‘നിള’യിലേക്കൊഴുകി... വര്‍ണസാഗരം

കണ്ണൂര്‍: കൗമാരകേരളത്തിന്‍െറ കലാതാരകങ്ങള്‍ ഒരുമിച്ചൊന്നായി ഒഴുകിയപ്പോള്‍ കണ്ണൂര്‍ വര്‍ണക്കടലായി. നഗരത്തെ വര്‍ണത്തിലാറാടിച്ച ഘോഷയാത്ര മൂന്നുമണിക്കൂറിലേറെ നഗരത്തെ വിസ്മയത്തുമ്പത്തേറ്റി. 57ാം കേരള സ്കൂള്‍ കലോത്സവത്തിന് തുടക്കംകുറിച്ചാണ് തിങ്കളാഴ്ച  വര്‍ണാഭമായ ഘോഷയാത്ര അരങ്ങേറിയത്.

പ്രധാനവേദിയായ ‘നിള’യില്‍ അതിഥികള്‍ കലാവസന്തത്തിന് തിരികൊളുത്തിപ്പിരിയുമ്പോഴും  പ്രാതിനിധ്യംകൊണ്ടും വിസ്മയക്കാഴ്ചകള്‍കൊണ്ടും  സമ്പന്നമായ ഘോഷയാത്രയുടെ അവസാനനിര നഗരിയില്‍ എത്തിയിരുന്നില്ല. 2.45ന് ആരംഭിച്ച ഘോഷയാത്രയുടെ അവസാന കാഴ്ച പ്രധാനവേദിയിലത്തെുമ്പോള്‍ ആറുമണി.
കണ്ണൂര്‍ ജില്ലയുടെ പിറവിക്ക് അറുപതാണ്ട് മുഴുമിക്കുന്നതിന്‍െറ സന്തോഷത്തോടൊപ്പം വിരുന്നുവന്ന കലോത്സവാഘോഷത്തില്‍ നാടും നാട്ടുകാരും മനസ്സറിഞ്ഞ് അലിയുകയായിരുന്നു. സെന്‍റ്മൈക്കിള്‍സ് ഗ്രൗണ്ടില്‍ കണ്ണൂര്‍ ഐ.ജി ദിനേന്ദ്രകശ്യപും  ഗായിക സയനോരയും ഫ്ളാഗ്ഓഫ്ചെയ്ത ഘോഷയാത്ര കാണാന്‍ നഗരവീഥിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.

അനൗണ്‍സ്മെന്‍റ് വാഹനത്തിന് പിറകിലായി  കേരളത്തിന്‍െറ ഹരിതശോഭയെ പ്രതീകവത്കരിച്ച് ‘കലാവൃക്ഷം’ ഘോഷയാത്രയെ നയിച്ചു. ചെണ്ടമേളക്കാര്‍ക്ക് പിറകില്‍  മന്ത്രിമാരും ജനപ്രതിനിധികളും സംഘാടകസമിതി ഭാരവാഹികളും നിരന്നു. 57ാം കലോത്സവത്തെ പ്രതീകവത്കരിച്ച് 57 കൊടിക്കൂറകളോടൊപ്പം പച്ചയുടുപ്പണിഞ്ഞ 57 മങ്കമാര്‍ മുത്തുക്കുടയുമായി നടന്നു.

കണ്ണൂരിന്‍െറ തനത്കലയായ പൂരക്കളിക്ക് പുറമെ  കൈത്തറിയുടെ പ്രതീകമായ നെയ്ത്തുദൃശ്യവും പ്ളോട്ടുകളില്‍ ആകര്‍ഷകമായി. വാളും പരിചയുമേന്തി വെള്ളക്കുതിരയിലേറിയ അകമ്പടി സേവകര്‍ക്ക് പിന്നിലാണ് പ്രധാനകലാരൂപങ്ങള്‍ നടന്നുനീങ്ങിയത്. കോല്‍ക്കളി, കളരിപ്പയറ്റ്, ഒപ്പന, തിരുവാതിരക്കളി, കേരളനടനം, ഭരതനാട്യം, മാര്‍ഗംകളി എന്നിവയോടൊപ്പം പുലിക്കളിയും  ആദിവാസിനൃത്തവും യാത്രയില്‍ പുനരവതരിച്ചു.

 57 തരം നൃത്തങ്ങളും  ദണ്ഡിയാത്ര മുതലുള്ള സമരപോരാട്ട ദൃശ്യങ്ങളും ആവേശപൂര്‍വം നിറഞ്ഞുനീങ്ങി. കുമാരനാശാന്‍െറ ചണ്ഡാലഭിക്ഷുകി ഉള്‍പ്പെടെയുള്ള സാഹിത്യകൃതികളും പ്ളോട്ടുകളില്‍ പുനര്‍ജനിച്ചു. വിവിധ സ്ഥാപനങ്ങള്‍ക്ക് പുറമെ കണ്ണൂരിലെ 20ഓളം വിദ്യാലയങ്ങളാണ് ഘോഷയാത്രയെ വര്‍ണമനോഹരമാക്കിയത്.

Tags:    
News Summary - kalolsavam rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.