കലയുടെ വസന്തമാണ് ഓരോ യുവജനോത്സവവും.  സ്കൂളുകളില്‍ മുളക്കുന്ന സര്‍ഗാത്മകതയുടെ ചെറുനാമ്പുകള്‍ ഉപജില്ലകളില്‍ തളിരിട്ട്, ജില്ലയില്‍ മൊട്ടിട്ട്, സംസ്ഥാനതലത്തില്‍ വിരിയുമ്പോള്‍  കലയുടെ സുഗന്ധം പരക്കും നാടാകെ. വസന്തം ചെറിമരത്തോടെന്നപോലാണ് ഓരോ കലോത്സവവും തെരുവുകളെ ഉണര്‍ത്തുന്നത്. പിന്നെ നഗരസ്പന്ദനങ്ങള്‍ക്ക് കലയുടെ താളവേഗമാകും. സംഗീതം പൊഴിയുന്ന രാവുകളില്‍നിന്ന് പ്രതിഭകളുദിച്ചുയരും. മണ്ണിലും വിണ്ണിലും കണ്ണിലും മാസ്മരികച്ചുവടുകളുടെ മായിക സൗന്ദര്യം നിറച്ച് അവര്‍ അനശ്വരതയുടെ തീരം തേടി യാത്രതുടങ്ങും...കലയുടെ തലസ്ഥാനത്ത് വീണ്ടുമൊരു സര്‍ഗവസന്തത്തിന് തിരിതെളിയുമ്പോള്‍ പ്രതിഭകളുടെ മോഹന സ്വപ്നമായ സ്വര്‍ണക്കപ്പിനെക്കുറിച്ചുള്ള സുവര്‍ണ സ്മരണകള്‍ പങ്കുവെക്കുകയാണ് ശില്‍പിയും പ്രഗല്ഭ ചിത്രകാരനുമായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍.  

വൈലോപ്പിള്ളിയുടെ മോഹം...
‘85ല്‍ എറണാകുളത്ത് രജതജൂബിലി കലോത്സവം നടക്കുന്ന സമയം. ഞാനും മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനുമൊക്കെ വിധി കര്‍ത്താക്കളിലുണ്ട്. വൈലോപ്പിള്ളിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. മത്സരത്തിന്‍െറ ഇടവേളയില്‍ കുശലം പറഞ്ഞിരിക്കെ വൈലോപ്പിള്ളി എന്നോട് പറഞ്ഞു- ‘ശ്രീക്കുട്ടാ, മഹാരാജാസ് കോളജില്‍ നടക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സ്വര്‍ണക്കപ്പില്‍ പന്തുകളിക്കാര്‍ക്ക് സ്വര്‍ണക്കപ്പുണ്ട്. ഈ കുട്ടികള്‍ക്കും ഒരു സ്വര്‍ണക്കപ്പ് കൊടുത്തൂടേ’. അപ്പോള്‍ ഞാന്‍ പറഞ്ഞു ‘മാഷിന്‍െറ മാമ്പഴം ആഗ്രഹിക്കാത്ത കുട്ടികളുണ്ടോ? മാഷിന് അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍  നമുക്കൊന്ന് ശ്രമിച്ചുകൂടേ’. അങ്ങനെ ഞങ്ങള്‍ അതും പറഞ്ഞിരിക്കുമ്പോഴാണ് മന്ത്രി ടി.എം. ജേക്കബും കെ.ജെ. മാത്യുസാറും പി.ആര്‍.ഒ തങ്കപ്പന്‍ നായരുമെല്ലാം കൂടി ഞങ്ങളെ കാണാന്‍ വരുന്നത്. അപ്പോള്‍ ഞാന്‍ വൈലോപ്പിള്ളിയോട് പറഞ്ഞു ‘സര്‍, ഇത് നല്ല സന്ദര്‍ഭമാണ്. സാറ് അത് മിനിസ്റ്ററോട് ഒന്ന് പറയണം’. അങ്ങനെ വൈലോപ്പിള്ളി തന്‍െറ സ്വതസിദ്ധമായ ശൈലിയില്‍ മന്ത്രിയോട് പറഞ്ഞു ‘ഹലോ മിസ്റ്റര്‍, എനിക്കൊരു കാര്യം പറയാനുണ്ട്. ദേ നോക്കൂ, അപ്പുറത്ത് സ്വര്‍ണക്കപ്പുണ്ട്. നമ്മുടെ കുട്ടികള്‍ക്കും ഒരു സ്വര്‍ണക്കപ്പ് കൊടുത്തൂടേ..’ അപ്പോള്‍ ടി.എം. ജേക്കബ് ചോദിച്ചു, ‘സാര്‍, അത് അത്ര എളുപ്പമാണോ’, ‘വെറും സ്വര്‍ണക്കപ്പ് പോര, 101 പവന്‍െറ കപ്പായിരിക്കണം. എന്‍െറ ഒരു ആഗ്രഹമാണ്; വയസ്സുകാലത്തെ ഒരാഗ്രഹം’ വൈലോപ്പിള്ളി പറഞ്ഞു.  അപ്പോള്‍ ടി. എം. ജേക്കബ് പറഞ്ഞു ‘സാറിന്‍െറ വാക്ക് പൊന്നായിരിക്കട്ടെ. ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ അടുത്തവര്‍ഷം ഒരു പവന്‍െറ സ്വര്‍ണക്കപ്പെങ്കിലും കൊടുത്തിരിക്കും’.

തെര്‍മോക്കോളില്‍ പിറന്ന ശംഖ്
കപ്പുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ ടി.എം. ജേക്കബ് പ്രത്യേകം പറഞ്ഞിരുന്നു -മറ്റുള്ള കപ്പുകളുമായി ഒരു സാമ്യവുമുണ്ടാകരുത്. കലയും സാഹിത്യവുമൊക്കെ അതിലുണ്ടാവുകയും വേണം. അങ്ങനെ പലരെക്കൊണ്ടും കപ്പ് രൂപകല്‍പന ചെയ്യിച്ചു. പക്ഷേ, ഒന്നും വൈലോപ്പിള്ളിക്ക്  ഇഷ്ടപ്പെട്ടില്ല. അങ്ങനെയിരിക്കെയാണ് അദ്ദേഹം എന്നോട് ചോദിച്ചത് ‘കൂട്ടത്തില്‍ കവിതയും സാഹിത്യവുമൊക്കെയുള്ള കൊച്ചുകുട്ടി നീയല്ളേ, ശ്രീക്കുട്ടന്‍ ചെയ്യുമോ ഇതെന്ന്'. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. തൃശൂരില്‍ ബെന്നി ടൂറിസ്റ്റ് ഹോമിലെ പന്ത്രണ്ടാം നമ്പര്‍ റൂമിലിരുന്ന് ഒറ്റദിവസം കൊണ്ടാണ് തെര്‍മോക്കോള്‍ വെട്ടിയെടുത്ത് കപ്പിന്‍െറ ആദ്യ രൂപമുണ്ടാക്കിയത്. രാവിലെ അഞ്ചുമണിക്ക് വൈലോപ്പിള്ളിക്ക് വടക്കുംനാഥ ക്ഷേത്രത്തിനടുത്തൂടെ ഒരു നടത്തമുണ്ട്. അതുകഴിഞ്ഞ് വിയര്‍ത്തൊലിച്ച് എന്‍െറ റൂമില്‍ വന്നുകയറുമ്പോള്‍ ഞാന്‍ കപ്പിന്‍െറ രൂപം കൊളാഷ് പോലെ ഉണ്ടാക്കിവെച്ചിട്ടുണ്ടായിരുന്നു. അത് കണ്ടതും അദ്ദേഹത്തിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു ‘ആ മാമ്പഴം തന്നെ, ആ മാമ്പഴം തന്നെ’. പുസ്തകത്തിന്‍െറ പുറത്ത് കൈയും കൈയില്‍ ശംഖും എന്ന രീതിയിലാണ് കപ്പ് ഡിസൈന്‍ ചെയ്തിരുന്നത്. ശംഖ് നാദമാണ്. ആദ്യ നാദം ഓം കാരം. സൗന്ദര്യമാണത്. കൈ പ്രവൃത്തിയാണ് സൂചിപ്പിക്കുന്നത്. പുസ്തകം അറിവിന്‍േറതും. അറിവ്, കഴിവ്, സൗന്ദര്യം എന്നിവ കൂടിച്ചേര്‍ന്നതാണ് ഈ കപ്പ്.
