കോഴിക്കോട്: ചലച്ചിത്ര-മാധ്യമ പ്രവർത്തകനായി അര നൂറ്റാണ്ടിലധികം കേരളത്തിൽ നിറഞ്ഞു നിന്ന ചെലവൂർ വേണു (80) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു അന്ത്യം. രണ്ടുമാസത്തിലേറെയായി അർബുദത്തിന് ചികിത്സയിലായിരുന്നു. 1970 ൽ അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ലോക ക്ലാസിക് സിനിമകൾ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ആറ് പതിറ്റാണ്ട് സിനിമാ നിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമായിരുന്നു. ചലച്ചിത്ര നിരൂപകനായി തുടങ്ങിയ വേണു എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‘ഉമ്മ’ എന്ന സിനിമക്ക് നിരൂപണമെഴുതി. ജോൺ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായി പ്രവർത്തിച്ചശേഷം പത്രപ്രവർത്തനത്തിലേക്ക് മടങ്ങി. മലയാളത്തിലെ ആദ്യ സ്പോർട്സ് മാസികയായ സ്റ്റേഡിയം, ആദ്യ മനഃശാസ്ത്ര മാസിക സൈക്കോ, വനിതാ പ്രസിദ്ധീകരണമായ രൂപകല, രാഷ്ട്രീയ വാർത്തകൾക്കായുള്ള സെർച്ച് ലൈറ്റ്, നഗരവിശേഷങ്ങൾ പരിചയപ്പെടുത്തിയ സിറ്റി മാഗസിൻ, സായാഹ്ന പത്രമായ വർത്തമാനം എന്നിവയുടെ പത്രാധിപരായിരുന്നു. ഇടതുവിദ്യാർഥി സംഘടനയായ കെ.എസ്.വൈ.എഫിന്റെ നേതൃനിരയിലും പ്രവർത്തിച്ചു. ജോൺ എബ്രഹാം, അരവിന്ദൻ, ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സിനിമകളിൽ പിന്തുണയുമായി ഒപ്പം നിന്നു.
മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികൾ തുടങ്ങിയവയാണ് പുസ്തകങ്ങൾ. ഗോപിനാഥിന്റെ ‘ഇത്രമാത്രം’ സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗം, ടെലിവിഷൻ അവാർഡ് ജൂറി അംഗം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജനൽ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. വേണുവിന്റെ ജീവിതം പ്രമേയമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും ‘ചെലവൂർ വേണു-ജീവിതകാലം’ ഡോക്യുമെന്ററി പുറത്തിറക്കി. പട്ടത്തുവിള, വി.കെ.എൻ, ഒ.വി. വിജയൻ, വൈക്കം മുഹമ്മദ് ബഷീർ, തിക്കോടിയൻ, എൻ.പി. മുഹമ്മദ്, അരവിന്ദൻ, മാധ്യമപ്രവർത്തകൻ ശശികുമാർ, സക്കറിയ, മാമുക്കോയ, എസ്.കെ. പൊറ്റെക്കാട്ട്, ടി.വി. ചന്ദ്രൻ, ടി.എൻ. ഗോപകുമാർ, പവിത്രൻ, കെ.ജി. ജോർജ്, ആർട്ടിസ്റ്റ് വിജയരാഘവൻ, കെ.പി. കുമാരൻ, പി.എ. ബക്കർ തുടങ്ങി നിരവധി പ്രമുഖരുമായി ആത്മബന്ധം പുലർത്തിയിരുന്നു. ഭാര്യ: സുകന്യ (റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരി). മൃതദേഹം പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.