ബംഗളൂരു: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായ ഡോ. മുംതാസ് അഹ്മദ് ഖാൻ നിര്യാതനായി. 86 വയസ്സായിരുന്നു. അലിഗഢ് മുസ്ലിം സർവകലാശാലയുടെ പ്രോ ചാൻസലറായിരുന്ന അദ്ദേഹം, പ്രസിദ്ധമായ അൽ അമീൻ എജുക്കേഷനൽ സൊസൈറ്റിയുടെ സ്ഥാപകനാണ്. ഉറുദു ദിനപത്രമായ 'സലർ' സ്ഥാപിച്ചതും ഡോ. മുംതാസ് അഹ്മദ് ഖാനായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
'ബാബാ യേ താലിം' എന്നാണ് ഡോ. മുംതാസ് അഹ്മദ് ഖാൻ അറിയെപ്പട്ടത്. 1966ലാണ് അൽ അമീൻ എജുക്കേഷനൽ സൊസൈറ്റി സ്ഥാപിച്ചത്. ഇന്ന് കർണാടകയിലും രാജ്യത്തെ മറ്റിടങ്ങളിലുമായി 200ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൊസൈറ്റിക്കു കീഴിൽ പ്രവർത്തിക്കുന്നു. പ്രീ യൂനിവേഴ്സിറ്റി മുതൽ ലോ കോളജും അൽ അമീൻ കോളജ് ഓഫ് എജുക്കേഷനുമടക്കം ബംഗളൂരുവിൽ നിരവധി സ്ഥാപനങ്ങൾ സൊസൈറ്റിയുടേതായുണ്ട്.
1935 സെപ്റ്റംബർ ആറിന് തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ഡോ. മുംതാസ് അഹ്മദ് ഖാന്‍റെ ജനനം. 1963ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.ബി.എസ് പാസായി. പിന്നാലെ സർജറിയിൽ എം.എസ് നേടി. ഇതിനുശേഷമാണ് ബംഗളൂരുവിലേക്ക് മാറുന്നത്.
തന്‍റെ 31ാം വയസ്സിലാണ് അൽ അമീൻ എജുക്കേഷനൽ സൊസൈറ്റി രൂപവത്കരിക്കുന്നത്. സംസ്ഥാനത്തെ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയായിരുന്നു സൊസൈറ്റിയുടെ പ്രാഥമിക ഉന്നം. 1964ലാണ് 'സലർ' പത്രം തുടങ്ങുന്നത്. കർണാടക രാജ്യോത്സവ് അവാർഡ് (1990), കെംപഗൗഡ അവാർഡ്, പബ്ലിക് റിലേഷൻ സൊസൈറ്റി ഓഫ് ഇന്ത്യ അവാർഡ് അടക്കം നിരവധി ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.