86ല്‍ കലോത്സവം തൃശൂര്‍ വെച്ചായിരുന്നു. സ്വര്‍ണക്കടകളുടെ നാടാണല്ളോ തൃശൂര്‍. ആഘോഷ കമ്മിറ്റിയെല്ലാം കൂടി കപ്പുണ്ടാക്കാനുള്ള സ്വര്‍ണം കൊടുക്കുമെന്നായിരുന്നു മന്ത്രിയുടെ ചിന്ത.  പക്ഷേ, ആകെ സംഭാവനയായി കിട്ടിയത് 17 പവനാണ്.  അതുവെച്ച് ചെയ്യാനൊക്കില്ല. അങ്ങനെ ആ വര്‍ഷം വൈലോപ്പിള്ളിയുടെ ആഗ്രഹപ്രകാരമുള്ള കപ്പ് നല്‍കാനായില്ല. എങ്ങനെയെങ്കിലും അടുത്ത വര്‍ഷം കപ്പ് നല്‍കണം എന്നുറപ്പിച്ച് മന്ത്രി മുതല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്യൂണ്‍ വരെ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിച്ചു. മരിച്ചുപോയ, അവകാശികളില്ലാത്ത അധ്യാപകരുടെ ഫണ്ടുകള്‍ വകുപ്പില്‍നിന്ന് കണ്ടത്തെി അതിലുള്ള പണവും വിദ്യാര്‍ഥികളില്‍നിന്നും മറ്റും പിരിച്ചെടുത്ത പണവുമുപയോഗിച്ചാണ് അങ്ങിനെ 101 പവന്‍ കപ്പ് നിര്‍മിക്കാന്‍ ഏല്‍പിച്ചത്. പക്ഷേ, നിര്‍മാണം കഴിഞ്ഞപ്പോള്‍ നൂറ്റിപ്പതിനേഴരപ്പവനായി. ശംഖ് പിടിച്ചിരിക്കുന്ന പെണ്‍കൈയില്‍ ഏഴ് രാഗങ്ങളുടെയും സ്വരങ്ങളുടെയും പ്രതീകമായി വളകള്‍ കൂടി ചേര്‍ന്നപ്പോഴാണ് 117.5 പവന്‍ വേണ്ടിവന്നത്. ആദ്യം തെര്‍മോക്കോളിലും കളിമണ്ണിലും ഉണ്ടാക്കി. പിന്നെ അതിന്‍െറ മോള്‍ഡെടുത്ത് പ്ളാസ്റ്റര്‍ ഓഫ് പാരീസിലാക്കി. ശേഷമത് മെഴുകിലാക്കി. മെഴുകില്‍നിന്നാണ് കപ്പുണ്ടാക്കിയത്. രഹസ്യമായിട്ടായിരുന്നു കപ്പ് നിര്‍മാണം. ‘മുപ്പത് വയസ്സായ മൂത്ത മകളെപ്പോലെയാണ് എനിക്കിന്നീ കപ്പ്. കപ്പുണ്ടാക്കിയ ശേഷം അത് കാണാന്‍ വൈലോപ്പിള്ളിക്ക് ഭാഗ്യമുണ്ടായില്ല എന്നതാണ് എന്‍െറ ഏറ്റവും വലിയ നിരാശ’ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

സഹായമില്ലാതെ കിട്ടുന്ന സമ്മാനത്തിന്‍െറ പ്രതീകം
