തിരുവനന്തപുരം: കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി ജേക്കബ് തോമസിന് വീണ്ടും സര്‍ക്കാറിന്‍െറ കാരണം കാണിക്കല്‍ നോട്ടീസ്. ബാര്‍ കോഴക്കേസ് വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണിത്.
15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. ബാര്‍ കോഴക്കേസിലെ വിധിയെ നല്ല വിധിയെന്നാണ് ജേക്കബ് തോമസ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ അഴിമതി ആഗ്രഹിക്കുന്നില്ല. അപ്പോള്‍ ഉദ്യോഗസ്ഥരും ഇതിനൊത്തുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനേറ്റ തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന കോടതിപരാമര്‍ശത്തെ ന്യായീകരിച്ചത് സര്‍ക്കാറിന് ക്ഷീണമായി.
തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ജേക്കബ് തോമസിനെതിരെ രംഗത്തുവന്നിരുന്നു.
ഇതിനിടെ ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഐ.പി.എസ് അസോസിയേഷന്‍ യോഗവും ജേക്കബ് തോമസിനെതിരെ നിലപാടെടുത്തു. വിവാദങ്ങള്‍ കത്തുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ഇദ്ദേഹം മാധ്യമങ്ങള്‍ക്കുമുന്നില്‍ സെല്ളോ ടേപ്പുമായി പ്രത്യക്ഷപ്പെട്ട് വായമൂടി നില്‍ക്കാനാണ് ഇതു കരുതിയതെന്നും ചിലസത്യങ്ങള്‍ പറയാതിരിക്കാനാകുന്നില്ളെന്ന് പ്രതികരിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയും വിശദീകരണം ചോദിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
നേരത്തേതന്നെ ഫയര്‍ഫോഴ്സില്‍നിന്ന് മാറ്റിയതിനു പിന്നില്‍ ഫ്ളാറ്റ് മാഫിയയാണെന്ന് സംശയിക്കുന്നതായി നടത്തിയ പരോക്ഷ പരാമര്‍ശവും വിവാദമായിരുന്നു. ഇതിനും സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിനു മറുപടി നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.