അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ അപ്പീലുകള്‍ക്ക് തടയിടാന്‍ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി തൊട്ട്  പൊതുമരാമത്ത്  ഓംബുഡ്സ്മാന്‍ വരെ സംസ്ഥാന കലോല്‍സവത്തിലേക്കുള്ള അപ്പീലുകള്‍ അനുവദിച്ചിരുന്ന കാലത്തിന് അധികൃതര്‍ തടയിടുന്നു. ഓംബുഡ്സ്മാനും, ലോകായുക്തയും, ഉപലോകായുക്തയും, ബാലാവാകാശ കമീഷനും ,മനുഷ്യാവകാശ കമീഷനുമൊന്നും സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന ശക്തമായ നിലപാടിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിലെ ആദ്യ ഇടപെടലാണ് സംസ്ഥാന കലോല്‍സവത്തില്‍ രണ്ടു മല്‍സരാര്‍ഥികളെ പങ്കെടുപ്പിക്കാന്‍  നിര്‍ദേശിച്ചുകൊണ്ട് ലോകായുക്ത നല്‍കിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തത്. ലോകായുക്ത ഉത്തരവിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജയ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.  ഇത്തരം അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ കലോല്‍സവ അപ്പീല്‍ അനുവദിക്കുന്നതിനെതിരെ  സര്‍ക്കാര്‍ നല്‍കിയ മറ്റൊരു ഹരജി ഹൈകോടതിയുടെ പരിഗണനയിലുമാണ്. ഇനി ജില്ലാ കലോല്‍സവങ്ങളുടെ മല്‍സര ഫലത്തെ ചോദ്യം ചെയ്ത ആര് കോടതിയില്‍ പോയാലും അതിനെതിരെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാവണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ പൊതു നിലപാട്.
മലപ്പുറം ജില്ലയിലെ ഒരു സ്കൂളിലെ രണ്ടു കുട്ടികളാണ് കേരള നടനത്തില്‍ പങ്കെടുക്കാന്‍ ലോകായുകതയില്‍നിന്ന് അപ്പീല്‍ വാങ്ങിയത്. എന്നാല്‍ , കലോല്‍സവ നടത്തിപ്പില്‍ ഇടപെടാന്‍ ലോകായുക്തക്ക് അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ ജലീല്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ലോകായുക്ത വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ കലോല്‍സവത്തിലെ ആയിരത്തോടടുത്ത അപ്പീലുകളില്‍ എതാണ്ട് മൂന്നോറോളം എണ്ണം ഇത്തരം സ്ഥാപനങ്ങള്‍ വഴിയാണ് വന്നത്. ഇതുമൂലം കലോല്‍സവം സമയ ക്രമംതെറ്റി അലങ്കോലമായിരുന്നു. കഴിഞ്ഞ തവണത്തെ കലോല്‍സവത്തില്‍ നൂറിലധികം അപ്പീലുകള്‍ ഒറ്റയടിക്ക് അനുവദിച്ച് സംസ്ഥാന ബാലാവകാശ കമീഷന്‍ റെക്കോര്‍ഡിട്ടിരുന്നു. ബാലാവകാശ നിയമത്തിന്‍െറ 14(1) വകുപ്പ് അനുസരിച്ച് സിവില്‍ കോടതിയുടെ അധികാരം തങ്ങള്‍ക്ക് ഉണ്ടെന്നും അതിനാല്‍ അപ്പീലുകള്‍ അനുവദിക്കാമെന്നുമാണ് കമീഷന്‍െറ പക്ഷം. പക്ഷെ, ഇത്  കലോല്‍സവ നടത്തിപ്പിന് ബാധകമല്ളെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ ബോധിപ്പിച്ചത്.
