ആരായിരിക്കും ആ താരം?

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഒരിക്കല്‍ക്കൂടി അരങ്ങുണരുമ്പോള്‍ പുതിയ താരപ്പിറവികള്‍ക്കായി കണ്ണും കാതും തുറന്നിരിക്കുകയാണ് കലാകേരളം. കലോത്സവത്തിന്‍െറ 57ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഈ ഉത്സവത്തിന്‍െറ മണ്ണില്‍നിന്നുയര്‍ന്നുവന്ന താരങ്ങളുടെയും പ്രതിഭകളുടെയും എണ്ണം വിസ്മയിപ്പിക്കുന്നതാണ്. എല്ലാ സ്കൂള്‍ കലോത്സവങ്ങളും സമാപിക്കുമ്പോള്‍ മലയാളത്തിന് ഒരു പ്രിയപ്പെട്ട കലാകാരനെയോ കലാകാരിയെയോ ലഭിക്കാറുണ്ട്. ഈ കലോത്സവവും അവസാനിക്കുമ്പോള്‍ മികവിന്‍െറ ചുവപ്പുപരവതാനിയിലൂടെ നടന്നുനീങ്ങുന്നതാരാകുമെന്ന് ആലോചിച്ച് കലാസ്വാദകര്‍ അദ്ഭുതപ്പെടുന്നുണ്ട്.
 മലയാളത്തിന്‍െറ പ്രിയഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് മുതല്‍ തുടങ്ങുന്ന വലിയ കലാകാരന്മാരെയൊക്കെ നമുക്ക് സമ്മാനിച്ചത് സംസ്ഥാന സ്കൂള്‍ കലോത്സവമാണ്.  ആരാധകരുടെ പ്രിയപ്പെട്ട ദാസേട്ടനു പുറമെ പി. ജയചന്ദ്രനും കെ.എസ്. ചിത്രയും സുജാതയും പുതിയ നിരയിലെ ഗായകരായ  സയനോര ഫിലിപ്പും സിതാര കൃഷ്ണകുമാറുമുള്‍പ്പെടെയുള്ളവര്‍ വലിയ കണ്ടത്തെലായത് സ്കൂള്‍ കലോത്സവങ്ങളിലാണ്.

1958ല്‍ തിരുവനന്തപുരം വേദിയായ രണ്ടാമത് കലോത്സവത്തിലാണ് രണ്ട് അദ്ഭുതങ്ങള്‍ മലയാളികള്‍ക്കു മുന്നിലത്തെിയത്. യേശുദാസും പി. ജയചന്ദ്രനും. വായ്പാട്ടില്‍ യേശുദാസും ലയവാദ്യത്തില്‍ ജയചന്ദ്രനും അക്കൊല്ലം വിജയപീഠമേറി.
 1959, 1961 വര്‍ഷങ്ങളിലെ കലാമേളകളില്‍ വായ്പാട്ട്, ലളിതഗാനം മത്സരങ്ങളിലും ജയചന്ദ്രന്‍ വിജയം തുടര്‍ന്നു. 1978ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തിലാണ് കെ.എസ്. ചിത്രയും സുജാതയും പാട്ടുപാടുന്നത്. പിന്നീട് ഇവര്‍ മലയാളികളുടെ മാനസഗീതങ്ങളായി മാറി. 1974ല്‍ ഗായകന്‍ ശ്രീനിവാസും 1976ല്‍ ജി. വേണുഗോപാലും പാട്ടുവഴിയില്‍ മുന്‍ഗാമികളെ പിന്തുടര്‍ന്നു.

നടനവേദിയില്‍നിന്നുയര്‍ന്ന വിസ്മയങ്ങളില്‍ കണ്ണൂരിനും മറക്കാനാകാത്ത ഒട്ടേറെ താരങ്ങളുണ്ട്. വിനീതും  മഞ്ജുവാര്യരും കലോത്സവവേദിയില്‍നിന്ന് ഉയര്‍ന്നുവന്ന വലിയ നര്‍ത്തകരുടെ മുന്‍നിരയിലാണ്. ആദ്യ കലാപ്രതിഭയായി വിനീത് മാറിയത് നടനവേദിയിലെ മികവുകൊണ്ടാണ്. സ്കൂള്‍ കാലം മുതലേ സൂപ്പര്‍താരപരിവേഷമുണ്ടായിരുന്ന മഞ്ജു മലയാള സിനിമയെയും കീഴടക്കിയാണ് തന്‍െറ കുതിപ്പ് തുടര്‍ന്നത്. 1992ല്‍ തിരൂരിലും 1995ല്‍ കണ്ണൂരിലും നടന്ന  കലോത്സവങ്ങളില്‍ മഞ്ജുവായിരുന്നു കലാതിലകം. കാവ്യാമാധവന്‍, നീനാപ്രസാദ്, അമ്പിളിദേവി, നവ്യാനായര്‍, വിന്ദുജ മേനോന്‍, താര കല്യാണ്‍, കാവാലം ശ്രീകുമാര്‍, എം. ജയചന്ദ്രന്‍, മിന്മിനി, ബാലഭാസ്കര്‍... അങ്ങനെ നീളുകയാണ് പ്രതിഭകളുടെ നിര.

 

Tags:    
News Summary - school kalolsavam star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.