തങ്കത്തിളക്കമാണ് ഓരോ കലാമേളക്കും. ആടിയും പാടിയും താളമിട്ടും ഭാവാഭിനയങ്ങള്‍കൊണ്ട് അരങ്ങുതകര്‍ത്തും കുട്ടിക്കൂട്ടങ്ങള്‍ കുതിച്ചുയരുമ്പോള്‍ ആ തിളക്കത്തിന്‍െറ മാറ്റും പവനും പിന്നെയുമുയരും. വീറും വാശിയും നിറഞ്ഞ, പകിട്ടേറിയ മത്സരക്കൊഴുപ്പില്‍ മികച്ചുനില്‍ക്കുന്നവര്‍ക്കു മുന്നില്‍ ആ കപ്പ് ചിരിതൂവിനില്‍ക്കും. അതെ, ആ സുവര്‍ണക്കപ്പ് തന്നെ. 117.5 പവന്‍െറ പ്രൗഢിയില്‍ മത്സരത്തിന്‍െറ കാഠിന്യംകൂട്ടുന്ന ആ ‘ഇമ്മിണി ബല്യ കപ്പ്’ കലാലാവണ്യത്തിന്‍െറ നെറുകയിലത്തെുന്ന വിജയികളുടെ കൈയില്‍ മിന്നിത്തെളിഞ്ഞുനില്‍ക്കും. പ്രതിഭ തെളിയിക്കുന്ന യുവകരങ്ങളില്‍ ആ സ്വര്‍ണസമ്മാനം എല്ലാ വര്‍ഷവും വന്നണയുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഓരോ വര്‍ഷത്തെയും കലോത്സവത്തിന്‍െറ സമാപനത്തില്‍ വിജയിച്ചവര്‍ മുത്തമിടുന്ന ആ കപ്പ് പിറവിയെടുക്കുന്നത് 22 വര്‍ഷങ്ങള്‍ക്കുമുമ്പാണ്.
1985ല്‍ എറണാകുളത്തെ സംസ്ഥാന സ്കൂള്‍ കലോത്സവ വേദി. ടി.എം. ജേക്കബാണ് അന്ന് വിദ്യാഭ്യാസമന്ത്രി. അദ്ദേഹം കലോത്സവവേദികളില്‍ സജീവമാണ്. ചിറ്റൂര്‍ റോഡിലെ പ്രധാനവേദിയില്‍ കലാപ്രകടനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പക്ഷേ, കാഴ്ചക്കാരും സദസ്സും നന്നേ ശുഷ്കം. അധ്യാപകരും രക്ഷിതാക്കളും സംഘാടകരും കുറച്ച് വിദ്യാര്‍ഥികളുമല്ലാതെ മറ്റാരുമില്ല. എന്നാല്‍, വേദിക്കു പുറത്തെ റോഡിലൂടെ ജനങ്ങള്‍ അകലെ മഹാരാജാസ് കോളജിന്‍െറ മൈതാനത്തിലേക്ക് ഇരമ്പുകയാണ്. അവിടെ നെഹ്റു സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ആരവങ്ങളാണ്. ഒരു ഭാഗത്ത് ഒട്ടും കാഴ്ചക്കാരും പ്രോത്സാഹനങ്ങളുമില്ലാതെ കലാമേളയും മറുവശത്ത് കാണികള്‍ക്കിടമില്ലാതെ കായികമേളയും.
കലോത്സവവേദിയിലെ ശൂന്യമായ ഇരിപ്പിടങ്ങള്‍ കണ്ട് വിഷമിച്ചുനില്‍ക്കുന്ന ടി.എം. ജേക്കബിനു മുന്നില്‍ തുല്യദു$ഖവുമായി മറ്റൊരാള്‍ കൂടിയത്തെി, സാക്ഷാല്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍. രചനാമത്സരങ്ങളുടെ വിധികര്‍ത്താവായി എത്തിയതായിരുന്നു കവി. ഇരുവരും കാണികളില്ലാതെ പ്രകടനം നടത്തേണ്ടിവരുന്ന കുട്ടികളുടെ സങ്കടം ചര്‍ച്ചചെയ്തു. അപ്പോഴാണ് മന്ത്രിയോട് വൈലോപ്പിള്ളിയുടെ ചോദ്യം, ‘‘വിജയിക്കുന്ന കുട്ടികള്‍ക്ക് ഒരു തരി പൊന്നായാലോ സമ്മാനം’’ എന്ന്. സ്വര്‍ണം സമ്മാനിക്കുന്നത് ആവേശംകൂട്ടുമെന്ന് കവിക്ക് തോന്നിയിരിക്കണം. അദ്ദേഹത്തിന്‍െറ അഭ്യര്‍ഥന മന്ത്രി ഗൗരവമായിത്തന്നെ എടുത്തു. കലോത്സവത്തിന്‍െറ സമാപനവേദിയില്‍ അദ്ദേഹത്തിന്‍െറ പ്രഖ്യാപനവുമുണ്ടായി, ‘‘അടുത്തവര്‍ഷത്തെ വിജയികള്‍ക്ക് സമ്മാനം സ്വര്‍ണക്കപ്പ്.’’
