടെയാണ് ഒരു വര്‍ഷത്തോളമായി സഹായിയായി പോയിരുന്നത്. മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ കുറച്ച് പഠിക്കുകയും ചെയ്തിരുന്നു. 
വീടെന്ന സ്വപ്നത്തിന് അടിത്തറ പാകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണമത്തെിയത്. അനിയത്തിമാരുടെ പഠനച്ചെലവും ബാബുവിന്‍െറ ചുമലിലായിരുന്നു. ബബിത പ്ളസ് ടു കഴിഞ്ഞ് കല്‍പറ്റയില്‍ ടൂറിസം കോഴ്സിന് പഠിക്കുകയാണ്. സരിത പത്തിലും അജിത എട്ടിലുമാണ്. അനിയന്‍ അനിലും കൂലിപ്പണിക്കാരനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.