കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ കല്ലായിപ്പുഴ മണ്ണ് നീക്കി ആഴംകൂട്ടാനുള്ള നടപടികളാവുന്നു. 12.98 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം 22ന് നടത്താനും തുടർന്ന് എത്ര ചളിയും മണ്ണു നീക്കണമെന്ന് കണ്ടെത്താനുള്ള സർവേ ഒന്നരമാസം കൊണ്ട് പൂർത്തിയാക്കാനും തീരുമാനമായി. സർവേക്ക് മുമ്പ് പുഴയിലെ മരത്തടികൾ കച്ചവടക്കാർതന്നെ മാറ്റാമെന്നും ഇത് സംബന്ധിച്ച് കോർപറേഷൻ ഓഫിസിൽ ചേർന്ന യോഗത്തിൽ ധാരണയായി.
ചൊവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ പ്രവൃത്തി ഉദ്ഘാടനം നടത്തും. സർവേയും ചളി നീക്കലുമടക്കം ഒരു കൊല്ലം കൊണ്ട് പൂർത്തിയാക്കും. മാങ്കാവ് കടുപ്പിനി മുതൽ കോതി അഴിമുഖം വരെ 4.2 കി.മീറ്റർ ചളിയെടുത്ത് നന്നാക്കാൻ വെസ്റ്റ്കോസ്റ്റ് ഡ്രഡ്ജിങ് കമ്പനിക്കാണ് കരാർ. ആറ് പ്രാവശ്യം ടെൻഡർ ചെയ്തശേഷമാണ് കമ്പനിയെ ചുമതലയേൽപിക്കാനായത്. പുഴയിൽ നിന്നെടുക്കുന്ന ചളി കടലിൽ കൊണ്ടിടും. പ്ലാസ്റ്റിക്കടക്കമുള്ള മറ്റ് മാലിന്യം കോർപറേഷൻ ആഭിമുഖ്യത്തിൽ സംസ്കരിക്കും. കടലിൽ ചളി നിക്ഷേപിക്കുന്നതിനെപ്പറ്റി നേരത്തേ സി.ഡബ്ല്യു,ആർ.ഡി.എം പഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പദ്ധതിക്ക് അനുമതിയായത് കോർപറേഷൻ 5.07 കോടി കൂടി നൽകിയശേഷമാണ്. കല്ലായിപ്പുഴ നവീകരണത്തിന് 5,07,70446 രൂപകൂടി പ്രവൃത്തിയുടെ ചുമലയുള്ള ഇറിഗേഷൻ വകുപ്പിന് കൈമാറാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. കോർപറേഷൻ നേരത്തേ കൈമാറിയ 7,90,00,000 രൂപക്ക് പുറമെയാണിത്.
കാത്തിരിപ്പും ഇടപെടലും പ്രതിഷേധവും
12 കോടി രൂപയുടെ ടെൻഡറിന് അനുമതി നൽകി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. അടിഞ്ഞുകൂടിയ എക്കല്‍, ചളി, മരത്തടികള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്തു പുഴയുടെ സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കാനാണ് പദ്ധതി. നഗരത്തിലൂടെ ഒഴുകി കോതിയില്വെച്ചാണ് കല്ലായി പ്പുഴ അറബിക്കടലുമായി ചേരുന്നത്.
പുഴയുടെ ആഴം കൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011 മുതല്‍ ഇതിനായി പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അഹമ്മദ് ദേവർ കോവിൽ എം.എൽ.എയും കോർപറേഷനും നടത്തിയ ഇടപെടലിനൊടുവിലാണ് സർക്കാർ നടപടി. കോർപറേഷൻ യു.ഡി.എഫ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലടക്കം പ്രതിഷേധവും നടത്തി.
മുമ്പ് വലിയ വെള്ളപ്പൊക്കം ഉണ്ടായ സമയത്തുപോലും കല്ലായിപ്പുഴ അഴിമുഖത്തു വെള്ളം കുത്തിയൊലിച്ചു കടലിനോടു ചേര്‍ന്നിരുന്നു. അതുകാരണം വെള്ളപ്പൊക്ക സമയത്തും മണിക്കൂറുകള്‍ കൊണ്ടു ജലനിരപ്പു താഴുമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ദിവസങ്ങള്‍ എടുത്താലും വെള്ളം ഒഴുകി തീരാത്ത അവസ്ഥയാണ്. മാലിന്യം അടിഞ്ഞുകൂടി ഒഴുക്കു തന്നെ തടസ്സപ്പെടുന്ന അവസ്ഥയിലാണ് കല്ലായിപ്പുഴ. ഇപ്പോള്‍ നടത്തുന്ന സംരക്ഷണ പ്രവൃത്തിയിലൂടെ പുഴയെ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.