പിറ്റേവര്‍ഷം തൃശൂരിലായിരുന്നു കലാപൂരം. ജ്വല്ലറികളുടെ നാടായ തൃശൂരിലെ ജ്വല്ലറി ഉടമകള്‍ ഒന്നു മനസ്സുവെച്ചാല്‍ സ്വര്‍ണക്കപ്പെന്ന മോഹം പൂവണിയുമെന്ന് ജേക്കബ് കണക്കുകൂട്ടി. അതിന്‍െറ ഭാഗമായി അവരോട് സഹായമഭ്യര്‍ഥിക്കാന്‍ മന്ത്രി തന്നെ മുന്‍കൈയെടുത്ത് തൃശൂരില്‍ ഒരു വിരുന്നും സംഘടിപ്പിച്ചു. എന്നാല്‍, നിരാശയായിരുന്നു ഫലം. മന്ത്രിയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ കച്ചവടക്കാരില്‍ ഭൂരിഭാഗംപേരും ഒഴിഞ്ഞുനിന്നു. എത്തിയത് ആകെ ഏഴോ എട്ടോ പേര്‍ മാത്രം. അങ്ങനെ അത്തവണ സ്വര്‍ണക്കപ്പ് വാഗ്ദാനം നടന്നില്ല. കലോത്സവവിജയികള്‍ക്ക് സ്വര്‍ണംപൂശിയ ട്രോഫി നല്‍കി വാഗ്ദാനം ബാക്കിയാക്കി. എന്നാല്‍, മന്ത്രി തളര്‍ന്നില്ല. സഹായിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. രാജനുമത്തെി. അടുത്ത വര്‍ഷം സ്വര്‍ണക്കപ്പ് തയാറാക്കാമെന്ന് ഉറപ്പും നല്‍കി.
പിന്നീട് വിദ്യാഭ്യാസ വകുപ്പിന്‍െറ നിതാന്ത പരിശ്രമമായി. അധ്യാപകരും സ്കൂള്‍ മാനേജര്‍മാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്നു. പണം ഏറക്കുറെ ശേഖരിച്ചതോടെ കപ്പിന്‍െറ മാതൃകയായി അടുത്ത പ്രശ്നം. സംസ്ഥാനത്തെ കലാകാരന്മാരില്‍നിന്ന് മാതൃകകള്‍ ക്ഷണിക്കാമെന്ന് തീരുമാനിച്ചു. 300ലധികം കലാകാരന്മാരാണ് കപ്പിനായി മാതൃകകള്‍ സമര്‍പ്പിച്ചത്. ഒടുവില്‍ നറുക്കുവീണത് ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ക്കായിരുന്നു. അദ്ദേഹത്തിന്‍െറ പുസ്തകവും കൈയും ശംഖുമുള്ള ചിത്രം എല്ലാവര്‍ക്കും തൃപ്തികരമായിരുന്നു. 117 പവന്‍ സ്വര്‍ണമാണ് കപ്പിനായി സ്വരൂപിച്ചത്. പിന്നെ ചിത്രമനുസരിച്ച് കപ്പിന്‍െറ പണി തുടങ്ങി. പക്ഷേ, പണി പൂര്‍ത്തിയായപ്പോഴാണ് കപ്പിലെ കൈക്ക് ഒരു വളയുടെ കുറവ് അനുഭവപ്പെട്ടത്. ആ കുറവും പരിഹരിച്ച് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 117.5 പവന്‍െറ കപ്പ് തയാര്‍. അങ്ങനെ 1987ല്‍ കോഴിക്കോട് നടന്ന 27ാമത് കലോത്സവത്തില്‍ മത്സരാര്‍ഥികളെ കൊതിപ്പിച്ച് സ്വര്‍ണക്കപ്പ് സ്ഥാനംപിടിച്ചു. ആ വര്‍ഷം തിരുവനന്തപുരം സ്വര്‍ണക്കപ്പില്‍ കന്നിമുത്തമിട്ട് ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.