പത്തനംതിട്ട: മല്ലപ്പള്ളിയില്‍ മണിമലയാറ്റിലും കൈപ്പട്ടൂരില്‍ അച്ചന്‍കോവിലാറ്റിലുമായി രണ്ടുകുട്ടികളടക്കം നാലുപേര്‍ മുങ്ങിമരിച്ചു. തൃശൂർ കൊടകരയിൽ താമസിക്കുന്ന തമിഴ്നാട് തെങ്കാശി പനവടലിസത്രം ലക്ഷ്മണന്റെയും രാസാത്തിയുടെയും മകൻ കാർത്തിക് (16), കൊടുങ്ങല്ലൂരിൽ താമസിക്കുന്ന തിരുനല്‍വേലി സ്വദേശി വെള്ളയപ്പന്റെയും കസ്തൂരിയുടെയും മകൻ ശബരിനാഥ് (15) എന്നിവരാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്.
ഏനാത്ത് കടിക ഓലിക്കുളങ്ങര വിഷ്ണു ഭവനില്‍ കെ.എന്‍. വേണുവിന്റെ മകന്‍ വിശാഖ് (21), ഏഴംകുളം മാങ്കൂട്ടം ഈട്ടിമൂട് കുലശേരി ഉടയാനവിള വീട്ടില്‍ വേണുവിന്റെ മകന്‍ സുധീഷ് (25) എന്നിവരാണ് കൈപ്പട്ടൂരില്‍ അച്ചന്‍കോവിലാറ്റിലെ കോയിക്കല്‍ കടവിൽ മുങ്ങിമരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് 2.45നാണ് മണിമലയാറ്റിൽ കുട്ടികൾ അപകടത്തിൽപെട്ടത്. മല്ലപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന ബന്ധുവായ സുബ്രഹ്മണ്യന്റെ വീട്ടിൽ മഞ്ഞനീരാട്ട് ചടങ്ങിന് കുടുംബത്തിനൊപ്പം എത്തിയതാണിവർ. ചടങ്ങിനുശേഷം മണിമലയാറ്റിലെ വടക്കൻ കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങുമ്പോൾ കാർത്തിക്കും ശബരിയും ഒഴുക്കിൽപെട്ട് കയത്തിൽ പെടുകയായിരുന്നു.
എട്ടുപേരാണ് കുളിക്കാൻ പോയത് മൂന്നുപേർ ഒഴുക്കിൽപെട്ടെങ്കിലും ഒരാൾ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി, താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊടകര ഗവ. ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. സഹോദരി: ധനുശ്രീ. ശബരിയുടെ സഹോദരന്‍ സത്യ.
വൈകീട്ട് 4.15ഓടെയാണ് വിശാഖും സുധീഷും അച്ചന്‍കോവിലാറ്റില്‍ ഒഴുക്കിൽപെട്ടത്. കൈപ്പട്ടൂര്‍-പന്തളം റോഡരുകില്‍ പരുമല കുരിശടിക്ക് സമീപത്തെ കോയിക്കല്‍ കടവിലായിരുന്നു അപകടം. കൈപ്പട്ടൂര്‍ സ്വദേശിയായ അഖില്‍ എന്ന യുവാവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആദ്യം വിശാഖ് ഒഴുക്കിൽപെട്ടു. ഇതുകണ്ട് രക്ഷിക്കാന്‍ ചാടിയതാണ് സുധീഷ് എന്നാണ് സാക്ഷിമൊഴി. ഇവര്‍ മുങ്ങിത്താഴുന്നതുകണ്ട് അഖില്‍ ബഹളംവെച്ചത് കേട്ട് തൊട്ടടുത്ത കടവില്‍ കുളിച്ചുകൊണ്ടിരുന്ന സമീപവാസി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു. വിശാഖിന്റെ മാതാവ് സുശീല. സഹോദരന്‍: വിഷ്ണു. സുധയാണ് സുധീഷിന്റെ മാതാവ്. സഹോദരി സുനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.