തൊട്ടുകൂടായ്മ മാറാതെ ഗോത്രകലകള്‍

തിരുവനന്തപുരം: കലോത്സവത്തിന് അരങ്ങുണര്‍ന്നപ്പോഴും കാത്തിരിപ്പിലാണ് സംസ്ഥാനത്തെ ഗോത്രവിഭാഗത്തിലെ വിദ്യാര്‍ഥികള്‍. ആദിവാസി കലാരൂപങ്ങള്‍ ഈ വര്‍ഷം മുതല്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇത്തവണ ചുരുക്കം ചില കലാരൂപങ്ങള്‍ പ്രദര്‍ശന ഇനമായി അവതരിപ്പിക്കുന്നുണ്ട്. അട്ടപ്പാടിയിലെ ഇരുളരുടെ കുമ്മിയാട്ടം, കാസര്‍കോട്ടെ മാവിലരുടെ മംഗലംകളി, പണിയരുടെ പണിയനൃത്തം പോലുള്ള തനത് ആദിവാസി കലാരൂപങ്ങള്‍ മത്സരയിനമായി ഉള്‍പ്പെടുത്താനായിരുന്നു ആലോചന. നിലവില്‍ ആദിവാസി കുട്ടികള്‍ക്ക് പ്രത്യേകം കലോത്സവം നടത്തുന്നുണ്ട്.

എന്നാല്‍, ഏഷ്യയിലെ ഏറ്റവും വലിയ മേളയെന്നറിയപ്പെടുന്ന സംസ്ഥാന കലോത്സവത്തില്‍ ഗോത്രകലാരൂപങ്ങളെ ഒഴിവാക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന കലോത്സവത്തില്‍ ആദിവാസി കുട്ടികള്‍ക്ക് കാഴ്ചക്കാരുടെ പ്രാധാന്യംപോലും ലഭിക്കുന്നില്ളെന്ന പരാതിയെതുടര്‍ന്ന് മന്ത്രി യുവജനോത്സവ മാന്വല്‍ പരിഷ്കരിച്ച് ആദിവാസി കലാരൂപങ്ങളും ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നീക്കവും മന്ത്രിയുടെയോ വിദ്യാഭ്യാസ വകുപ്പിന്‍െറയോ ഭാഗത്തുനിന്നുണ്ടായില്ല.

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പദ്യംചൊല്ലല്‍ തുടങ്ങിയ മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴാണ് ആദിവാസി കലാരൂപങ്ങള്‍ക്ക് ഈ അവഗണന. അടുത്തവര്‍ഷം മുതല്‍ ആദിവാസി കലാരൂപങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന്‍െറ മുന്നോടിയായാണ് ഈ വര്‍ഷം മുതല്‍ പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.