കൊടുവള്ളി: പയ്യോളി - വടകര ദേശീയപാതയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ഇരിങ്ങലിനും മങ്ങൂൽ പാറക്കുമിടയിൽ ആറുവരിപ്പാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്ത് ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഉമ്മക്ക് പിന്നാലെ മകനും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാത്രിയിലാണ് മടവൂർ ചോലക്കരതാഴം വെങ്ങോളി നാസറിന്റെ ഭാര്യ തെൻസി (33) മരിച്ചത്. തൊട്ട് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മകൻ ബിഷ്റുൽഹാഫി (8) ചൊവ്വാഴ്ച പുലർച്ച മരണപ്പെടുകയായിരുന്നു.
അപകടത്തിൽ തെൻസിയുടെ ഭർത്താവ് നാസർ (40), മക്കളായ ആദിൽ റഹ്മാൻ (11), ഫാത്തിമത്തുൽ ബത്തൂൽ എന്നിവരും ബന്ധുവിന്റെ മക്കളായ സിയ (7), കോഴിക്കോട് വെള്ളി പറമ്പ് മെഹസിൽ താമസിക്കുന്ന ഫാത്വിമ മെഹ്റിൻ (10) എന്നിവർക്കും പരിക്കേറ്റിരുന്നു.
കണ്ണൂരിലുള്ള ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ആറുവരിപ്പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. വടകരയിൽനിന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.