വെടിയൊച്ചയും തമ്പാറടിയും നിലച്ചു

നഗരത്തില്‍ നോമ്പുകാലത്ത് സമയമറിയിക്കാനുള്ള സംവിധാനങ്ങളായ തമ്പാറ് മുട്ടലും കതീന പൊട്ടിക്കലും ഓര്‍മയില്‍ ഒതുങ്ങി. കിണാശ്ശേരി പള്ളിയറക്കല്‍ ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ വെടിക്കുറ്റി ഉപയോഗിച്ചുള്ള നോമ്പുവെടി  മുഴങ്ങാതായിട്ട് നാലു കൊല്ലം കഴിയുന്നു. ക്ഷേത്രക്കമ്മിറ്റിയുടെ വെടിക്കുറ്റി നോമ്പുകാല  ഉപയോഗത്തിന് നല്‍കാറായിരുന്നു പതിവ്.

നോമ്പ് തുറക്കുന്ന സമയത്തും പുലര്‍ച്ചെ അത്താഴം കഴിക്കാനുള്ള സമയത്തും കിണാശ്ശേരിയില്‍നിന്ന് വെടിമുഴങ്ങും. കിണാശ്ശേരി ഗവ.ഹൈസ്കൂള്‍ മൈതാനത്തിന് സമീപത്തുവെച്ച് സ്ഥിരമായി വെടിപൊട്ടിച്ചിരുന്നത് മാനന്തറാവില്‍ അബൂബക്കറായിരുന്നു. പിതാവില്‍നിന്ന് കൈമാറിക്കിട്ടിയതാണ് അബൂബക്കറിന് ഈ ദൗത്യം.
മാസം കണ്ടാലും നോമ്പുതുറ സമയമായാലും അറിയിക്കാനുള്ള തമ്പാര്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയിലാണ്.

റമദാന്‍, പെരുന്നാള്‍ മാസപ്പിറവി കണ്ടാല്‍ പള്ളിയില്‍നിന്ന് തമ്പാറടിമുഴങ്ങും. കുതിര വണ്ടിയും സൈക്കിളും ഓടിയിരുന്ന കാലത്ത് തമ്പാറടി ശബ്ദം നഗരം മുഴുവന്‍ കേള്‍ക്കുമായിരുന്നു. വാഹനങ്ങള്‍ പെരുകുകയും സമയമറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ വരുകയും ചെയ്തതോടെ തമ്പാറും വെടിയും നിലച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.