തിരുവനന്തപുരം: ജീവിതത്തില്‍ ജയിച്ചിട്ടും തോറ്റുപോയവരെന്ന് മുദ്രകുത്തപ്പെട്ടവരുടെ ജീവിതം വരികളില്‍ പകര്‍ത്തി നാദിയ ജമാലും വീണ്ടെടുക്കേണ്ട സ്നേഹത്തിന് തുറന്ന കത്തെഴുതി എം. അര്‍ച്ചനയും മലയാളം കവിതാരചനയില്‍ പെണ്‍വിജയം തീര്‍ത്തു. ‘തോറ്റവരുടെ കൂടാരം’ വിഷയത്തില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി മത്സരത്തില്‍ ‘മൃതസഞ്ജീവനി തേടി’ എന്ന കവിതയുമായാണ് കോഴിക്കോട് ചേന്ദമംഗലൂര്‍ എച്ച്.എസ്.എസിലെ നാദിയ ജമാല്‍ ഒന്നാമതത്തെിയത്. ‘സ്നേഹത്തിന് ഒരു തുറന്ന കത്ത്’ എന്നതായിരുന്നു എച്ച്.എസ് വിഭാഗത്തിന് നല്‍കിയ വിഷയം. ‘എന്ന്... സസ്നേഹം ’എന്ന കവിതയുമായാണ് കണ്ണൂര്‍ കരിവെള്ളൂര്‍ എ.വി.എച്ച്.എസ്.എസിലെ എം. അര്‍ച്ചന വിജയിയായത്.
അറബി കവിതാരചനയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഒന്നാമതായിരുന്ന നാദിയ പാലക്കാട് നടന്ന സംസ്ഥാന കലോത്സവത്തില്‍ എച്ച്.എസ് മലയാളം കവിതയില്‍ രണ്ടാമതത്തെിയിരുന്നു. മുന്‍ പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയുടെയും മങ്കട ജി.യു.പി.എസിലെ അധ്യാപികയായ കെ.പി. ജസീനയുടെയും മകളാണ്. സഹോദരി ദാനിയ രണ്ടു തവണ അറബി ഉപന്യാസത്തില്‍ സംസ്ഥാനതല വിജയിയായിരുന്നു. പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിയായ നാദിയയുടെ 15 കവിതകളുള്‍പ്പെടുത്തി ആദ്യ സമാഹാരവും പണിപ്പുരയിലാണ്. സച്ചിദാനന്ദനാണ് ഇഷ്ടകവി.
സ്നേഹത്തെ വ്യക്തിയായി സങ്കല്‍പിച്ച് സ്നേഹമില്ലായ്മയുടെ ചരടില്‍കോര്‍ത്ത സമീപകാല സംഭവങ്ങളെ ചേര്‍ത്തുവെച്ചാണ് ഒമ്പതാംക്ളാസുകാരിയായ അര്‍ച്ചന കവിതയെഴുതിയത്. ആദ്യമായി മത്സരത്തിനത്തെുന്ന ഈ മിടുക്കി കരിവെള്ളൂര്‍ ശിവദത്തില്‍ വിക്രമനുണ്ണിയുടെയും രൂപ മണിയേരിയുടെയും മകളാണ്. ചങ്ങമ്പുഴയാണ് ഇഷ്ടകവി. •
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.