അരിമ്പൂർ (തൃശൂർ): കുടുംബവഴക്കിനെ തുടർന്ന് മകനെ ശരീരമാസകലം ബ്ലേഡുകൊണ്ട് വരഞ്ഞ് പരിക്കേൽപിച്ച പിതാവ് സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം തൂങ്ങിമരിച്ചു. മനക്കൊടി വെങ്കിളിപ്പാടത്ത് നമ്പനത്ത് വീട്ടിൽ സജീവനെ (68)ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മനക്കൊടിയിൽ വാടക വീട്ടിലാണ് സജീവൻ താമസിക്കുന്നത്. കഴിഞ്ഞയാഴ്ച കുടുംബവഴക്കിനെ തുടർന്ന് സജീവൻ മകനായ സോനു (30) വിനെ ശരീരമാസകലം ബ്ലേഡുകൊണ്ട് വരിഞ്ഞ് പരിക്കേൽപിച്ചിരുന്നു.
സജീവന്‍റെ ഭാര്യ അമിതമായി ഗുളിക കഴിച്ച് ആശുപത്രിയിലായതുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് സജീവൻ മകനെ പരിക്കേൽപിച്ചത്. നെഞ്ചിലും പുറത്തുമായി ശരീരത്തിൽ മുപ്പതിലധികം മുറിവുകളോടെ സോനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് സജീവൻ തനിച്ചാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്. ഇതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ നേരത്തേ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് മരിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ച് കയറിന്റെ ചിത്രം വാട്സ്ആപ്പിൽ അയച്ചുകൊടുത്തത്. ഇദ്ദേഹം സജീവന്റെ വീട്ടിലേക്ക് അന്വേഷിച്ച് എത്തുമ്പോഴേക്കും മരിച്ചിരുന്നു. വീടിനു പിറകുവശത്താണ് സജീവനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.