കലാമത്സരത്തിലെ അനാരോഗ്യകരമായ മത്സരം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു: ‘കുട്ടികളോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്; ഞാന്‍ ഒരുപാട് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പരാജയപ്പെട്ടിട്ടുണ്ട്. സമ്മാനവും കിട്ടിയിട്ടുണ്ട്. അവാര്‍ഡ് കിട്ടാതിരുന്നപ്പോള്‍ കരഞ്ഞിട്ടുണ്ട്. എന്നാല്‍, കിട്ടിയതൊന്നും ആരുടെയും ശിപാര്‍ശ കൊണ്ട് കിട്ടിയതല്ല. കുലച്ച് കഴിയുമ്പോള്‍ ഊന്ന് ഉണ്ടെങ്കില്‍ മാത്രം നില്‍ക്കുന്ന വാഴകളുണ്ട്.  ഊന്ന് മാറ്റിയാല്‍ അവ ഒടിയും. എന്നാല്‍, നല്ല വാഴയ്ക്ക് ഒരു ഊന്നും വേണ്ട. ആരുടെയും സഹായമില്ലാതെ കിട്ടുന്ന സമ്മാനത്തിന്‍െറ പ്രതീകമാണ് ഈ കപ്പ്. സ്വര്‍ണം ഏത് കുപ്പയില്‍ കിടന്നാലും നശിക്കില്ല. അവാര്‍ഡ് കിട്ടിയ എത്രയോ പേരുണ്ട്. എന്നാല്‍, അവാര്‍ഡ് യഥാര്‍ഥത്തില്‍ കിട്ടിയ കുട്ടികളെല്ലാം ഇന്നും ആ കലാരംഗത്ത് തന്നെയുണ്ട്. അല്ലാത്തവരെല്ലാം പോയി. ചുളുവില്‍ കിട്ടുന്നത് നിലനില്‍ക്കില്ല. വിയര്‍ത്തുണ്ടാക്കുന്ന അവാര്‍ഡേ നിലനില്‍ക്കൂ. അത് ഒരാള്‍ തന്നില്ളെന്ന് പറഞ്ഞ് സങ്കടപ്പെടേണ്ട. ഇന്നോ നാളെയോ നിങ്ങള്‍ക്കത് കിട്ടുകതന്നെ ചെയ്യും.  
രക്ഷിതാക്കളോട് പറയാനുള്ളത് ഇത്രമാത്രം. ഞാന്‍ മത്സരത്തിന് പോയപ്പോള്‍ എന്‍െറ അച്ഛനോ അമ്മയോ അറിഞ്ഞിട്ട് പോലുമില്ല. കൂട്ടുകാരായിരുന്നു എനിക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിച്ചുതന്നത്. അതുകൊണ്ടാണ് ഈ 75ാം വയസ്സിലും ഇങ്ങനെ നിലനില്‍ക്കുന്നത്. പണം കൊടുത്ത് കലയെ വാങ്ങരുത്. അതിന് വിലയുണ്ടാകില്ല. പെട്ടെന്ന് നേടിയെടുക്കുന്ന കൈയടി ശാശ്വതമല്ല. തന്‍െറ കുട്ടിക്ക് കഴിവുണ്ടോ എന്ന് മനസ്സിലാക്കിയ ശേഷമേ ഓരോ ഐറ്റത്തിന്‍െറയും പിന്നാലെ പോകാവൂ.  
ശാസ്ത്രമേളയില്‍ വിജയിക്കുന്ന പ്രതിഭകള്‍ക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പേരില്‍ ഒരു കപ്പുകൂടി ചെയ്യണമെന്ന ആഗ്രഹവും ശ്രീകണ്ഠന്‍നായര്‍ പങ്കുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.