സാധാരണയായി ജില്ലാ കോടതിയോ ഹൈകോടതിയോ അനുവദിക്കുന്ന കലോല്‍സവ അപ്പീലുകളില്‍ പോലും വിദ്യാഭ്യാസ കവുപ്പിന്‍െറ വാദം അവതരിപ്പിക്കാന്‍  ആരും ഉണ്ടാവാറില്ല. ഇതൊരു സൗകര്യമായി കണക്കാക്കി എത് ഇനത്തിലും അപ്പീല്‍ വാങ്ങിത്തരുവാന്‍ കഴിവുള്ള കലോല്‍സവ വിദഗ്ധരായ അഭിഭാഷകര്‍ ഇടക്കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. മല്‍സരങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുപോലും പ്രത്യേക ദൂതന്‍ വഴി ലോകായുക്തക്ക് ഉത്തരവുമായി പാഞ്ഞത്തെുന്ന വിദ്യാര്‍ഥികള്‍ മുന്‍ കലോല്‍സവങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.
 സാധാരണ ഡി.ഡി.ഇമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല അപ്പീല്‍ കമ്മറ്റികളും, കോടതികളുമാണ് അപ്പീല്‍ അനുവദിക്കുന്നതെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്രമേണ ഇത് ലോകായുക്തയിലേക്കും ഒബുംഡ്മാനിലേക്കും മാറി. 2013ല്‍ പൊതുമരാമത്ത് ഓംബുഡ്സ്മാന്‍പോലും കലോല്‍സവ അപ്പീല്‍ അനുവദിച്ചത് കലാ പ്രേമികളെ ഞെട്ടിച്ചിരുന്നു. 2010ല്‍ നടന്ന കോഴിക്കോട് കലോല്‍സവത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍നിന്നുള്ള അപ്പീലുമായാണ് ഒരു കുട്ടി എത്തിയത്. ഇത് ഏറെ വിമര്‍ശന വിധേയമായതിനാല്‍ പിന്നീട് ഉപഭോക്തൃ കോടതിയുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍, മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ബാലാവാകശ കമീഷന്‍ അടക്കമുള്ളവര്‍ അപ്പീലുകള്‍ അനുവദിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്. വെള്ളക്കടലാസില്‍ എഴുതി നല്‍കുന്നവര്‍ക്ക് പോലും അപ്പീല്‍ അനുവദിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. കോടതിയില്‍ പോവാനുള്ള ചെലവും മറ്റും ആവശ്യമില്ലാത്തുകൊണ്ട് മിക്കവരും ഈ വഴിയാണ് തേടുന്നത്. ഇക്കാര്യത്തില്‍ ഹൈകോടതി തന്നെ വ്യക്ത വരുത്തിയാല്‍ കലോല്‍സവം സമയബന്ധിതമായി തീര്‍ക്കുന്നതിനും അപ്പീലുകള്‍ കുറക്കുന്നതിനുമുള്ള നിര്‍ണായ വഴിത്തിരിവാകും അത്.
മാത്രമല്ല, കോടതി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധനായ ഒരു അമിക്കസ്ക്യൂറിയുടെ സഹായം തേടി വേണം ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന പൊതുചട്ടവും പാലിക്കപ്പെടുന്നില്ല. ഇക്കാര്യവും സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ഇത്തവണ ഡി.ഡി.ഇമാര്‍ അനുവദിക്കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉദ്യോഗസ്ഥനെ വെച്ചതും അപ്പീലുകള്‍ കുറക്കുന്നതിന് ഏറെ സഹായകമായി. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ അതിനുള്ള വ്യക്തമായ കാരണം ഇപ്പോള്‍ ഉത്തരവില്‍ വിശദമാക്കുന്നുണ്ട്. മുമ്പ് ഈ രീതിയില്ലാത്തതിനാല്‍ എന്തുകാരണം കൊണ്ടാണ് തങ്ങളുടെ അപ്പീല്‍ തള്ളിപ്പോയതെന്ന് ഒരു വിദ്യാര്‍ഥിക്ക് മനസ്സിലാവുമായിരുന്നില്ല. മാത്രമല്ല , കേസ് കോടതിയിലേക്ക് എത്തുമ്പോള്‍ ആ പറഞ്ഞ കാരണത്തിന് ന്യായമുണ്ടോയെന്ന് കോടതിക്ക് ഒന്നുകൂടി പരിശോധിക്കാനും കഴിയും. തിരുവന്തപുരം കലോല്‍സവത്തില്‍ അപ്പീലുകള്‍ കുറയുന്നതിന് ഇതും കാരണമായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.